Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2016 3:16 PM IST Updated On
date_range 29 Oct 2016 3:16 PM ISTഭക്ഷ്യസുരക്ഷാ പദ്ധതി മുന്‍ഗണനാ ലിസ്റ്റ്: മാളുടമ അകത്ത്, വീടില്ലാത്തവര്‍ പുറത്ത്
text_fieldsbookmark_border
കോഴിക്കോട്: സൗത് ബീച്ചിലെ നൈനാംവളപ്പിലെ എ.ആര്‍.ഡി 60 റേഷന്‍ ഷാപ്പിന് കീഴിലാണ് സുഹറാബിയുടെ കാര്‍ഡ്. 60 വയസ്സ്. വിധവ. ശാരീരിക വൈകല്യം ബാധിച്ച മകളെ നോക്കണം. ജോലിയില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് വീടുപോലും നിര്‍മിച്ചത്. പക്ഷേ, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള അരി ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് ഇവര്‍ പുറത്താണ്. ഇതേ റേഷന്‍ ഷാപ്പിന് കീഴിലെ ഭര്‍ത്താവ് ഉപേക്ഷിച്ച മൂന്ന് പെണ്‍കുട്ടികളുള്ള 60കാരി. മറ്റുള്ളവരുടെ സഹായത്തിലാണ് ഭക്ഷണം പോലും കഴിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ആസ്ത്മക്ക് ചികിത്സയിലായ മക്കളില്ലാത്ത വിധവയായ ആയിശബിക്ക് ചികിത്സക്കുപോലും മറ്റാരെങ്കിലും കനിയണം. പക്ഷേ, മുന്‍ഗണനാ ലിസ്റ്റില്‍ ഇടം നേടിയില്ല. അതേസമയം, അനര്‍ഹരായ നിരവധി പേര്‍ കടന്നുകൂടിയതായ പരാതി സിവില്‍ സപൈ്ളസ് ഓഫിസുകളില്‍ കുമിയുകയാണ്. ജില്ലയുടെ വിവിധ മേഖലകളില്‍നിന്ന് ‘മാധ്യമം’ ലേഖകര്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം അബദ്ധ പഞ്ചാംഗമാണ് നിലവിലെ മുന്‍ഗണനാ ലിസ്റ്റ്. പയ്യോളി നഗരസഭ തച്ചന്‍കുന്ന് കരിമ്പില്‍ കോളനിയില്‍ 80ലധികം പട്ടികജാതി കുടുംബങ്ങള്‍ മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് പുറത്താണ്. വടകര തിരുവള്ളൂരില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ താമസിക്കുന്ന 65 കഴിഞ്ഞ വിധവ, ബാലുശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കൂലിപ്പണിക്കാരി വെള്ളച്ചാലും കണ്ടി സരോജിനി എന്നിവരൊന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. ആയഞ്ചേരി ടൗണിലെ 70 പിന്നിട്ട കര്‍ഷകത്തൊഴിലാളിയായ കുഞ്ഞിരാമന് ഇനി എന്തുചെയ്യണം എന്നറിയില്ല. ഉള്ള്യേരി ആനവാതില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗമായ 72കാരന്‍. വയോധികയായ ഭാര്യക്ക് തൊഴിലുറപ്പ് ജോലിക്കുപോലും പോകാന്‍ കഴിയില്ല. രണ്ട് ആണ്‍ മക്കള്‍ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ആനവാതില്‍ ഭാഗത്തെ നാല് സെന്‍റ് ഷെഡില്‍ താമസിക്കുന്ന 45കാരനായ ചെങ്കല്‍ തൊഴിലാളി. വിദ്യാര്‍ഥികളായ നാല് മക്കളില്‍ ഒരാള്‍ ബധിരനാണ്. അഞ്ച് സെന്‍റ് ഭൂമിയിലാണ് ഇവരുടെ താമസം. ബാലുശ്ശേരി എട്ടാം വാര്‍ഡിലെ പാണംകണ്ടി രാമകൃഷ്ണന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിലാണ് വീടുപോലും ഉണ്ടാക്കിയത്. കോക്കല്ലൂരില്‍ നിത്യ രോഗിയായ അറുപതുകാരന്‍ എന്നിവരോടും ലിസ്റ്റ് കനിഞ്ഞില്ല. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത ബാലുശ്ശേരി കുളങ്ങരകണ്ടി രാധ എഴുപത് പിന്നിട്ട വിധവയായ മാതാവിനൊപ്പമാണ് താമസം. ഇടക്ക് കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം. ഇവര്‍ക്കും അരിക്ക് മറ്റ് വഴികള്‍ തേടേണ്ടിവരും. കാപ്പാട് ബീച്ചില്‍ ഭിന്നശേഷിക്കാരായ രണ്ട് മക്കളുള്ള വിധവ, മേപ്പയൂരിലെ നാലുസെന്‍റ് എരുവാട്ട് കോളനിയില്‍ പട്ടികജാതിക്കാരനായ വികലാംഗന്‍ തുടങ്ങിയവരെല്ലാം ലിസ്റ്റിന് പുറത്തായി. വളയത്ത് ബി.പി.എല്‍ അരി വാങ്ങി പോത്തിന് തീറ്റ നല്‍കുന്നവര്‍ വരെയുണ്ട് ലിസ്റ്റില്‍. ഉണ്ണികുളം പഞ്ചായത്തില്‍ ഒരു ഏക്കറിലധികം ഭൂമിയും കാറുമുള്ള ധനാഢ്യനായ അംഗവും തിക്കോടിയില്‍ കാറും ഒരേക്കറിലധികം ഭൂമിയും ഷോപ്പ് ഉടമയും ലിസ്റ്റില്‍ പെട്ടു. കാരശ്ശേരി പഞ്ചായത്തില്‍ മാളുകളുടെ അടക്കം ഉടമയായ കോടികള്‍ ആസ്തിയുള്ള വ്യവസായിയും ലിസ്റ്റിലാണ്. ഗള്‍ഫ് വ്യവസായി, ആര്‍കിടെക്റ്റ്, ഉന്നത വിദ്യാഭ്യാസമുള്ള ദമ്പതികള്‍ എന്നിവര്‍ അടങ്ങുന്ന കുടുംബവും മുന്‍ഗണനയിലാണ്. തിക്കോടി ഭാഗത്ത് എയ്ഡഡ് സ്കൂള്‍ അധ്യാപകരും ഒരു സര്‍ക്കാര്‍ അധ്യാപകനും ദരിദ്രരുടെ പട്ടികയിലാണ്. കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍ പഞ്ചായത്തിലെ ലിസ്റ്റിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വരെയുണ്ട്. ഉള്ള്യേരി പഞ്ചായത്തിലെ ഭാര്യക്ക് ജോലിയും രണ്ടുനില വീടും 1500 ചതുരശ്രഅടിയില്‍ അധികം വിസ്താരമുള്ള വീടുമുള്ളയാളും നന്ദിബസാറില്‍ മൂന്നു മക്കള്‍ ഗള്‍ഫില്‍ ബിസിനസുള്ള, സ്വന്തം പേരിലും ഭാര്യയുടെ പേരിലും രണ്ടേക്കറോളം ഭൂമിയും ഉള്ളയാളും പട്ടികയിലാണ്. നന്ദി ബസാറില്‍ 1500 ചതുരശ്രഅടിയില്‍ അധികം വിസ്താരമുള്ള വീടും ഒന്നരയേക്കറോളം പറമ്പും ഉള്ളയാള്‍ക്ക് മൂന്നു മക്കള്‍ ഗര്‍ഫിലാണെങ്കിലും ഇയാളുടെ കുടുംബത്തിനും മുന്‍ഗണനാ അരി ലഭിക്കും. ഇവിടെ രണ്ടുനില വീടും നാലുചക്രവാഹനവും രണ്ട് മക്കള്‍ ഗള്‍ഫിലുമായ ഒരേക്കറിലധികം സ്ഥലവുമുള്ള കരാറുകാരനുമുണ്ട് ലിസ്റ്റില്‍. ഓമശ്ശേരിയില്‍ രണ്ടേക്കറിലധികം ഭൂമിയും കച്ചവട സ്ഥാപനവുമുള്ളയാളും ചേമഞ്ചേരിയിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിയുള്ള ജീവനക്കാരനും പെരുമണ്ണയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും മുന്‍ഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story