Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2016 4:13 PM IST Updated On
date_range 1 Oct 2016 4:13 PM ISTവാഗ്ദാനപ്പെരുമഴയില്‍ തെളിയുമോ കനോലി കനാല്‍?
text_fieldsbookmark_border
കോഴിക്കോട്: പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കോഴിക്കോടന്‍ തീരം വിട്ടതിനു പിന്നാലെ വന്ന വാഗ്ദാനങ്ങളില്‍ കനോലി കനാലില്‍ തെളി നീരൊഴുകുമോ എന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. കനാല്‍ ജലപാതയായി വികസിപ്പിക്കുന്നതു സംബന്ധിച്ച് യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന് നല്‍കിയ ഉറപ്പാണ് ഇപ്പോഴത്തെ പ്രതീക്ഷക്ക് ആധാരം. കനാലിനോളം പഴക്കമുണ്ട് ഇതുസംബന്ധിച്ച വാഗ്ദാനങ്ങള്‍ക്കും. ഓരോ സര്‍ക്കാറും കലക്ടര്‍മാരും മാറിവരുമ്പോള്‍ ഓരോ വാഗ്ദാനങ്ങളും പദ്ധതികളും പ്രഖ്യാപിക്കും. ഇടക്കിടക്ക് നവീകരണ പദ്ധതികളും ഉണ്ടാവും. കനാല്‍ പഴയപടിയാവാന്‍ അധിക സമയം വേണ്ടിവരില്ല. കനാലിലേക്കുള്ള മാലിന്യ നിക്ഷേപമാണ് കാരണം. ഇപ്പോള്‍ കറുത്തൊഴുകുന്ന നിലയിലാണ് കനാല്‍. 18ഓളം മലിനജലക്കുഴലുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനു പുറമെയാണ് രാപ്പകല്‍ ഭേദമന്യേ വാഹനത്തിലും മറ്റും കൊണ്ടുവന്ന് ഇടുന്ന മാലിന്യം. ഇതിനകം 13 കോടിയോളം രൂപയാണ് കനാല്‍ നവീകരണത്തിന് ചെലവഴിച്ചത്. പക്ഷേ, ഇപ്പോഴും കാര്യമായ മാറ്റമില്ല. ഉദ്യോഗസ്ഥര്‍ക്ക് പണമുണ്ടാക്കാന്‍ കഴിയുന്ന പൊന്‍മുട്ടയിടുന്ന താറാവ് എന്നാണ് നഗരവാസികള്‍ കനാലിനെ വിശേഷിപ്പിക്കുന്നത്. മാലിന്യ നിക്ഷേപം തടയാന്‍ ശക്തമായ നടപടികളും മുന്നൊരുക്കങ്ങളും ഇല്ളെങ്കില്‍ ഇപ്പോഴത്തെ വികസന പദ്ധതിയും പാഴ്വേലയാവുമെന്ന് വിലയിരുത്തപ്പെടുന്നു. 2.40 കോടി ചെലവില്‍ 2014ല്‍ നവീകരണം നടത്തിയപ്പോള്‍ കനാലിലേക്ക് മാലിന്യ നിക്ഷേപം തടയാന്‍ ഇരുമ്പുവേലി സ്ഥാപിക്കല്‍, ഇരുകരകളിലും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, പാര്‍ക്കുകള്‍, ലൈറ്റുകള്‍ സ്ഥാപിക്കല്‍, റെസിഡന്‍റ്സ് അസോസിയേഷനുകളെ ചേര്‍ത്ത് സംരക്ഷണ സമിതികള്‍ എന്നിവ ആസൂത്രണം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പാക്കാനായില്ല. അവസാന നവീകരണത്തിനിടെ സംരക്ഷണ ഭിത്തികള്‍ക്ക് സംഭവിച്ച കേടുപാടാണ് പ്രവൃത്തികള്‍ പാതിവഴിയിലാവാന്‍ പ്രധാന കാരണം. ഇതോടെ എരഞ്ഞിക്കല്‍ മുതല്‍ കല്ലായിപ്പുഴ അഴിമുഖം വരെ നടത്താനിരുന്ന ചളിവാരല്‍ പുതിയറയില്‍ നിര്‍ത്തേണ്ടിവന്നു. കല്ലായിപ്പുഴ അഴിമുഖത്ത് ചളിയും മാലിന്യവും കെട്ടിക്കിടന്ന് ജലനീക്കം നിലച്ചതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story