Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 4:42 PM IST Updated On
date_range 28 May 2016 4:42 PM ISTമലാപ്പറമ്പ് സ്കൂള്‍പ്രശ്നം തീര്‍ക്കാനാവാതെ സര്‍ക്കാര്‍
text_fieldsbookmark_border
കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന കാര്യത്തില്‍ ഹൈകോടതി നിലപാട് കടുപ്പിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ സര്‍ക്കാര്‍. ഒറ്റ പൊതുവിദ്യാലയവും അടച്ചുപൂട്ടില്ളെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയെങ്കിലും കോടതിയില്‍ എങ്ങനെ നേരിടണമെന്നതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. സ്കൂള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനകളുടെ പിന്തുണയോടെ സ്കൂള്‍ സംരക്ഷണസമിതി സമരം ശക്തമാക്കുമ്പോഴാണ് ഈയൊരവസ്ഥ. സ്കൂള്‍ കവാടത്തിനുമുന്നില്‍ സംരക്ഷണസമിതി നടത്തുന്ന സമരം 51 ദിവസം പിന്നിട്ടിരിക്കയാണ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ളെന്നാണ് സമരക്കാരുടെ നിലപാട്. എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുമ്പോള്‍ ഭൂമിയും കെട്ടിടവും മാനേജര്‍മാര്‍ക്ക് തിരിച്ചുനല്‍കണമെന്ന വിദ്യാഭ്യാസചട്ടത്തിന്‍െറ അടിസ്ഥാനത്തിലാണ് ഹൈകോടതിയുടെ ഉത്തരവ്. ഓര്‍ഡിനന്‍സിലൂടെ ചട്ടം സര്‍ക്കാറിന് ഭേദഗതിചെയ്യാനാവും. എന്നാല്‍, മുഴുവന്‍ മാനേജ്മെന്‍റുകള്‍ക്കും ബാധകമാകുന്ന ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തുനിയില്ല. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് അടച്ചുപൂട്ടല്‍ ഒഴിവാക്കാനുള്ള മറ്റൊരു പോംവഴി. ഭൂമിയും കെട്ടിടവും പാട്ടത്തിനെടുക്കുകയോ മാര്‍ക്കറ്റ് വിലയില്‍ സ്വന്തമാക്കുകയോ ആണ് അതിന് ചെയ്യേണ്ടത്. സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ നടപടി നേരിടുന്ന 1500ഓളം സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാറിന്‍െറ സാമ്പത്തികസ്ഥിതിയും അനുവദിക്കില്ല. ഹൈകോടതി വിധിക്കെതിരെ റിവ്യൂ ഹരജിയും സുപ്രീംകോടതിയില്‍ അപ്പീലിന് പോകുകയുമാണ് മറ്റൊരു വഴി. ഇക്കാര്യങ്ങള്‍ വിശദമായി ആലോചിക്കുന്നതിനാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമയം ആവശ്യപ്പെട്ടത്. കുട്ടികളില്ലാത്തതിന്‍െറ പേരിലാണ് സ്കൂള്‍ അടച്ചുപൂട്ടാന്‍ സാഹചര്യമൊരുങ്ങിയത്. അനാദായകര പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ക്ളാസില്‍ 15 പേര്‍ എങ്കിലും വേണം. ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളിലായി മലാപ്പറമ്പ് സ്കൂളിലുള്ളത് 58 പേരാണ്. ഇതില്‍ ഏഴാം ക്ളാസില്‍നിന്ന് ഏഴുപേര്‍ മാര്‍ച്ചോടെ ടി.സി വാങ്ങിപ്പോകുകയും ചെയ്തു. എട്ട് അധ്യാപകരും ഒരു പ്യൂണുമാണ് സര്‍ക്കാര്‍വേതനം പറ്റുന്നത്. പുതിയ അധ്യയനവര്‍ഷം കുട്ടികളെ പ്രവേശിക്കുന്നതിനുമുമ്പേ മാനേജര്‍ പി.കെ. പത്മരാജന്‍ സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് സമ്പാദിച്ചു. മാര്‍ച്ച് 31നകം സ്കൂള്‍ പൂട്ടണമെന്നാണ് ഹൈകോടതി ആദ്യം നിര്‍ദേശിച്ചത്. ഉത്തരവ് നടപ്പാക്കാതിരുന്നതോടെ മാനേജര്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചു. സ്കൂള്‍ അടച്ചുപൂട്ടാന്‍ മേയ് 20നും പിന്നീട് 27നും എന്നനിലക്ക് കോടതി സമയമനുവദിച്ചു. ഉത്തരവ് നടപ്പാക്കാനത്തെിയ സിറ്റി എ.ഇ.ഒയെ ജനകീയ സമരക്കാര്‍ തിരിച്ചയക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പി, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവരെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തത്. കോടതി ഉത്തരവിനെതിരായ സമരമായതിനാല്‍ മുന്‍നിരയില്‍ നില്‍ക്കുന്നതിന് ജനപ്രതിനിധികള്‍ക്കും പരിമിതിയുണ്ട്. പുതിയ സര്‍ക്കാറിന്‍െറ മധുവിധുവേളയില്‍ എത്തിപ്പെട്ട പ്രതിസന്ധി എങ്ങനെ തരണംചെയ്യുമെന്നാണ് സി.പി.എമ്മിനെയും കുഴക്കുന്നത്. ജൂണ്‍ എട്ടിനുമുമ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story