Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2016 9:28 AM GMT Updated On
date_range 20 March 2016 9:28 AM GMTബേപ്പൂര്‍ തുറമുഖത്തെ പഴയ വാര്‍ഫ് ആഴംകൂട്ടല്‍ ആരംഭിച്ചു
text_fieldsബേപ്പൂര്‍: രണ്ടര കോടി ചെലവില്‍ സംസ്ഥാന മാരിടൈം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ മേല്‍നോട്ടത്തില്‍ ബേപ്പൂര്‍ തുറമുഖത്തെ പഴയ വാര്‍ഫിന്‍െറ നദീമുഖം ആഴംകൂട്ടല്‍ പദ്ധതി ആരംഭിച്ചു. നദീമുഖത്തെ ആഴപ്പരപ്പിലെ ചെങ്കല്‍പ്പാറകള്‍ റോട്ടറി ഡയമണ്ട് കട്ടറും വോള്‍വാ എക്സ്കവേറ്ററും ഉപയോഗിച്ചാണ് ഇന്നലെ മുതല്‍ പൊട്ടിച്ചെടുക്കല്‍ ആരംഭിച്ചത്. ചങ്ങാടത്തില്‍ മണ്ണുമാന്തി യന്ത്രം ഘടിപ്പിച്ച് കോരിയെടുക്കുന്ന മണ്ണ് ബാര്‍ജില്‍ ശേഖരിച്ച് പുറംകടലില്‍ തള്ളും. കഴിഞ്ഞ വര്‍ഷം റോട്ടറി ഡയമണ്ട് കട്ടറും എക്സ്കവേറ്ററും ഉപയോഗിച്ച് പുതിയ വാര്‍ഫിലെ നദീമുഖത്തെ ചെങ്കല്‍പ്പാറകള്‍ പൊട്ടിച്ചുമാറ്റിയിരുന്നു. ഇതോടെ കപ്പലുകള്‍ക്കും കണ്ടയ്നര്‍ കപ്പലുകള്‍ക്കും തുറമുഖത്ത് അടുപ്പിക്കുന്നതിന് ഏറെ ഗുണകരമാവുകയും ചെയ്തു. നിലവില്‍ 160 മീറ്റര്‍ നീളമുള്ള പഴയ വാര്‍ഫില്‍നിന്ന് 20 മീറ്റര്‍ വീതിയിലാണ് മണ്ണ് മാന്തിയെടുക്കുക. നിലവില്‍ രണ്ടു മീറ്റര്‍ ആഴമുള്ള വാര്‍ഫ് വേലിയിറക്കത്തില്‍ നാല് മീറ്റര്‍ വരെയാവും. പുണെയിലെ കേന്ദ്ര ജലഗതാഗത ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ചു വര്‍ഷം മുമ്പ് നടത്തിയ ഗവേഷണത്തിലാണ് നദീമുഖത്തെ അടിത്തട്ടില്‍ ചെങ്കല്‍പ്പാറകളുടെ കൂട്ടം കണ്ടത്തെിയത്. ഇത് കപ്പലുകള്‍ക്ക് ഭീഷണിയാവുമെന്നും കണ്ടത്തെിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ വാര്‍ഫിലെ ചെങ്കല്‍പാറകള്‍ കഴിഞ്ഞ വര്‍ഷം പൊട്ടിച്ചെടുത്തത്. ചെങ്കല്‍പ്പാറകള്‍ നീക്കുന്നതോടെ കൂടുതല്‍ കണ്ടെയ്നര്‍ കപ്പലുകളും ചരക്ക് കപ്പലുകളും തുറമുഖത്ത് എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ബേപ്പൂര്‍ തുറമുഖത്തെ ചരക്ക് കയറ്റിറക്കുമതിയെ ബാധിക്കാത്ത രീതിയിലാണ് ചെങ്കല്‍പ്പാറ പൊട്ടിക്കല്‍ നടക്കുകയെന്ന് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് പറഞ്ഞു.
Next Story