Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2016 5:06 PM IST Updated On
date_range 25 Jun 2016 5:06 PM ISTകലക്ടറേറ്റിലെ മലാപ്പറമ്പ് സ്കൂളും പൂട്ടും
text_fieldsbookmark_border
കോഴിക്കോട്: കലക്ടറേറ്റിലെ എന്‍ജിനീയേഴ്സ് ഹാളില്‍ ഒരുക്കിയ ‘മലാപ്പറമ്പ് എ.യു.പി സ്കൂളി’ന് പുതിയ കുരുക്ക്. സ്വകാര്യ കെട്ടിടമായ എന്‍ജിനീയേഴ്സ് ഹാളില്‍ ക്ളാസ് മുറി ഒരുക്കിയത് സര്‍ക്കാര്‍ കെട്ടിടമെന്ന തെറ്റിദ്ധാരണയില്‍. അമളി തിരിച്ചറിഞ്ഞ ജില്ലാ ഭരണകൂടം ഇതോടെ അകപ്പെട്ടത് ഊരാക്കുടുക്കില്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എന്‍ജിനീയര്‍മാരുടെ അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി പണിത കെട്ടിടമാണിത്. അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് കേരളയുടെ ജില്ലാ കേന്ദ്രമാണിത്. ക്ഷണിക്കാതെ എത്തിയ അതിഥികളെ എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്നാണ് അസോസിയേഷന്‍െറ ആവശ്യം. തങ്ങള്‍ അകപ്പെട്ട കുരുക്കില്‍നിന്ന് രക്ഷതേടി അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്ടറെ കണ്ട് കാര്യം ബോധിപ്പിച്ചു. ഹാളില്‍നിന്ന് കുട്ടികളെ ഒഴിപ്പിക്കണമെന്നാണ് അസോസിയേഷന്‍ കലക്ടറോട് അഭ്യര്‍ഥിച്ചത്. ഇലക്കും മുള്ളിനും കേടില്ലാതെ കുട്ടികളെ എങ്ങനെ ഒഴിപ്പിക്കാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍െറ ആലോചന. കലക്ടറേറ്റ് വളപ്പിലായതിനാല്‍ പൊതുകെട്ടിടമെന്ന തെറ്റിദ്ധാരണയാണ് കുട്ടികളെ ഇങ്ങോട്ട് മാറ്റാന്‍ ഇടയാക്കിയത്. കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലേക്കാണ് കുട്ടികളെ ആദ്യം കൊണ്ടുവന്നിരുന്നത്. കൂടുതല്‍ വിശാലമായ സ്ഥലമെന്ന നിലക്ക് എന്‍ജിനീയേഴ്സ് ഹാളിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയറെ വിളിച്ചാണ് അധികൃതര്‍ ഹാളിലേക്ക് മാറ്റാനുള്ള ‘അനുമതി’ നേടിയത്. കാല്‍നൂറ്റാണ്ടിലേറെ കാലമായി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ ഉപയോഗിക്കുന്ന കെട്ടിടമാണിത്. സര്‍ക്കാറില്‍നിന്ന് വില കൊടുത്ത് വാങ്ങിയ ഭൂമിയിലാണ് അസോസിയേഷന്‍ കെട്ടിടം പണിതത്. ഓഫിസിനോട് ചേര്‍ന്നുള്ള വിശാലമായ ഹാള്‍ ഓണാഘോഷം, കുടുംബസംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് ഉപയോഗിക്കുന്നത്. വിശാലമായ വേദിയുള്ള ഹാള്‍ ബാസ്കറ്റ്ബാള്‍ പോലുള്ള വിനോദത്തിനും ഉപയോഗിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ അപ്രതീക്ഷിത നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമൊന്നും അസോസിയേഷന്‍ സ്വീകരിച്ചിട്ടില്ല. കലക്ടറുടെ കീഴില്‍ വരുന്ന വിവിധ വകുപ്പുകളിലെ എന്‍ജിനീയര്‍മാരായതിനാല്‍ പ്രതിഷേധിക്കാനും ഇവര്‍ക്ക് പരിമിതിയുണ്ട്. അതിനാല്‍ അസോസിയേഷനും വലിയ ധര്‍മസങ്കടത്തിലാണ്. മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി വിധി നടപ്പാക്കാനായി ജൂണ്‍ എട്ടിനാണ് കുട്ടികളെ ഇവിടേക്ക് മാറ്റിയത്. സ്കൂള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തില്‍ ആഘോഷപൂര്‍വമായിരുന്നു കെട്ടിടമാറ്റം. എന്‍ജിനീയേഴ്സ് ഹാളില്‍ അന്ന് രാത്രിതന്നെ ഏഴ് മുറികളുള്ള ‘സ്കൂള്‍’ തയാറാക്കി. വിശാലമായ ഹാള്‍ പൈ്ളവുഡ് കൊണ്ടാണ് ക്ളാസുകളാക്കി തിരിച്ചത്. വൃത്താകൃതിയിലുള്ള ബെല്ലും കസേരകളും ബ്ളാക് ബോര്‍ഡുമെല്ലാം സജ്ജീകരിച്ചു. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കുന്നതുവരെ ക്ളാസ് മുറികള്‍ എന്‍ജിനീയേഴ്സ് ഹാളില്‍ തുടരണമെന്നതാണ് തലവേദന. മാനേജറില്‍നിന്ന് സ്കൂള്‍ വിലക്കെടുത്ത് സ്വന്തമാക്കാന്‍ കാലതാമസമെടുക്കുമെന്നതാണ് പ്രശ്നം. എന്‍ജിനീയേഴ്സ് ഹാള്‍ ഒഴിയണമെന്ന ആവശ്യം വന്നതോടെ മറ്റ് സ്ഥലങ്ങള്‍ പരിഗണനയിലുണ്ട്. മലാപ്പറമ്പിലെ എ.ഡി.എം ബംഗ്ളാവാണ് പ്രധാനമായും പരിഗണിക്കുന്നത്. അതേസമയം, കുട്ടികളെ എ.ഡി.എം ബംഗ്ളാവിലേക്ക് മാറ്റില്ളെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. അടിയന്തരസാഹചര്യമെന്ന നിലക്കാണ് എന്‍ജിനീയേഴ്സ് ഹാളിലേക്ക് കുട്ടികളെ മാറ്റിയത്. കുട്ടികളെ ഒഴിപ്പിക്കണമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നതായും ഒന്നും തീരുമാനിച്ചിട്ടില്ളെന്നും അദ്ദേഹം വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story