Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2016 4:02 PM IST Updated On
date_range 23 Jun 2016 4:02 PM ISTകെ.പി.സി.സി അന്വേഷണ കമ്മിറ്റിക്കു മുന്നില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി
text_fieldsbookmark_border
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ പരാജയകാരണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതിക്കു മുന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിക്കെതിരെ കടുത്ത ആരോപണം. കൊയിലാണ്ടി മണ്ഡലത്തില്‍ പരാജയപ്പെട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറികൂടിയായ എന്‍. സുബ്രഹ്മണ്യനാണ് മറ്റൊരു ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെതിരെ പേരെടുത്തുപറഞ്ഞ് പരാതി ഉന്നയിച്ചത്. കൊയിലാണ്ടിയിലെ പരാജയത്തില്‍ അനില്‍കുമാറിന്‍െറ പങ്ക് അന്വേഷിക്കണമെന്ന് സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ തോറ്റ അനില്‍കുമാറിനു സീറ്റ് നല്‍കാതെ ഇത്തവണ സുബ്രഹ്മണ്യന് നല്‍കുകയായിരുന്നു. രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുതോറ്റ അനില്‍കുമാര്‍ കൊയിലാണ്ടിയിലെ സാഹചര്യങ്ങള്‍ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന് സുബ്രഹ്മണ്യന്‍ പരാതിപ്പെട്ടു. തന്‍െറ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടനെ അതിനെതിരെ നീക്കങ്ങള്‍ നടത്തി. ചില ഭാരവാഹികളെ രാജിവെപ്പിച്ചു. മഹിളകളെക്കൊണ്ട് ധര്‍ണ നടത്തിപ്പിച്ചു. ഒരു വിഭാഗം ആളുകളെക്കൊണ്ട് പ്രകടനം നടത്തിച്ചു. രണ്ടു മാസം പ്രചാരണം ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റിനോടൊപ്പം ഒരു തവണയാണ് മണ്ഡലത്തില്‍ വന്നത്. അന്ന് പൊതുയോഗത്തില്‍ സംസാരിച്ചപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരു പറഞ്ഞില്ല. കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടിയും പ്രചാരണത്തിന് പോയില്ല. അങ്ങനെയുള്ള ഒരാളെ തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനുള്ള കമ്മിറ്റിയില്‍ അംഗമാക്കിയത് പരിഹാസ്യ നടപടിയാണെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. പരമ്പരാഗത ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയിലേക്കും മുസ്ലിം വോട്ടുകള്‍ സി.പി.എമ്മിലേക്കും പോയതാണ് പരാജയ കാരണമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു അന്വേഷണ സമിതിക്കു മുന്നില്‍ വിശദീകരിച്ചു. ബി.ജെ.പി അധികാരത്തില്‍ വന്നതും നരേന്ദ്ര മോദി പ്രചാരണത്തില്‍ സജീവമായതും കോണ്‍ഗ്രസിന് സ്ഥിരമായി വോട്ടുചെയ്യുന്ന ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിച്ചു. ബീഫ് വിഷയം മുതലെടുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്‍െറ പ്രതിഷേധം അവാര്‍ഡ് സിനിമപോലെയായി. ഗുലാം അലിയെ കൊണ്ടുവന്നതടക്കം സി.പി.എമ്മിന്‍െറ പരിപാടികള്‍ മുസ്ലിം വോട്ട് ലക്ഷ്യംവെച്ചുള്ളതായിരുന്നു. ഡി.സി.സികളിലെ ജംബോ കമ്മിറ്റികള്‍ ദോഷംചെയ്തെന്നും അബു വ്യക്തമാക്കി. സജീവ് ജോസഫ്, പ്രഫ. ജി. ബാലചന്ദ്രന്‍, അബ്ദുല്‍ മുത്തലിബ് എന്നിവരടങ്ങിയ കമ്മിറ്റിക്കുമുന്നില്‍ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ അടക്കം 72 പേര്‍ ഹാജരായി. രാഷ്ട്രീയ സാഹചര്യം മോശമായതും ന്യൂനപക്ഷങ്ങള്‍ തിരിഞ്ഞുനിന്നതുമാണ് പരാജയകാരണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മുസ്ലിം ലീഗിന്‍െറ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകതയാണ് കൊടുവള്ളി, തിരുവമ്പാടി സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണമെന്നും അഭിപ്രായം ഉയര്‍ന്നു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും മുസ്ലിം ലീഗും തമ്മിലുള്ള അകല്‍ച്ച യു.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചെന്നും ചിലര്‍ പറഞ്ഞു. സജീവ് ജോസഫ് കണ്‍വീനറായ കമ്മിറ്റി വ്യാഴാഴ്ച മലപ്പുറത്തും തുടര്‍ന്ന് പാലക്കാട്ടും തെളിവെടുപ്പ് നടത്തും. ജൂലൈ അഞ്ചിന് കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story