Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2016 4:25 PM IST Updated On
date_range 22 Jun 2016 4:25 PM ISTസിറ്റി ബസുകള്‍ക്കും വാതില്‍ നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കാന്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ സ്ക്വാഡ്
text_fieldsbookmark_border
കോഴിക്കോട്: സിറ്റി ബസ് ഉള്‍പ്പെടെയുള്ള സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് ജൂലൈ ഒന്നിന് നിലവില്‍വരുന്നതോടെ വാഹന പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. ഇതിന്‍െറ ഭാഗമായി ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് ഉണ്ടാക്കി പരിശോധിക്കും. നിരവധി ബസുകളാണ് നഗരത്തിലൂടെ വാതിലില്ലാതെ ഓടുന്നത്. നിയമലംഘനം കണ്ടത്തെിയാല്‍ വാഹനത്തിന്‍െറ ഫിറ്റ്നസും പെര്‍മിറ്റും ഉള്‍പ്പെടെ റദ്ദാക്കാനാണ് ആര്‍.ടി.ഒമാര്‍ക്കുള്ള നിര്‍ദേശം. യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, ട്രിപ് മുടക്കുക, വാതില്‍തുറന്ന് കെട്ടിയിടുക, ജീവനക്കാര്‍ യൂനിഫോം ധരിക്കാതിരിക്കുക, ബസില്‍ പാട്ട് വെക്കുക, വിദ്യാര്‍ഥികളോട് ശത്രുതാ മനോഭാവത്തില്‍ ഇടപെടുക, സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുക, ട്രാക് തെറ്റിച്ച് ഓടുക, ഇടതുവശത്തുകൂടി മറികടക്കുക, ഡിവൈഡറിന്‍െറ മുകളിലൂടെ ചാടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, യാത്രക്കാരെ ഇന്‍റര്‍വ്യൂ നടത്തുക, തള്ളിക്കയറ്റുക, തള്ളിയിറക്കുക, വാതിലില്‍ തടസ്സം സൃഷ്ടിക്കുക, വാതിലില്‍ അടിച്ച് ശബ്ദമുണ്ടാക്കി ചെറുവാഹനം ഓടിക്കുന്നവരെ പേടിപ്പിക്കുക തുടങ്ങി നിരവധി നിയമലംഘനമാണ് സ്വകാര്യബസുകള്‍ സൃഷ്ടിക്കുന്നത്. ഇടക്കാലത്ത് ഗതാഗത നിയമത്തില്‍ നല്‍കിയ ഇളവ് മുതലെടുത്താണ് സിറ്റി ബസുകള്‍ മിക്കതും വാതിലില്ലാതെ ഓടി തുടങ്ങിയത്. വാതിലില്ലാത്ത ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം നഗരത്തിലുണ്ടായിട്ടുണ്ട്. അപകടം പതിവായിട്ടും നിയമത്തിന്‍െറ പഴുത് ഉപയോഗിച്ച് ബസുടമകള്‍ രക്ഷപ്പെടുകയായിരുന്നു. സ്കൂള്‍ തുറന്നതോടെ ബസുകളില്‍ തിരക്ക് വര്‍ധിക്കുകയും വാതിലില്‍ തൂങ്ങി യാത്രചെയ്യേണ്ട അവസ്ഥയുമാണുള്ളത്. ഇത് അപകടത്തിന് കാരണമാകും. എന്നാല്‍, നടപടി സ്വീകരിക്കേണ്ടവര്‍ കണ്ണ് ചിമ്മുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരള മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ്. സുരക്ഷാ വാതിലുകളില്ലാത്ത ബസുകളില്‍ പിന്‍ സീറ്റിന്‍െറ നടുവിലായി ഒരു സീറ്റിന്‍െറ ഭാഗം ഒഴിച്ചിടണമെന്ന നിര്‍ദേശവും വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാണ് പിന്നില്‍ ഒരു സീറ്റിന്‍െറ സ്ഥലം ഒഴിച്ചിടാന്‍ നിര്‍ദേശിച്ചത്. അപകട സമയത്ത് പിന്നിലെ കമ്പിയും സീറ്റും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന അവസ്ഥയാണ്. പലതവണ ബസുകള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇത് പൂര്‍ണമായും നടപ്പിലാക്കാന്‍ ബസുടമകള്‍ തയാറായിട്ടില്ല. പരിശോധനക്കിടെ നിയമം ലംഘിച്ച ഇത്തരം ബസുകള്‍ കണ്ടത്തെിയാല്‍ ട്രിപ് മുടക്കി മെമ്മോ നല്‍കാന്‍ മോട്ടോര്‍ വാഹന സ്ക്വാഡുകള്‍ക്ക് നിര്‍ദേശമുണ്ട്. എന്നാല്‍, ഇപ്പോഴും സുരക്ഷാ സംവിധാനം പാലിക്കാതെ ചീറിപ്പായുകയാണ് വാഹനങ്ങള്‍. ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ യാത്രക്കാരെ ഇറക്കരുതെന്നാണ് നിയമമെങ്കിലും മിക്ക ബസുകളും ഇതും പാലിക്കുന്നില്ല. ന്യൂമാറ്റിക് വാതിലുകളുള്ള അപൂര്‍വം ബസുകളാണെങ്കില്‍ വാതില്‍ സ്ഥിരമായി തുറന്നിടുന്നതും അപകടത്തിന് കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story