Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 4:15 PM IST Updated On
date_range 13 Jun 2016 4:15 PM ISTകാലവര്‍ഷം കനത്തു; പനിപ്പേടിയില്‍ മലയോരം
text_fieldsbookmark_border
മുക്കം: കാലവര്‍ഷം സജീവമായതോടെ വേനല്‍ച്ചൂട് വറ്റിച്ചെടുത്ത ജലസ്രോതസ്സുകളിലെല്ലാം വെള്ളമായി. ഇതോടെ മലയോരത്ത് പനിപ്പേടിയും ശക്തമായി. ഡെങ്കിപ്പനി പിടിച്ചുലച്ച കഴിഞ്ഞ വര്‍ഷത്തെ ഓര്‍മകളാണ് ഭീതി ഉളവാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം സാഹചര്യമാണ് നിലവിലെന്നതും ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയില്‍ തീരമേഖലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കെ കൊതുകിന് വളരാന്‍ ഏറെ സാഹചര്യമുള്ള മലയോര മേഖലയിലും പനി പടരാര്‍ സാധ്യതയേറെയാണ്. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാലിന്യ നിക്ഷേപം കാരണം ദുരിതം സഹിക്കുന്ന ഇരുവഴിഞ്ഞി, ചാലിയാര്‍, ചെറുപുഴ തീരങ്ങളില്‍ വസിക്കുന്നവര്‍ ഭീതിയിലാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് മുക്കം നഗരസഭയിലും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലുമായിരുന്നു. തിരുവമ്പാടിയില്‍ ഈ വര്‍ഷവും നിരവധി പേര്‍ ഡെങ്കിപ്പനിക്ക് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനിമൂലം ഏഴു മരണമാണ് മലയോര മേഖലയിലുണ്ടായത്. ഇത്തവണ ആരോഗ്യ വകുപ്പ് തിരുവമ്പാടി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയെങ്കിലും മുക്കത്ത് വളരെ പിന്നിലാണ്. നഗരസഭയുടെ ഏതാനും പ്രവൃത്തികളല്ലാതെ ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തുനിന്ന് ശ്രദ്ധേയമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിവിധ കടകളില്‍നിന്നും മറ്റും നിക്ഷേപിക്കുന്ന മാലിന്യംമൂലം മുക്കം ടൗണ്‍, കാപ്പുമല വളവ് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യപ്രശ്നങ്ങളാണ്. പരിഹരിക്കാന്‍ ഒരു നടപടിയുമില്ല. കൊതുകിന് പുറമെ ഈച്ച, എലി, തെരുവുനായ്ക്കള്‍ എന്നിവയും വര്‍ധിച്ചുവരുകയാണ്. ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കമുള്ള ആരോഗ്യ വകുപ്പുദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നില്ല. രോഗം പടരാന്‍ എല്ലാ അനുകൂല സാഹചര്യവുമുണ്ടായിട്ടും അതിനെതിരെ ആരോഗ്യ വകുപ്പ് തുടരുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഡെങ്കിപ്പനി ദുരിതം വിതച്ച മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story