Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2016 6:01 PM IST Updated On
date_range 16 July 2016 6:01 PM ISTരോഗം തോല്‍ക്കും ഈ സ്നേഹക്കഞ്ഞിക്ക് മുന്നില്‍
text_fieldsbookmark_border
മലപ്പുറം: നല്ല ചൂടുള്ള കഞ്ഞിക്കൊപ്പം ഇച്ചിരി തേങ്ങാചമ്മന്തി, പിന്നെ ഒരു പിടി തോരനും. ശരാശരി മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള രുചിക്കൂട്ടായിരിക്കും ഇത്. മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്നും രാത്രി ഈ സ്വാദ് രുചിക്കാം. സ്നേഹക്കഞ്ഞി വിളമ്പി അവരുടെ മനം നിറക്കുകയാണ് മലപ്പുറം ഗവ. കോളജിലെ വിദ്യാര്‍ഥിക്കൂട്ടം. ഒരുവര്‍ഷമായി ഒരുദിനം പോലും മുടങ്ങാതെ തുടരുന്ന ‘ഷെയര്‍ എ മീല്‍’ എന്ന് പേരിട്ട ഈ നിശ്ശബ്ദ സേവനത്തില്‍ കോളജിലെ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളാണ്. ഓരോ ദിവസവും ഒരു ക്ളാസിനാണ് പദ്ധതിയുടെ ചുമതല. ഒമ്പത് യു.ജി, നാല് പി.ജി വിഭാഗങ്ങളിലായി 36 ക്ളാസുകള്‍ കോളജിലുണ്ട്. ക്ളാസ്വിട്ട് വൈകീട്ട് മൂന്നരയോടെ ചുമതലയുള്ള വിദ്യാര്‍ഥികള്‍ നേരെ കാന്‍റീനിലേക്ക് വെച്ചുപിടിക്കും. അവിടെയാണ് പാചകപ്പുര. പിന്നെ ഒന്നിച്ച് പാചകം തുടങ്ങുകയായി. ഒരുമണിക്കൂറിനുള്ളില്‍ കഞ്ഞിയും ചമ്മന്തിയും ചെറുപയര്‍ തോരനും തയാര്‍. വൈകീട്ട് അഞ്ചരയോടെ ഭക്ഷണം ആശുപത്രിയിലത്തെിച്ച് വിതരണം തുടങ്ങും. രണ്ടര കിലോ അരിയും ഒരുകിലോ പയറും ആണ് ഒരുദിവസം പാചകം ചെയ്യുന്നത്. ഒരുദിവസം ശരാശരി 45-50 പേര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ഉണ്ടാകും. ഇവര്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കും. കോളജ് അവധി ദിവസങ്ങളിലും ഭക്ഷണം എത്തിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. നേരത്തേ ഓരോ വകുപ്പുകളായിരുന്നു പദ്ധതി നടത്തിപ്പിന് ഫണ്ട് കണ്ടത്തെിയിരുന്നത്. പിന്നീട് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി കോമണ്‍ഫണ്ട് രൂപവത്കരിച്ചു. അരിയും ചെറുപയറും മറ്റു സാധനങ്ങളും ഒന്നിച്ച് വാങ്ങും. ഓണം വരെയുള്ള പദ്ധതിയുടെ പട്ടിക ഇപ്പഴേ തയാറായി. ‘പനിയടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായവരാകും സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍. ഇവര്‍ക്ക് അവശ്യഭക്ഷണമാകും കഞ്ഞി. സമീപത്തെ ഹോട്ടലുകളില്‍നിന്ന് കഞ്ഞി കിട്ടാന്‍ വളരെ പ്രയാസമാണ്. ഇത് അറിഞ്ഞാണ് ‘ഷെയര്‍ എ മീല്‍’ ആരംഭിച്ചതെന്ന് പദ്ധതി കോഓഡിനേറ്റര്‍ ആയ കോളജ് അധ്യാപകന്‍ ഡോ. എസ്. സഞ്ജയ് പറഞ്ഞു. വിദ്യാര്‍ഥികള്‍ അത്യുത്സാഹത്തോടെയാണ് ‘ഷെയര്‍ എ മീല്‍’ നടത്തികൊണ്ട് പോകുന്നത്. പദ്ധതിയെ ക്കുറിച്ച് അറിഞ്ഞ ശേഷം പുറത്തുനിന്ന് സാമ്പത്തിക സഹായ വാഗ്ദാനങ്ങള്‍ വരുന്നുണ്ടെങ്കിലും തല്‍ക്കാലം അത് സ്വീകരിക്കുന്നില്ളെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story