Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 4:55 PM IST Updated On
date_range 10 Jan 2016 4:55 PM ISTകിനാലൂരില്‍ മഹാശിലായുഗ കാലത്തെ ശേഷിപ്പുകള്‍ തേടി പുരാവസ്തു വകുപ്പ്
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂര്‍ കാറ്റാടി മലയുടെ താഴ്വാരത്ത് മഹാശിലായുഗ സംസ്കാരത്തിന്‍െറ ശേഷിപ്പുകള്‍ തേടി പുരാവസ്തു വകുപ്പും ചരിത്ര വിദ്യാര്‍ഥികളും ഉത്ഖനനം തുടങ്ങി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്ഖനനത്തില്‍ രണ്ടാം ദിവസമായ ഇന്നലെ കാറ്റാടി ഭാഗത്തുനിന്നും മധ്യശിലായുഗത്തിലേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. നേരത്തെ ഈ ഭാഗത്ത് കണ്ടത്തെിയ നന്നങ്ങാടി കേന്ദ്രീകരിച്ചായിരുന്നു ഉത്ഖനനം ആരംഭിച്ചത്. ഉത്ഖനനം നടക്കവേ തൊട്ടടുത്തായി മറ്റു രണ്ട് നന്നങ്ങാടികളും ഇന്നലെ കണ്ടത്തെിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത നന്നങ്ങാടികള്‍ക്ക് ബി.സി 5000 വരെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ്രസിദ്ധ ആര്‍ക്കിയോളജിസ്റ്റും തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാല അസിസ്റ്റന്‍റ് പ്രഫസറുമായ ഡോ. ശെല്‍വകുമാറിന്‍െറ നേതൃത്വത്തിലാണ് ഉത്ഖനനം നടക്കുന്നത്. പ്രഫ. എം.ജി.എസ് നാരായണന്‍ സ്ഥലം സന്ദര്‍ശിച്ചു. കിനാലൂര്‍ പ്രദേശത്തില്‍നിന്നും മധ്യശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ ലഭിച്ചതിനാല്‍ ഇരുമ്പുയുഗത്തിനുമുമ്പുതന്നെ കിനാലൂരില്‍ ജനവാസമുണ്ടായിരുന്നതായി കണക്കാക്കാമെന്ന് ചരിത്രകാരനായ എം.ജി.എസ് നാരായണന്‍ പറഞ്ഞു. സംഘകാലഘട്ടത്തില്‍ കുണവായില്‍ എന്നും പിന്നീട് കുണവായ്നെല്ലൂര്‍ എന്നും കിനാലൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നുണ്ട്. 2500 വര്‍ഷം പഴക്കമുള്ള സ്ഥലമായും ചരിത്രകാരന്മാര്‍ ഇവിടം കണക്കാക്കപ്പെട്ടിട്ടുണ്ട്. കിനാലൂരിലെ അതിപുരാതനമായ ശിവക്ഷേത്രത്തില്‍നിന്നും 1997ല്‍ ഒരു ശിലാഫലകം നാട്ടുകാര്‍ കണ്ടത്തെിയിരുന്നു. ക്ഷേത്ര കിണര്‍ നവീകരണം നടത്തവേയായിരുന്നു ഫലകം കിട്ടിയത്. കരിങ്കല്ലുകൊണ്ടു തീര്‍ത്ത ഫലകത്തില്‍ വട്ടെഴുത്ത് ലിപിയില്‍ 32 വരികള്‍ ഒരു ഭാഗത്തും 53 വരികള്‍ മറുഭാഗത്തും കാണപ്പെട്ടിരുന്നു. ഒമ്പതാം നൂറ്റാണ്ടിന്‍െറ അവസാനപാദത്തില്‍ നിര്‍മിക്കപ്പെട്ട ജൈന ക്ഷേത്രത്തിന്‍െറ ശിലാലിഖിതമാണ് അതെന്ന് ചരിത്രകാരനായ എം.ജി.എസും സ്ഥിരീകരിച്ചിട്ടുണ്ട്. ‘കുണവായ്നെല്ലൂര്‍ വിജയരാഗീശ്വരത്ത് പള്ളി’ എന്നാണ് ക്ഷേത്രത്തിന് ഇതില്‍ നാമകരണം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഒമ്പതാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന വിജയരാഗ പെരുമാളാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും അനുമാനിക്കുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന തൊട്ടു സമീപമാണ് ഇപ്പോള്‍ ഉത്ഖനനം നടത്തുന്ന കാറ്റാടി പ്രദേശം. ഇവിടെ മഴക്കുഴികള്‍ നിര്‍മിക്കുമ്പോള്‍ നിരവധി നന്നങ്ങാടികള്‍ നാട്ടുകാര്‍ കണ്ടത്തെിയിട്ടുണ്ട്. സമീപപ്രദേശമായ കണ്ണാടിപ്പൊയിലിലും നന്നങ്ങാടികള്‍ കണ്ടത്തെിയിട്ടുണ്ട്. നന്നങ്ങാടികള്‍ കൂടാതെ ഇരുമ്പായുധങ്ങളുടെ അവശിഷ്ടങ്ങളും കണ്ടത്തെിയിട്ടുണ്ട്. കാറ്റാടിഭാഗത്ത് ‘ഊത്താല’ ഉണ്ടായിരുന്നതായും കണക്കാക്കപ്പെടുന്നു. ഇരുമ്പ് അംശം കൂടിയ കല്ലുകള്‍ ഇവിടങ്ങളിലുണ്ട്. സ്റ്റോണേജ് കാലത്തെ ഏറ്റവും വലിയ സെറ്റില്‍മെന്‍റായിരിക്കാം ഇവിടം എന്നാണ് ആര്‍ക്കിയോളജിസ്റ്റ് ഡോ. സെല്‍വകുമാര്‍ പറയുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ഉത്ഖനന പരിപാടി ഇന്ന് സമാപിക്കും. സംസ്ഥാന പുരാവസ്തു വകുപ്പും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍േറയും നേതൃത്വത്തില്‍ നടക്കുന്ന ഉത്ഖനന ക്യാമ്പില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ്, മലബാര്‍, ക്രിസ്ത്യന്‍ കോളജ്, പ്രോവിഡന്‍സ് കോളജ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലെ നൂറോളം ചരിത്ര വിദ്യാര്‍ഥികളും ചരിത്ര അധ്യാപകരുമാണ് പങ്കെടുക്കുന്നത്. ക്യാമ്പ് ഡോ. എം.ജി.എസ് നാരായണനാണ് ഉദ്ഘാടനം ചെയ്തത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ. ശ്രീജിത്ത്, കെ.ജി. മുജീബ്റഹ്മാന്‍, മൊയ്തീന്‍ തോട്ടശ്ശേരി, ബീന എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story