Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2016 5:47 PM IST Updated On
date_range 25 Dec 2016 5:47 PM ISTതെങ്ങിലക്കടവ്–കല്‍പള്ളി ഭാഗത്ത് അപകടം പതിവായി
text_fieldsbookmark_border
മാവൂര്‍: കോഴിക്കോട്-മാവൂര്‍ റോഡില്‍ തെങ്ങിലക്കടവ് മുതല്‍ കല്‍പള്ളി വരെയുള്ള ഭാഗത്ത് അപകടം പതിവാകുന്നു. ഇരുഭാഗവും താഴ്ചയായ റോഡില്‍ അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് വെള്ളക്കെട്ടിലേക്ക് മറിയുന്നത് പലപ്പോഴും അപകടത്തിന്‍െറ വ്യാപ്തികൂട്ടുന്നു. തെങ്ങിലക്കടവ്-കല്‍പള്ളി നീര്‍ത്തടത്തിലേക്കാണ് വാഹനങ്ങള്‍ പതിക്കുന്നത്. 20 മുതല്‍ 40 അടിവരെ താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടങ്ങളില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കാത്തത് യാത്രക്കാരുടെ ഭാഗ്യംകൊണ്ടുമാത്രമാണ്. മാവൂര്‍-കോഴിക്കോട് റോഡില്‍ പൊതുവെ വീതികുറഞ്ഞ ഭാഗമാണിത്. അതേസമയം, വളരെദൂരം നേരെയുള്ള റോഡായതിനാല്‍ അമിതവേഗത്തിലാണ് വാഹനങ്ങള്‍ കുതിക്കുക. ഒരേസമയം വലിയ രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയാണ് റോഡിനുള്ളത്. റോഡ്ഭാഗം കഴിഞ്ഞാല്‍ മിക്ക ഭാഗത്തും നടപ്പാതയില്ല. ഇടിഞ്ഞുതീര്‍ന്നതിനാലാണ് റോഡരിക് ഇല്ലാതായത്. കാല്‍നടക്കാര്‍ പലഭാഗത്തും റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണുള്ളത്. തെങ്ങിലക്കടവ്-കല്‍പള്ളി ഭാഗത്ത് സംഭവിച്ച അപകടങ്ങളെല്ലാം മുന്നിലുള്ള വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ്. മറികടക്കുന്നതിനിടെ എതിര്‍ഭാഗത്തുനിന്ന് ചെറിയ വാഹനം വന്നാല്‍പോലും കടന്നുപോകാന്‍ കഴിയില്ല. റോഡരിക് ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കാനും അപകടത്തില്‍പെടാനും ഇത് ഇടയാക്കുന്നു. അപകടമൊഴിവാക്കാനുള്ള ശ്രമത്തിനിടെ വാഹനങ്ങള്‍ നീര്‍ത്തടത്തിലേക്ക് പതിക്കുന്നതും പതിവാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നിരന്തരം നടക്കുന്നുണ്ട്. ഈയടുത്തുണ്ടായ പല അപകടങ്ങളിലും കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ വെള്ളക്കെട്ടിലേക്ക് പതിച്ച് ധാരാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തക്കസമയത്ത് നാട്ടുകാരോ വഴിയാത്രക്കാരോ എത്തി രക്ഷപ്പെടുത്തിയതിനാലാണ് ജീവഹാനി ഒഴിവായത്. വാഹനത്തെ മറികടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇവിടെ അപകടമുണ്ടായതും കാര്‍ നീര്‍ത്തടത്തില്‍ പതിച്ചതും. ഒന്നര മാസംമുമ്പ് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. മാസങ്ങള്‍ക്കുമുമ്പ് മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് നീര്‍ത്തടത്തിലേക്ക് ചരിഞ്ഞു. ബസ് ബ്രേക്ക് ചെയ്തപ്പോള്‍ റോഡില്‍നിന്ന് തെന്നുകയായിരുന്നു. റോഡരികിലെ മരത്തില്‍തട്ടി നിന്നതിനാലാണ് വെള്ളക്കെട്ടിലേക്ക് പതിക്കാതിരുന്നത്. വിനോദസഞ്ചാരികള്‍ യാത്രചെയ്ത കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് വെള്ളക്കെട്ടില്‍ മുങ്ങിയത് ഇതിന് തൊട്ടുമുമ്പാണ്. സ്ത്രീകളടക്കമുള്ളവര്‍ യാത്രചെയ്ത കാര്‍ നീര്‍ത്തടത്തിലേക്ക് മറിഞ്ഞ സംഭവവും ഒരു വര്‍ഷത്തിനിടെ ഉണ്ടായ പ്രധാന അപകടമാണ്. റോഡരിക് കെട്ടിയുയര്‍ത്തി വീതികൂട്ടിയാല്‍ മാത്രമേ അപകടങ്ങള്‍ക്ക് ശമനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story