Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2016 4:58 PM IST Updated On
date_range 8 Dec 2016 4:58 PM ISTപ്രിയമകള്‍ക്ക് സിമി കാവലിരിക്കെ പ്രിയതമന്‍ യാത്രയായി
text_fieldsbookmark_border
കോഴിക്കോട്: അഞ്ചുദിവസം മുമ്പ് താന്‍ ജന്മം നല്‍കിയ കുഞ്ഞിനെക്കാണാനും ആശുപത്രി ബില്ലടക്കാനുമായി വരുകയായിരുന്ന ഭര്‍ത്താവിന്‍െറ ജീവന്‍ ബൈക്ക് അപകടത്തിന്‍െറ രൂപത്തില്‍ വിധി കവര്‍ന്നെടുത്തെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ സിമി. മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ചിലെ സിസേറിയന്‍ വാര്‍ഡില്‍ തൊട്ടരികില്‍ ഒന്നുമറിയാതെ പാല്‍പുഞ്ചിരി പൊഴിച്ച് അര്‍ജുനയെന്ന കുഞ്ഞുമുണ്ട്. തിങ്കളാഴ്ച രാത്രി താമരശ്ശേരി ടൗണിലുണ്ടായ വാഹനാപകടത്തിലാണ് ഭര്‍ത്താവ് അടിമാലി ഇരുമ്പുപാലം കൊന്നംചാലില്‍ സന്തോഷ് (35) ദാരുണമായി മരിച്ചത്. ഭര്‍ത്താവിന്‍െറ മൃതദേഹം മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് ഏതാനും മീറ്ററുകള്‍ക്ക് അകലെ മെഡിക്കല്‍ കോളജിലത്തെന്നെ മോര്‍ച്ചറിയില്‍ ഒരുരാവും പകലും മുഴുവന്‍ സൂക്ഷിച്ചിട്ടും ഒന്നുകാണാന്‍പോലും ഈ ഹതഭാഗ്യക്ക് കഴിഞ്ഞില്ല. മരണവാര്‍ത്തയറിഞ്ഞാല്‍ സിമിക്കുണ്ടാവുന്ന ആഘാതമോര്‍ത്താണ് ബന്ധുക്കള്‍ വിവരം പറയാതിരുന്നത്. ചെറിയ പരിക്ക് പറ്റിയെന്നുമാത്രമാണ് ആദ്യം സിമിയെ അറിയിച്ചത്. ഈങ്ങാപ്പുഴ ഒടുങ്ങാക്കാട്ട് താമസിക്കുന്ന സന്തോഷിന്‍െറയും സിമിയുടെയും അയല്‍വാസികള്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ കാണാനത്തെിയപ്പോള്‍ മാത്രമാണ് സിമി ദുരന്തവാര്‍ത്ത കേള്‍ക്കുന്നത്. പ്രിയതമന്‍െറ മൃതദേഹംപോലും കാണാനാവാതെ, ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ പിഞ്ചുകുഞ്ഞിനെ നോക്കി കണ്ണീര്‍ പൊഴിക്കുകയാണ് ഈ യുവതി. ശനിയാഴ്ച രാവിലെയാണ് സിമി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തകുട്ടിക്ക് അര്‍ജുനെന്നും പെണ്‍കുട്ടിക്ക് അര്‍ജുനയെന്നും പേരിടണമെന്ന് ഇരുവരും നേരത്തേ നിശ്ചയിച്ചതായിരുന്നു. തിങ്കളാഴ്ച രാത്രി കുഞ്ഞിനെ കാണാനും ബില്ലടക്കാനുമായി ആശുപത്രിയിലേക്ക് വരുന്നതിനിടെ താമരശ്ശേരി പൊലീസ ്സ്റ്റേഷനു മുന്നില്‍ സന്തോഷ് സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്, മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സന്തോഷിന് അപകടം പറ്റിയെന്നുമാത്രമാണ് സിമിക്കും കൂടെയുള്ള അമ്മ സുമതിക്കും വിവരം ലഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സന്തോഷിന്‍െറ അച്ഛന്‍ പ്രകാശനും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. സിമിയുടെ പ്രതികരണമെന്തായിരിക്കുമെന്ന് ഭയന്നാണ് മൃതദേഹംപോലും കാണിക്കാതിരുന്നത്. മൂത്തമകന്‍ ഏഴുവയസ്സുകാരനായ അര്‍ജുനെ ഇവരോടൊപ്പം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഈങ്ങാപ്പുഴയില്‍ കണ്ണായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് നടത്തിവരുകയായിരുന്നു സന്തോഷ്. എട്ടുവര്‍ഷം മുമ്പായിരുന്നു സിമിയുടെയും സന്തോഷിന്‍െറയും വിവാഹം. വിവാഹശേഷം കോടഞ്ചേരിയില്‍ താമസിക്കുന്ന സന്തോഷിന്‍െറ അച്ഛന്‍െറ സഹോദരന്‍ ശിവനാണ് ഇവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. വാടകവീട്ടിലായിരുന്നു താമസം. മെറ്റല്‍ ഇന്‍ഡസ്ട്രീസ് വാങ്ങിയതിന്‍െറ കടവും ബൈക്കിന്‍െറ അടവും തീര്‍ക്കാനുണ്ട്. പ്രസവ സഹായത്തിനായി സിമിയുടെ അമ്മ സുമതി വെള്ളിയാഴ്ച എത്തിയിരുന്നു. 28 വയസ്സുമാത്രമുള്ള മകളെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയുംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ നെടുവീര്‍പ്പിടുകയാണ് ഈ അമ്മ. അടുത്തദിവസം അടിമാലിയില്‍നിന്നുള്ള ബന്ധുക്കള്‍ കുട്ടിയെ കാണാനത്തൊനിരിക്കെയാണ് ഈ ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story