Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2016 7:51 PM IST Updated On
date_range 10 Aug 2016 7:51 PM ISTമാവൂര്‍ നീര്‍ത്തടം വിഭജിച്ച് കമ്യൂണിറ്റി റിസര്‍വും കൃഷിനിലവുമാക്കാന്‍ പദ്ധതി
text_fieldsbookmark_border
മാവൂര്‍: പഞ്ചായത്തിലെ പ്രധാന നീര്‍ത്തടമായ തെങ്ങിലക്കടവ്-കല്‍പള്ളി-പള്ളിയോള്‍-അരയങ്കോട് നീര്‍ത്തടം വിഭജിച്ച് കമ്യൂണിറ്റി റിസര്‍വും കൃഷിനിലവുമാക്കാന്‍ പദ്ധതികളൊരുങ്ങുന്നു. പൈപ്പ്ലൈന്‍ റോഡിന്‍െറ മുകള്‍ഭാഗത്തുള്ള പള്ളിയോള്‍-അരയങ്കോട് നീര്‍ത്തടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി കൃഷിയോഗ്യമാക്കാനും ശേഷിക്കുന്ന ഭാഗം കമ്യൂണിറ്റി റിസര്‍വും പക്ഷിസങ്കേതവുമാക്കാനുമാണ് പദ്ധതി. ഇതിന് നബാര്‍ഡില്‍നിന്ന് ഏഴു കോടി രൂപയുടെ സഹായം തേടിയിട്ടുണ്ട്. ഹെക്ടര്‍കണക്കിന് പ്രദേശത്ത് പരന്നുകിടക്കുന്ന നീര്‍ത്തടം മുഴുവന്‍ കമ്യൂണിറ്റി റിസര്‍വും പക്ഷിസങ്കേതവുമാക്കാനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നത്. ഇതിന്‍െറ സാധ്യതാപഠനത്തിന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഇടപെട്ട് ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍, സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കൃഷിഭൂമി വിട്ടുകൊടുക്കാന്‍ കര്‍ഷകര്‍ തയാറാകാതിരിക്കുകയും ചിലര്‍ എതിര്‍പ്പുമായി രംഗത്തുവരുകയും ചെയ്തതോടെ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നാണ് കോഴിക്കോട് സി.ഡബ്ള്യു.ആര്‍.ഡി.എം (ജലവിഭവ വികസനകേന്ദ്രം) വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൃഷിയിടം ഉപയുക്തമാക്കല്‍, കമ്യൂണിറ്റി റിസര്‍വ്, പക്ഷിസങ്കേതം തുടങ്ങിയവയുടെ സാധ്യതകള്‍ വേര്‍തിരിച്ച് നല്‍കുകയായിരുന്നു. 100ഹെക്ടറുള്ള പള്ളിയോള്‍-അരയങ്കോട് നീര്‍ത്തടത്തിന്‍െറ മുകള്‍ഭാഗത്ത് നിലവില്‍ കൃഷി ചെയ്യുന്നുണ്ട്. ഊര്‍ക്കടവിലെ റെഗുലേറ്ററിന്‍െറ ഷട്ടര്‍ ഇടുമ്പോള്‍ വെള്ളത്തില്‍ മൂടിപ്പോകുന്നതിനാല്‍ ബാക്കി ഭാഗത്ത് കൃഷി ചെയ്യാനാകുന്നില്ല. പണ്ട് കൊട്ടിഘോഷിച്ച് ഇവിടെ വെള്ളക്കെട്ട് നികത്തുന്നതിനായി പെട്ടിപ്പറ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭൂമി കമ്യൂണിറ്റി റിസര്‍വിന് നല്‍കിയാല്‍ കര്‍ഷകര്‍ക്കെന്താണ് പ്രയോജനമെന്നാണ് അവരുടെ ചോദ്യം. അതിനാല്‍, മാന്യമായ വിപണി വിലവെച്ച് സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ എന്നാണ് ആവശ്യം. എന്നാല്‍, ഇത്രയും തുക നല്‍കി കമ്യൂണിറ്റി റിസര്‍വിനുവേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാറിനും പ്രയാസമുണ്ട്. ഈ സാഹചര്യത്തിലാണ് എം.എല്‍.എ തന്നെ മുന്‍കൈയെടുത്ത് സി.ഡബ്ള്യു.ആര്‍.ഡി.എമ്മിനെ ഉപയോഗിച്ച് പഠനം നടത്തിയത്. റെഗുലേറ്ററിന്‍െറ ഷട്ടറിടുമ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിന് പരിഹാരമായും ജലവിതാനം നിശ്ചിത അളവില്‍ നിലനിര്‍ത്താനും പൈപ്പ്ലൈന്‍ റോഡില്‍ വി.സി.ബി നിര്‍മിക്കാനാണ് പദ്ധതി. ഇതിന് അഞ്ചു കോടിയാണ് നബാര്‍ഡിനോട് ആവശ്യപ്പെട്ടത്. നിലവില്‍ മാവൂര്‍ നീര്‍ത്തടം മുഴുവന്‍ കൃഷിയോഗ്യമാക്കാനും കഴിയില്ല. കാരണം, പൈപ്പ്ലൈന്‍ റോഡിനും മാവൂര്‍-കോഴിക്കോട് മെയ്ന്‍ റോഡിനും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങിലക്കടവ്-കല്‍പള്ളി നീര്‍ത്തടം പണ്ട് ഓട്-ഇഷ്ടിക കമ്പനികള്‍ക്കുവേണ്ടി വര്‍ഷങ്ങളോളം കളിമണ്ണെടുത്തതിനാല്‍ കുഴിയായിക്കിടക്കുകയാണ്. അതിനാല്‍ ഈ ഭാഗം കമ്യൂണിറ്റി റിസര്‍വും പക്ഷിസങ്കേതവുമാക്കുകയാണ് പദ്ധതി. സി.ഡബ്ള്യു.ആര്‍.ഡി.എമ്മിന്‍െറ റിപ്പോര്‍ട്ടിന് ചുവടുപിടിച്ച് ചെറുകിട ജലസേചന വകുപ്പ് ഇതിനുള്ള പദ്ധതി വിശദമായി തയാറാക്കുകയാണ്. ലോകബാങ്കിന് സമര്‍പ്പിക്കാനുള്ള പദ്ധതിയും തയാറാകുന്നുണ്ടെന്ന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതി റിപ്പോര്‍ട്ട് നബാര്‍ഡിന് സമര്‍പ്പിച്ചതായും ലോകബാങ്കിനു സമര്‍പ്പിക്കാനുള്ള പദ്ധതി തയാറാക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ സമര്‍പ്പിക്കാനാകുമെന്നും ചെറുകിട ജലസേചനവകുപ്പ് അസി. എന്‍ജിനീയര്‍ ഫൈസല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story