സുഭിക്ഷ ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ സ്ഥലം ലഭ്യമാക്കും –മന്ത്രി തോമസ് ഐസക്

12:25 PM
01/08/2016

പേരാമ്പ്ര: സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്ക് കീഴില്‍ ഫുഡ് പാര്‍ക്ക് നിര്‍മിക്കാന്‍ സ്ഥലം ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഏരത്ത് മുക്കില്‍ സുഭിക്ഷ യൂനിറ്റ് സന്ദര്‍ശിച്ച ശേഷം ഡയറക്ടര്‍മാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സുഭിക്ഷക്ക് മാത്രമല്ല അതുപോലുള്ള മറ്റ് പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും പാര്‍ക്ക് ഉപയോഗപ്പെടുത്താമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. 20 ഏക്കറില്‍ കൂടുതലുള്ള സ്ഥലം കണ്ടത്തെിയാല്‍ വാങ്ങാന്‍ ധനസഹായം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. സുഭിക്ഷപോലുള്ള യൂനിറ്റുകള്‍ ചെറുകിട വ്യവസായ മേഖലകളിലെ ബദലുകളാണ്.
കാര്‍ഷിക ഉല്‍പന്നങ്ങളില്‍നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മന്ത്രി ടി.പി. രാമകൃഷ്ണനും സുഭിക്ഷ ചെയര്‍മാന്‍ എം. കുഞ്ഞമ്മദും സുഭിക്ഷയെ കുറിച്ചുണ്ടായ വിവാദങ്ങളും വിജിലന്‍സ് കേസിന്‍െറ പശ്ചാത്തലവും ധനമന്ത്രിയെ ധരിപ്പിച്ചു. ഡയറക്ടര്‍മാരായ ലിജി, ഷൈനി, ജസിത എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ഉല്‍പാദനം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തന മൂലധനത്തിന്‍െറ കുറവുണ്ടെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ അത് സ്വയം കണ്ടത്തൊനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ആധുനിക യന്ത്രസാമഗ്രികള്‍ വാങ്ങാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍നിന്ന് ഉള്‍പ്പെടെ വായ്പയെടുക്കാമെന്നും മന്ത്രി പറഞ്ഞു.
ദാരിദ്യരേഖയുടെ താഴെയുള്ള വനിതകള്‍ക്കുവേണ്ടി 13 വര്‍ഷം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പേരാമ്പ്ര ബ്ളോക് പഞ്ചായത്ത് സുഭിക്ഷ പദ്ധതി ആരംഭിച്ചത്. എന്നാല്‍, പിന്നീട് ഇത് കമ്പനിയാക്കി മാറ്റുകയായിരുന്നു. ഇതില്‍ ക്രമക്കേട് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നിരുന്നു.
ലോകായുക്തയിലും വിജിലന്‍സിലും കേസും ഉണ്ടായിരുന്നു.
മുന്‍ എം.എല്‍.എ എ.കെ. പത്മനാഭന്‍, വാര്‍ഡ് മെംബര്‍ പുത്തന്‍പുരയില്‍ അബ്ദുറഹ്മാന്‍, എന്‍.പി. ബാബു, പി. ബാലന്‍ അടിയോടി എന്നിവരും മന്ത്രിമാരുടെ കൂടെ ഉണ്ടായിരുന്നു.

Loading...
COMMENTS