Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉദ്യോഗസ്ഥപ്പേടി മാറി;...

ഉദ്യോഗസ്ഥപ്പേടി മാറി; നഗരസഭയില്‍ പഞ്ചിങ് സംവിധാനം ഉടന്‍

text_fields
bookmark_border
കോഴിക്കോട്: ഒടുവില്‍ നഗരസഭാ ഭരണസമിതി ഉണര്‍ന്നു. ഉദ്യോഗസ്ഥപ്പേടി മൂലം പലതവണ മാറ്റിവെച്ച ബയോമെട്രിക് പഞ്ചിങ് സംവിധാനം കൗണ്‍സില്‍ കാലാവധി തീരുന്നതിനുമുമ്പ് നടപ്പാകും. പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതിന്‍െറ അഡ്വാന്‍സ് തുകയായ 3.44 ലക്ഷം രൂപയുടെ ചെക് ബുധനാഴ്ച കെല്‍ട്രോണിന് കൈമാറും. ഭരണസമിതിയുടെ മുന്‍തീരുമാനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയെന്ന ലക്ഷ്യവുമായി നഗരസഭയുടെ സ്വന്തം ഫണ്ടില്‍നിന്നാണ് തുക നല്‍കുന്നത്. ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് ചൊവ്വാഴ്ച ചെക്കില്‍ ഒപ്പിട്ടതോടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. ഉദ്യോഗസ്ഥര്‍ എതിര്‍ത്താലും ജനോപകാരപ്രദമായ പഞ്ചിങ് നടപ്പാക്കാന്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. കെല്‍ട്രോണിന്‍െറ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ ഗ്രൂപ് സെക്യൂരിറ്റി സര്‍വെയലന്‍സ് ഗ്രൂപ്പാണ് (ജി.എസ്.എസ്.ജി) നഗരസഭാ ഓഫിസില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുക. അഡ്വാന്‍സ് കൈപ്പറ്റിയാലുടന്‍ പ്രവൃത്തി ആരംഭിച്ച് അടുത്തമാസം 31നകം പൂര്‍ത്തിയാക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു. വൈകി ഓഫിസിലത്തെുക, നേരത്തെ മടങ്ങുക എന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പതിവു ശീലത്തിന് ഇതോടെ അറുതിയാകും. നഗരസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിച്ചിട്ടും പദ്ധതി നടപ്പാക്കാത്തതു സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാര്‍ ഓഫിസില്‍ എത്തുന്നതും വൈകീട്ട് മടങ്ങുന്നതും കൃത്യമായി യന്ത്രത്തില്‍ രേഖപ്പെടുത്തുന്നതാണ് ബയോമെട്രിക് പഞ്ചിങ്. ഓരോരുത്തരുടെയും വിരല്‍കൊണ്ട് മാത്രമെ പഞ്ച് ചെയ്യാനാവൂ എന്നതിനാല്‍ ഇപ്പോഴത്തേതുപോലെ പിന്നീട് ഒപ്പിടുന്ന രീതി നടക്കില്ല. ഇതുമൂലം ഭൂരിപക്ഷം ജീവനക്കാരും പഞ്ചിങ്ങിന് എതിരായിരുന്നു. കൂട്ടുകാര്‍ക്കുവേണ്ടി ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിടുന്നവരും ഓഫിസിലുണ്ട്. ഹാജര്‍ രജിസ്റ്ററില്‍ ഒപ്പുണ്ടാവുമെങ്കിലും പല ജീവനക്കാരെയും സീറ്റുകളില്‍ കാണാറില്ല. 2013ല്‍ പഞ്ചിങ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ നഗരസഭാ എന്‍ജിനീയറിങ് വിഭാഗമാണ് ആദ്യം ഉടക്കിട്ടത്. ഫീല്‍ഡില്‍ പോകുന്നവര്‍ക്ക് പഞ്ച്ചെയ്യാന്‍ കഴിയില്ളെന്നായിരുന്നു ഇവര്‍ ഉന്നയിച്ച തടസ്സവാദം. പഞ്ചിങ് നടപ്പാക്കിയ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലടക്കം ഇതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കെയാണ് നഗരസഭയിലെ ഇടത്-വലത് യൂനിയനുകള്‍ തടസ്സം നിന്നത്.
Show Full Article
TAGS:
Next Story