Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്ദി ആരോടു ഞാന്‍...

നന്ദി ആരോടു ഞാന്‍ ചൊല്ളേണ്ടു...

text_fields
bookmark_border
കോഴിക്കോട്: വിടചൊല്ലലും, ക്ഷമ ചോദിക്കലും, കുറ്റം ഏറ്റുപറച്ചിലും ഒടുവില്‍ കാലില്‍തൊട്ട് വന്ദിക്കലുമായി നടപ്പ് നഗരസഭാ കൗണ്‍സിലിന്‍െറ അവസാന യോഗം വികാര നിര്‍ഭരം. അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍ തുടങ്ങി പതിവ് കോലാഹലങ്ങളൊന്നുമില്ലാതെ തികച്ചും സൗഹാര്‍ദ അന്തരീക്ഷത്തില്‍ 75 കൗണ്‍സിലര്‍മാരും വിടചൊല്ലി പിരിഞ്ഞു. നിലവിലെ അംഗങ്ങളില്‍ ഇരു വിഭാഗത്തുനിന്നും ഇത്തവണ മത്സരിക്കുന്ന ഒമ്പത് വീതം ‘സ്ഥാനാര്‍ഥികള്‍ക്ക്’ വിജയം നേര്‍ന്നായിരുന്നു വിടപറച്ചില്‍. പുഞ്ചിരി, മ്ളാനത, നഷ്ടബോധം, ദു$ഖം തുടങ്ങി വിവിധ വികാരങ്ങള്‍ മിന്നിമറഞ്ഞ മുഖങ്ങള്‍, നഗരസഭയിലെ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദിയര്‍പ്പിച്ച് വീടുകളിലേക്ക് മടങ്ങി. അഞ്ചു വര്‍ഷത്തെ ഭരണത്തിന് അങ്ങനെ പരിസമാപ്തിയായി. തൊട്ടതിനും പിടിച്ചതിനുമെല്ലാം ബഹളമുണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിപക്ഷ ഉപനേതാവ് കെ. മുഹമ്മദലിയുടെ വാക്കുകള്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരടക്കം കൈയടിയോടെ സ്വീകരിച്ചു. ‘പരസ്പരം കലഹിച്ചവരെങ്കിലും ദു$ഖവും സന്തോഷവും ഒന്നിച്ച് പങ്കുവെച്ചവരാണ് നമ്മള്‍. ആ സൗഹൃദവും സഹവര്‍ത്തിത്വവുമാണ് കോഴിക്കോടിന്‍െറ മനസ്സ്. ശത്രുതാ മനോഭാവമില്ലാതെ ആ കോഴിക്കോടന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിച്ച് നാം പിരിയുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍, മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഇടയില്‍ കാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത എനിക്കിരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. സ്നേഹത്തിന്‍െറ പനിനീരില്‍ ചാലിച്ച റോസാദളങ്ങള്‍ അര്‍പ്പിച്ച് ബഹുമാന്യയായ മേയറുടെ നേതൃത്വത്തില്‍ നമ്മള്‍ പുറത്തേക്ക് പോകുന്നു’ -മുഹമ്മദലി വികാരഭരിതനായി. കൂടെയുള്ളവര്‍ പിന്നില്‍നിന്ന് കുത്തിയ ഒരു നിര്‍ണായക ഘട്ടത്തില്‍ തന്‍െറ രക്ഷക്കത്തെിയത് എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്നുവെന്ന് പ്രതിപക്ഷാംഗം സി.എസ്. സത്യഭാമ തുറന്നടിച്ചു. ‘മേയര്‍ക്കുനേരെ ഞാന്‍ ഗ്ളാസെറിഞ്ഞെന്ന് കൗണ്‍സില്‍ ആരോപിച്ചപ്പോള്‍ ദൈവത്തെപ്പോലെ രക്ഷക്കത്തെിയത് എല്‍.ഡി.എഫ് കൗണ്‍സിലര്‍ എം.പി. ഹമീദ് മാത്രമാണ്. എനിക്ക് അറിവു പകര്‍ന്നുതന്ന അധ്യാപികയാണ് ഈ മേയര്‍. നഷ്ടസത്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഞാന്‍ വിടപറയുന്നത്. യുദ്ധം ചെയ്യുകയാണെങ്കില്‍ നേരിട്ടാവണം, പിന്നില്‍നിന്ന് കുത്തരുത് -ഒപ്പമുള്ള പ്രതിപക്ഷ അംഗങ്ങളെ നോക്കി സത്യഭാമ പറഞ്ഞു. പ്രതിപക്ഷാംഗം എന്‍.സി. മോയിന്‍കുട്ടിയാണ് വിടപറയല്‍ പ്രസംഗത്തിന് തുടക്കമിട്ടത്. വികസനവുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങള്‍ കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെയ്തൊഴിഞ്ഞ മഴ പോലെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കൗണ്‍സില്‍ യോഗമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ അനിത രാജന്‍ പറഞ്ഞു. മികച്ച കൗണ്‍സിലാണെങ്കിലും രാഷ്ട്രീയ അതിപ്രസരം വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സി.പി. മുസാഫിര്‍ അഹ്മദ് പറഞ്ഞു. പ്രശ്നങ്ങള്‍ രാഷ്ട്രീയവത്കരിച്ചതാണ് അതിന് കാരണമായതെന്ന് തുടര്‍ന്ന് സംസാരിച്ച യു.ഡി.എഫ് അംഗം സക്കറിയ പി. ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഏഴരവര്‍ഷം നഗരസഭ ഭരിച്ച മറ്റൊരു മേയര്‍ നമുക്കില്ളെന്ന് പ്രതിപക്ഷാംഗം പി. കിഷന്‍ചന്ദ് പറഞ്ഞു. മൂന്ന് ടേമുകള്‍ ഡെ. മേയറുടെ കസേര അലങ്കരിച്ച പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് ഇത്തരത്തിലുള്ള ഏക വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. മേയറുടെ മാതൃവാത്സല്യവും അധ്യാപക വാത്സല്യവും ലഭിച്ച കൗണ്‍സിലാണിതെന്ന് ടി. സുജന്‍ അഭിപ്രായപ്പെട്ടു. വിമര്‍ശങ്ങളെ തന്‍േറടത്തോടെ നേരിട്ട ഡെ. മേയര്‍ കൗണ്‍സിലിന്‍െറ അഭിമാനമാണെന്ന് ഒ.എം. ഭരദ്വാജ് പറഞ്ഞു. കോളജുകളിലെ സെന്‍റ് ഓഫ് പാര്‍ട്ടി പോലെ വികാരഭരിതമാണീ വിടപറച്ചിലെന്ന് പ്രതിപക്ഷാംഗം കവിത അരുണ്‍ പറഞ്ഞു. ‘ഓര്‍മകള്‍ മരിക്കുമോ’ എന്ന കവിതാശകലം ചൊല്ലിക്കൊണ്ടായിരുന്നു മേയറുടെ സമാപന പ്രസംഗം. ‘നല്ല ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല, ആ രീതിയിലുള്ള ഓര്‍മകളുമായി നമുക്ക് പുറത്തേക്ക് പോകാം. സത്യത്തിന്‍െറ, സ്നേഹത്തിന്‍െറ ഈ നഗരത്തില്‍ നമ്മുടെയീ കൗണ്‍സില്‍ ചരിത്രമായി മാറുകയാണ്. 51 വര്‍ഷം മുമ്പ് കണ്ണൂരില്‍നിന്ന് കോഴിക്കോട്ടത്തെിയ എനിക്ക് ഇതുവരെ തിരിച്ചുപോകാന്‍ തോന്നിയിട്ടില്ല. നന്ദി ആരോടു ചൊല്ളേണ്ടു എന്നു ചോദിച്ചാല്‍ അത് ജനങ്ങളോടു തന്നെ. പക്ഷേ കുടിവെള്ള വിഷയത്തില്‍മാത്രം നാം നിസ്സഹായരായി. ഇനി ഒരിക്കലും ഇതുപോലൊരു അവസരം ലഭിക്കില്ല, അത് ഉറപ്പാണ്. നിങ്ങള്‍ തന്ന സഹകരണത്തിന് നന്ദി -ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലാത്ത മേയര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിനുശേഷം ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഡയസിലത്തെി മേയര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഇതിനിടെ സി.എസ്. സത്യഭാമ മേയറുടെ കാല്‍തൊട്ട് വന്ദിച്ചതിനും കൗണ്‍സില്‍ ഹാള്‍ സാക്ഷിയായി. 15 അജണ്ടകള്‍ ഒരു മിനിറ്റുകൊണ്ട് പാസാക്കിയാണ് അവസാന കൗണ്‍സില്‍ പിരിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story