കൊടുവള്ളി നഗരസഭ: ശരീഫ കണ്ണാടിപ്പൊയില്‍ പ്രഥമ അധ്യക്ഷ
text_fieldsകൊടുവള്ളി: തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട്, നഗരസഭയായി മാറിയ കൊടുവള്ളിയുടെ പ്രഥമ അധ്യക്ഷ മുസ്ലിം ലീഗിലെ ശരീഫ കണ്ണാടിപ്പൊയിലാകും. ചൊവ്വാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങളാണ് ശരീഫയുടെ പേര് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത നിലനില്‍ക്കെ, അധ്യക്ഷസ്ഥാനത്തേക്ക് റസിയ ഇബ്രാഹിം, വി.സി. നൂര്‍ജഹാന്‍, ശരീഫ കണ്ണാടിപ്പൊയില്‍ എന്നിവരുടെ പേരുകളായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. അഴിമതി ആരോപണ വിധേയരായവര്‍ മത്സരരംഗത്തുനിന്നും മാറിനില്‍ക്കണമെന്നും അധ്യക്ഷസ്ഥാനം അങ്ങനെയുള്ളവര്‍ക്ക് നല്‍കരുതെന്നും ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുവരുകയും സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ വി.സി. നൂര്‍ജഹാന്‍െറ പേരായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ഇവര്‍ക്കുവേണ്ടിയും ഒരു വിഭാഗം രംഗത്തുവന്നിരുന്നു. റസിയയെയും നൂര്‍ജഹാനേയും മാറ്റിനിര്‍ത്തി ശരീഫയെ അധ്യക്ഷയാക്കണമെന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നതോടെയാണ് പ്രാദേശിക നേതൃത്വം ജില്ല-സംസ്ഥാന നേതൃത്വത്തെ പ്രശ്നപരിഹാരത്തിനായി സമീപിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ഞായറാഴ്ച ജില്ലാ നേതൃത്വം വിജയിച്ച മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരോട് ജില്ലാ ലീഗ് ഹൗസിലേക്ക് എത്താന്‍ നിര്‍ദേശിക്കുകയും ഓരോരുത്തരില്‍നിന്നും അവരവരുടെ അഭിപ്രായങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് വിലയിരുത്തിയ സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച രാവിലെ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിക്കുകയും രമ്യതയുടെ ഭാഗമായി ശരീഫ കണ്ണാടിപ്പൊയിലിനെ സംസ്ഥാന പ്രസിഡന്‍റ് പ്രഖ്യാപിക്കുകയുമായിരുന്നു. ശരീഫയുടെ ആറു മാസത്തെ ഭരണനിര്‍വഹണം വിലയിരുത്തിയാവും തുടര്‍ന്നും ഇവര്‍തന്നെ തല്‍സ്ഥാനത്ത് തുടരണമോ എന്ന് നേതൃത്വം തീരുമാനിക്കുകയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 2010ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി വാവാട് സെന്‍റര്‍ വാര്‍ഡില്‍നിന്നും ശരീഫ ജനപ്രതിനിധിയാവുന്നത്. പിന്നീട് ഐ.എന്‍.എല്‍ വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന ഇവര്‍ ഗ്രാമ പഞ്ചായത്തിന്‍െറ സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയായതോടെ വാവാട് സെന്‍റര്‍ 34ാം ഡിവിഷനില്‍നിന്ന് ജനവിധി തേടിയ ശരീഫ 12 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് ബുധനാഴ്ച രാവിലെ 11നാണ് തെരഞ്ഞെടുപ്പ് നടക്കുക. പരസ്യ ബാലറ്റ് പേപ്പറിലൂടെയാണ് വോട്ടിങ്. ജനപക്ഷമുന്നണിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.36 ഡിവിഷനുകളുള്ള കൊടുവള്ളിയില്‍ 19 സീറ്റുകള്‍ യു.ഡി.എഫിനും 16 സീറ്റുകള്‍ ജനപക്ഷമുന്നണിക്കും ഒരു സ്വതന്ത്രയുമാണുള്ളത്. ഗ്രൂപ് തര്‍ക്കം നിലനില്‍ക്കുന്ന കോണ്‍ഗ്രസ് എ, ഐ വിഭാഗമായി വെവ്വേറെയാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ നിലപാട് നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.