Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണീരും പൂക്കളുമായി...

കണ്ണീരും പൂക്കളുമായി ബംഗ്ളാദേശി പെണ്‍കുട്ടിയുടെ ചിത്രപ്രദര്‍ശനം

text_fields
bookmark_border
കോഴിക്കോട്: അച്ഛന്‍െറയും അമ്മയുടെയും കൂടെ കഴിയുന്ന പെണ്‍കുട്ടി. വിവാഹശേഷം ഭര്‍ത്താവിനൊത്തുള്ള ജീവിതം. പനിനീര്‍ പൂപോലെ മൂന്നു കണ്‍മണികള്‍... എന്നാല്‍, ഏതോ ഒരു ശപിക്കപ്പെട്ട നിമിഷം വീട്ടില്‍നിന്നും നാടുകാണാന്‍ ഒറ്റക്കിറങ്ങിയ അവള്‍ കാട്ടാളന്മാരുടെ കൈയില്‍ ചെന്നുപെടുന്നു. അവളെ ഉപദ്രവിച്ചവരില്‍നിന്ന് ഒരുനാള്‍ രക്ഷപ്പെട്ടെങ്കിലും എല്ലാവരാലും ഒറ്റപ്പെട്ട് കമ്പിക്കൂട്ടില്‍ അസ്ഥിത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് ഭാവി ഒരു ചോദ്യചിഹ്നമായി കഴിയേണ്ടിവരുന്ന ജീവിതം. ഒറ്റ കാന്‍വാസില്‍ പകര്‍ത്തിയ പത്തോളം ചിത്രങ്ങള്‍ പറയുന്ന ഈ കഥ എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ പീഡനത്തിനിരയാകേണ്ടിവന്ന ബംഗ്ളാദേശി യുവതിയുടെതാണ്. സ്വന്തം ജീവിതം കാന്‍വാസിലേക്ക് പകര്‍ത്തി അവള്‍ തന്‍െറ ദുരന്തങ്ങളുടെ ആഘാതത്തില്‍നിന്ന് രക്ഷനേടാന്‍ ശ്രമിക്കുകയാണ്. 34 ഫീമെയില്‍ ബംഗ്ളാദേശ് എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ബംഗ്ളാദേശി യുവതി വരച്ച 18 ചിത്രങ്ങളുടെ പ്രദര്‍ശനമാണുള്ളത്. ഗാന്ധിജിയെ പശ്ചാത്തലമാക്കി വരച്ച കണ്ണുകെട്ടിയ നീതിദേവതയുടെ താഴ്ന്ന തുലാസില്‍ ‘മാനം’ നഷ്ടപ്പെട്ട പെണ്ണിന്‍െറ കണ്ണീരാണ് വീഴുന്നത്. തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസമൊന്നും ചിത്രകാരിക്കില്ല. അടുത്ത ചിത്രത്തില്‍ മുഖമില്ലാത്ത രൂപത്തെ ചവിട്ടിമെതിച്ച് അവള്‍ കുതിരപ്പുറത്ത് മുന്നേറുന്ന കാഴ്ചയാണ്. ശക്തയായ സ്ത്രീയെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ദിര ഗാന്ധിയുടെ ചിരിക്കുന്ന മുഖത്തിലൂടെ സ്വയം കരുത്തു നേടുകയാണവള്‍. കൊടുങ്കാറ്റിനെ പ്രതിരോധിച്ച് നില്‍ക്കുന്ന സ്ത്രീ, അമ്പേറ്റ മുയല്‍ക്കുഞ്ഞിനെ അലിവോടെ നോക്കുന്ന മാലാഖ എന്നിവ നടുക്കുന്ന ഓര്‍മകളില്‍നിന്ന് അവളുടെ രക്ഷനേടലാണ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീയെ ചുറ്റിവരിഞ്ഞ് കൊത്താന്‍ തക്കവണ്ണം നില്‍ക്കുന്ന ‘മാനം’ എന്ന സര്‍പ്പം, കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന സ്ത്രീരൂപത്തെ പിളര്‍ന്ന് തീജ്വാലയോടെ പേനയും പുസ്തകവുമായിറങ്ങുന്ന സ്ത്രീ, വെള്ളപ്പൊക്കത്തില്‍പെട്ട് മരവള്ളിയില്‍ തൂങ്ങിനില്‍ക്കുന്ന സ്ത്രീ എന്നിങ്ങനെ വിവരിക്കാം ചിത്രങ്ങളെ. കണ്ണീരിനപ്പുറം പൂക്കളും പുതിയ സൂര്യോദയവും, മയിലും പൂമ്പാറ്റയും ശിവക്ഷേത്രവുമെല്ലാം ജീവിതമെന്ന കാന്‍വാസിലെ അവളുടെ പ്രതീക്ഷകളെയാണ് വരച്ചിടുന്നത്. എട്ടുദിവസമാണ് പ്രദര്‍ശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story