Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2015 4:25 PM IST Updated On
date_range 14 Nov 2015 4:25 PM ISTകുട്ടികളിലെ ലൈംഗികാതിക്രമം: ഇരകളില്‍ 52 ശതമാനവും 10-14 പ്രായക്കാര്‍
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിലെ കുട്ടികളില്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നവരില്‍ 52 ശതമാനവും 10നും 14നും മധ്യേ പ്രായമുള്ളവര്‍. 33 ശതമാനം പേര്‍ 15നും 18നും മധ്യേയും. അഞ്ചിനും ഒമ്പതിനും ഇടക്ക് പ്രായമുള്ള 15 ശതമാനം പേരും ലൈംഗികപീഡനത്തിനിരയായി. ആറുമാസത്തിനിടെ ചൈല്‍ഡ്ലൈനില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുകളിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുട്ടികളെ പീഡിപ്പിച്ചവരില്‍ ഏറ്റവുംകൂടുതല്‍ അയല്‍വാസികളാണ്. അച്ഛന്‍, രണ്ടാനച്ഛന്‍, കടക്കാരന്‍, കാമുകന്‍, ബന്ധുക്കള്‍, അപരിചിതര്‍, സഹപാഠികള്‍ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെയായി 46 ലൈംഗികാതിക്രമ കേസുകളാണ് ചൈല്‍ഡ്ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24 കേസുകളും 10നും 14നും മധ്യേ പ്രായക്കാരാണ്. പീഡിപ്പിക്കപ്പെട്ടവരില്‍ 54 ശതമാനം പെണ്‍കുട്ടികളും 46 ശതമാനം ആണ്‍കുട്ടികളുമാണ്. കുറ്റക്കാരില്‍ 37 ശതമാനമാണ് അയല്‍വാസികള്‍. അപരിചിതര്‍-20, അച്ഛന്‍-ഒമ്പത്, ബന്ധുക്കള്‍-ഒമ്പത്, സഹപാഠികള്‍-ഏഴ്, കടക്കാര്‍-ആറ്, രണ്ടാനച്ഛന്‍-നാല്, കാമുകന്‍-നാല്, അധ്യാപകര്‍-രണ്ട് എന്നിങ്ങനെയാണ് പ്രതികളുടെ ശതമാനംതിരിച്ച കണക്ക്. പൊള്ളലേല്‍പിക്കല്‍, മര്‍ദനം തുടങ്ങി ശാരീരിക പീഡനത്തിനിരയായ 58 കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. ഇരകളില്‍ 36 ശതമാനം പേരും 15നും 18നും മധ്യേ പ്രായക്കാര്‍. 10നും 14നും മധ്യേ-33, അഞ്ചിനും ഒമ്പതിനും മധ്യേ-21, നാലുവയസ്സു വരെയുള്ളവര്‍ 10 എന്നിങ്ങനെയാണ് ശതമാനംതിരിച്ച കണക്ക്. ഇരകളില്‍ 59 ശതമാനം ആണ്‍കുട്ടികളും 41 ശതമാനം പെണ്‍കുട്ടികളുമാണ്. ശാരീരിക പീഡനമേല്‍പിക്കുന്നവരാകട്ടെ 34 ശതമാനവും രക്ഷിതാക്കളെന്നതാണ് ആശ്ചര്യകരം. അധ്യാപകര്‍ 12, മാതാവ് 12, അപരിചിതര്‍ 16, അയല്‍വാസികള്‍ ഏഴ് എന്നിങ്ങനെയാണ് മറ്റുള്ളവര്‍. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന 41 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇരകളില്‍ 41 ശതമാനവും 10-14 പ്രായക്കാര്‍. 15-18 പ്രായക്കാര്‍ 34, അഞ്ചിനും ഒമ്പതിനുമിടക്കുള്ളവര്‍-20 എന്നിങ്ങനെയാണ് മറ്റു പ്രായക്കാര്‍. മാനസികപീഡനമേല്‍ക്കുന്നവരില്‍ 68 ശതമാനം പെണ്‍കുട്ടികളും 32 ശതമാനം ആണ്‍കുട്ടികളുമാണ്. ബാലഭിക്ഷാടനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തവയില്‍ 46 ശതമാനവും അഞ്ചിനും ഒമ്പതിനും ഇടക്കുള്ളവരാണ്. റോഡ്, ബസ്, ബീച്ച് എന്നിവിടങ്ങളില്‍ ഭിക്ഷാടനം നടത്തിയ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാലു വയസ്സിനുതാഴെ നാലും അഞ്ചിനും ഒമ്പതിനുമിടക്ക് ആറും 10നും 14നുമിടക്ക് മൂന്നും കുട്ടികളാണ് ഭിക്ഷാടനത്തിനിടെ പിടിയിലായത്. ബാലവേലക്ക് ആറു കേസുകളും ആറുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തു. അഞ്ചിനും ഒമ്പതിനും മധ്യേ പ്രായമുള്ള ഒന്നിനും 10നും 14നുമിടക്കുള്ള രണ്ടും 15നും 18നുമിടക്ക് മൂന്നും കേസുകളാണിവ. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണിവര്‍. പിടിക്കപ്പെട്ട ആറില്‍ അഞ്ചുപേരും വീട്ടുവേലക്കാരാണ്. 18 വയസ്സിനുതാഴെ വിവാഹംചെയ്ത നാലു സംഭവങ്ങളും ചൈല്‍ഡ്ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. പൂവത്തായി, തിരുവമ്പാടി, നല്ലളം, കൊടുവള്ളി എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story