തുലാമഴയില്‍ പ്രളയ നഗരം
text_fieldsകോഴിക്കോട്: തുലാമഴ പെയ്തിറങ്ങിയപ്പോള്‍ നഗരത്തില്‍ വെള്ളപ്പൊക്കം. രാവിലെ മുതല്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചപ്പോഴേക്കും കോഴിക്കോട് നഗരം ഉച്ചവരെ വെള്ളത്തിലായി. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ രാവിലെ ബസിറങ്ങിയവര്‍ കറുത്ത ചളിവെള്ളം നീന്തേണ്ടിവന്നു. വാഹനങ്ങള്‍ സ്റ്റാന്‍ഡിനുള്ളിലൂടെ ചീറിപ്പാഞ്ഞ് ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ച് യാത്രക്കാരെ ചളിയില്‍ കുളിപ്പിച്ചു. രാജാജി റോഡിലും ബസിറങ്ങുന്നിടം പൂര്‍ണമായി വെള്ളത്തിലായിരുന്നു. ചളിയും വെള്ളവും മറ്റു മാലിന്യങ്ങളും ചേര്‍ന്ന് കറുത്ത നിറത്തിലുള്ള വെള്ളമാണ് ഒഴുകിയത്.
പാവമണി റോഡില്‍ ഒരുവശം പൂര്‍ണമായി വെള്ളത്തിനടിയിലായി. റോഡുയരുന്നതിനനുസരിച്ച് നടപ്പാത ഉയരാത്തതാണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്. റാംമോഹന് റോഡിന്‍െറ തുടക്കത്തിലുള്ള വെള്ളക്കെട്ട് വാഹനഗതാഗതം ബുദ്ധിമുട്ടിലാക്കി. ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും നിരന്തരം വെള്ളത്തില്‍ ഓഫായി. യാത്രതുടരാനാകാതെ യാത്രികര്‍ വെള്ളത്തിലിറങ്ങി നടക്കേണ്ട ഗതികേടിലായിരുന്നു. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ചളിവെള്ളത്തില്‍ കുളിച്ചാണ് മടങ്ങിയത്. പാവമണി റോഡില്‍ നടപ്പാതയിലേക്കും തൊട്ടടുത്ത കടകള്‍ക്കുള്ളിലേക്കും വെള്ളം കയറി.
മാനാഞ്ചിറ എല്‍.ഐ.സി കോര്‍ണറിലേക്കുള്ള വളവിലും ബീച്ചിലേക്കുള്ള ബസ്സ്റ്റോപ്പിലും വെള്ളക്കെട്ട് യാത്രികരെ വലച്ചു. മാവൂര്‍ റോഡിന്‍െറ ഇരുവശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകള്‍ മിക്കതും വെള്ളത്തിലായി. നടപ്പാതയിലെ മാലിന്യങ്ങളും റോഡരികിലെ വെള്ളക്കെട്ടും മൂലം കാല്‍നടക്കാര്‍ ബുദ്ധിമുട്ടി. പല ഭാഗങ്ങളിലേക്കും പോകാന്‍ ഓട്ടോറിക്ഷകള്‍ തയാറായില്ല.
പുതിയറ റോഡില്‍ പൈപ്പ് പണി നടക്കുന്നതിനാല്‍ ചളി നിറഞ്ഞ് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലാണ്. വാഹനങ്ങളും കാല്‍നടക്കാരും ചളിയിലും കുഴിയിലും വീണതുമൂലം ഇവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഫലത്തില്‍, മഴ പെയ്തതോടെ നഗരം വെള്ളത്തിലമര്ന്നതോടൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.