വനിതാ നഴ്സിനെ അപമാനിച്ച ഓട്ടോഡ്രൈവര്‍ക്ക് പിഴയും ബോധവത്കരണവും
text_fieldsകോഴിക്കോട്: ഓട്ടം വിളിച്ചത് കുറഞ്ഞ ദൂരത്തേക്കെന്ന കാരണത്താല്‍ വനിതാ നഴ്സിനെ നടുറോഡില്‍ അപമാനിച്ച ഓട്ടോ ഡ്രൈവറെ ട്രാഫിക് പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി നടപടി സ്വീകരിച്ചു.
ചെന്നൈ-മംഗലാപുരം മെയിലില്‍ കോഴിക്കോട്ടിറങ്ങിയ കോട്ടപ്പറമ്പ് ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനാണ് സത്യത്തിന്‍െറ നഗരമെന്നറിയപ്പെടുന്ന കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറില്‍നിന്ന് ദുരനുഭവമുണ്ടായത്. കൈവശം ലഗേജുള്ളതിനാല്‍ നാലാം പ്ളാറ്റ്ഫോമിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇവര്‍ കയറി. മീറ്ററിട്ട് മുന്നോട്ടുപോയ ഡ്രൈവര്‍ എരഞ്ഞിപ്പാലം സ്വദേശി നളിനാക്ഷന്‍, ഇറങ്ങേണ്ട സ്ഥലം ഏതെന്ന് ചോദിച്ചു. കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലാണെന്ന് പറഞ്ഞപ്പോള്‍, സ്ഥലം അറിയില്ളെന്ന് പറഞ്ഞ് ഓട്ടോ റോഡില്‍ നിര്‍ത്തുകയായിരുന്നു. പാളയം ബസ്സ്റ്റാന്‍ഡിന് തൊട്ടടുത്ത ആശുപത്രി താന്‍ കാണിച്ചുതരാമെന്ന് പറഞ്ഞപ്പോള്‍ ക്ഷുഭിതനായ ഡ്രൈവര്‍ പുറത്തിറങ്ങിനടന്നു. നഴ്സ് ഫോണ്‍ ചെയ്യുന്നത് കണ്ട ഇയാള്‍ മടങ്ങിവന്ന് അസഭ്യം പറഞ്ഞു. വഴിയിലുടനീളം ശണ്ഠകൂടിയാണ് ഓട്ടോ ഓടിച്ചത്. അപമാനിതയായ നഴ്സ് ഉടന്‍തന്നെ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. കമീഷണറുടെ നിര്‍ദേശപ്രകാരം ട്രാഫിക് അസി. കമീഷണര്‍ എ.കെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ഓട്ടോ മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു.
യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ക്ക് ഒരു ദിവസത്തെ ബോധവത്കരണ ക്ളാസ് നല്‍കാനും പിഴ ഈടാക്കാനും കമീഷണര്‍ ഉത്തരവിട്ടു. ഇതേതുടര്‍ന്ന് 500 രൂപ പിഴ ഈടാക്കുകയും ഡ്രൈവറെ ഒരു ദിവസത്തെ ബോധവത്കരണ ക്ളാസിലിരുത്തുകയും ചെയ്തു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയില്‍ ഉടനടി പരിഹാരമുണ്ടാക്കണമെന്നും ഇത്തരം ഡ്രൈവര്‍മാരെ ബോധവത്കരണ ക്ളാസില്‍ പങ്കെടുപ്പിക്കണമെന്നും സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ ട്രാഫിക് പൊലീസിന് കര്‍ശനനിര്‍ദേശം നല്‍കി.
അതേസമയം, പരാതിയുമായി ട്രാഫിക് പരാതി പരിഹാര സെല്ലില്‍ എത്തുന്നവരെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കുന്നതായി സെല്ലിലെ ഒരു എസ്.ഐക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇയാളെ പരാതി പരിഹാര സെല്ലില്‍നിന്ന് ഉടന്‍ മാറ്റാന്‍ കമീഷണര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ ലഗേജുമായി ട്രെയിനിറങ്ങുന്നവരെ ഓട്ടോയില്‍ കയറ്റുകയും പിന്നീട് ദൂരം കുറവാണെന്ന് മനസ്സിലായാല്‍ ഓട്ടംപോകാന്‍ മടിക്കുകയും ചെയ്യുന്ന പ്രവണത നാലാം പ്ളാറ്റ്ഫോമില്‍ കൂടിവരുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ട്രാഫിക് അസി. കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.