Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2015 4:39 PM IST Updated On
date_range 27 Aug 2015 4:39 PM ISTഅനാക്കൊണ്ടകള്‍ക്ക് ഇനി ശീതീകരിച്ച വാസസ്ഥലം
text_fieldsbookmark_border
തിരുവനന്തപുരം: സന്ദര്‍ശകര്‍ക്ക് ഇനി അനാക്കൊണ്ടകളെ പ്രത്യേക കൂട്ടില്‍ കാണാം. മൃഗശാലയില്‍ പുതുതായി നിര്‍മിച്ച പാമ്പിന് കൂട്ടിലേക്കാണ് (റെപ്റ്റൈല്‍ എന്‍ക്ളോഷര്‍) ഇവയെ മാറ്റിയത്. 2.16 കോടിയിലധികം രൂപ മുടക്കി നിര്‍മിച്ച ശീതീകരിച്ച കൂട് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷം മുമ്പ് പ്രതിവര്‍ഷം ഒരുകോടിയില്‍ താഴെ വരുമാനമുണ്ടായിരുന്ന മൃഗശാലയില്‍ ഇപ്പോള്‍ ആറ് കോടിയിലേറെ വരുമാനമുണ്ടെന്നും സന്ദര്‍ശകരെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ് അതിന് കാരണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി.കെ. ജയലക്ഷ്മി മൃഗശാല വകുപ്പിന്‍െറ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണ്‍ ആണ് വെബ്സൈറ്റ് തയാറാക്കിയത്. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മൃഗശാലാ ഡയറക്ടര്‍ കെ. ഗംഗാധരന്, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എ. ഷാജി, മൃഗശാലാ സൂപ്രണ്ട് സദാശിവന് പിള്ള എന്നിവര്‍ പങ്കെടുത്തു. പഴയ കൂടുകള്‍ക്കുണ്ടായിരുന്ന സ്ഥലപരിമിതിയും പാമ്പുകളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലാത്തതുമാണ് പുതിയ കൂടിന്‍െറ നിര്‍മാണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. 2014 ഏപ്രില്‍ 10നാണ് അനാക്കൊണ്ടകളെ മൃഗശാലയില്‍ എത്തിച്ചത്. അന്ന് തീരെ വലിപ്പം കുറഞ്ഞവയായിരുന്നു ഇവ. എന്നാല്‍, ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞപ്പോള്‍ ഇവയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതായി. സിനിമകളില്‍ കാണുന്ന അനാക്കൊണ്ടയെ അനുസ്മരിപ്പിക്കുന്നവിധമാകാന് ഏതാനും വര്‍ഷം മതിയാകും. അപ്പോള്‍ കൂടുകളുടെ വലിപ്പം ഇനിയും വര്‍ധിപ്പിക്കേണ്ടിവരും. നിലവില്‍ പണികഴിപ്പിച്ച എ.സി കെട്ടിടത്തില്‍ അനാക്കൊണ്ടകളും ഒരു രാജവെമ്പാലയും മാത്രമാണ് താമസക്കാര്‍. ഇതിനോട് ചേര്‍ന്ന മറ്റു ചെറുകൂടുകളില് മറ്റിനം പാമ്പുകളെയും പാര്‍പ്പിക്കും. തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ഉപകേന്ദ്രങ്ങളായ തൃശൂര്‍ മൃഗശാലയുടെയും കോഴിക്കോട് കൃഷ്ണമേനോന് മ്യൂസിയത്തിന്‍െറയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷാ വെബ്സൈറ്റാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story