റബർ ബോർഡ്​ സംഭരണം 50 ടൺ കവിഞ്ഞു

03:32 AM
10/05/2020
കോട്ടയം: കർഷകരിൽനിന്ന് നേരിട്ട് റബർ വാങ്ങാനുള്ള പദ്ധതിയനുസരിച്ച് റബർ ബോർഡ് ഇതുവരെ വാങ്ങിയത് 51 ടൺ. റബർ ബോർഡിൻെറയും റബർ ഉൽപാദക സംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള എട്ട് കമ്പനികളാണ് കർഷകരിൽനിന്ന് റബർ വാങ്ങുന്നത്. റബർ വില കുത്തനെ കുറയുന്നതിന് തടയിടാനും ചെറുകിട കർഷകരെ സഹായിക്കാനും ലക്ഷ്യമിട്ടായിരുന്നു ബോർഡ് തീരുമാനം. ഒരു ചെറുകിട കർഷകനിൽനിന്ന് പരമാവധി 100 കിലോവരെ റബറാണ് സംഭരിക്കുക. ആദ്യഘട്ടമെന്ന നിലയിൽ കിലോക്ക് 100 രൂപയാകും കർഷകർക്ക് നൽകുക. പിന്നീട് വിപണി സജീവമാകുകയും വില നിശ്ചയിക്കുകയും ചെയ്യുേമ്പാൾ അന്നത്തെ വിലയനുസരിച്ച് ബാക്കി തുക നൽകും. വള്ളത്തോൾ റബേഴ്സ് (തൃശൂർ), വേമ്പനാട് റബേഴ്സ് (എറണാകുളം), മണിമലയാർ റബേഴ്സ് (കോട്ടയം), കാഞ്ഞിരപ്പള്ളി റബേഴ്സ് (കാഞ്ഞിരപ്പള്ളി), കവണാർ ലാറ്റക്സ് (പാലാ), എഴുത്തച്ഛൻ റബേഴ്സ് (നിലമ്പൂർ), സഹ്യാദ്രി റബേഴ്സ് (പുനലൂർ) അടൂർ റബേഴ്സ് (അടൂർ) എന്നീ കമ്പനികളാണ് റബർ സംഭരിക്കുക. കർഷകർക്ക് നേരിട്ട് കമ്പനികളിൽ റബർ എത്തിച്ചുനൽകാം. ഇപ്പോൾ ആർ.പി.എസുകളും കർഷകരിൽനിന്ന് റബർ വാങ്ങി ഈ കമ്പനികൾക്ക് കൈമാറുന്നുണ്ട്. ഇതിൻെറ കൈകാര്യചെലവായി ആർ.പി.എസുകൾക്ക് ഒരുരൂപ അനുവദിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ഒരോ കമ്പനിക്കും റബർ ബോർഡ് 10 ലക്ഷം രൂപവീതമാണ് റബർ വാങ്ങാനായി നൽകിയിരിക്കുന്നത്.
Loading...