കോവിഡ്​ ഭീതി; കുട്ടി മോഷ്​ടാക്കളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു

03:32 AM
10/05/2020
ഗാന്ധിനഗർ(കോട്ടയം): മോഷണക്കേസിൽ പിടിയിലായ പ്രായപൂർത്തിയാവാത്ത പ്രതികളെ കോവിഡ് പശ്ചാത്തലത്തിൽ ജുവൈനൽ കോടതിയിൽ ഹാജരാക്കാതെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞുവിട്ടു. മണർകാട്, വാകത്താനം സ്റ്റേഷൻ പരിധിയിൽ വരുന്ന 14ഉം 15 ഉം വയസ്സുള്ള രണ്ട് കുട്ടികളെ വെള്ളിയാഴ്ചയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. ഇവരുടെ പേരിൽ മറ്റ് പൊലീസ് സ്റ്റേഷനുകളിലും മോഷണ കേസുള്ളതിനാൽ കോടതിയിൽ ഹാജരാക്കിയാൽ ജുവനൈൽ ഹോമിലേക്ക് അയക്കാൻ സാധ്യതയുണ്ട്. നിലവിൽ അവിടെ താമസിപ്പിക്കുന്നത് ബുദ്ധിമുട്ട് ആകുമെന്ന വിലയിരുത്തലിലാണ് പൊലീസ് താക്കീത് നൽകി പറഞ്ഞുവിട്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് മൊബൈൽ ഫോൺ, പണം എന്നിവ മോഷ്ടിക്കുകയായിരുന്നു ഇവരുടെ പതിവ്. രണ്ടു മൊബൈൽ ഫോണുകളും 3000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പാമ്പാടി പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ടു മോഷണക്കേസ് നിലവിലുണ്ടെന്ന് പാമ്പാടി എസ്.എച്ച്.ഒ പറഞ്ഞു.
Loading...