ഹാമറിന്​ വൻ സുരക്ഷ

05:01 AM
09/11/2019
കോട്ടയം: 'ഹാമര്‍ മത്സരങ്ങള്‍ ആരംഭിക്കാൻ പോവുകയാണ്. മത്സരാര്‍ഥികളും ഒഫീഷ്യല്‍സും അല്ലാതെ ആരും ഗ്രൗണ്ടിലേക്ക് കടക്കരുത്'. വെള്ളിയാഴ്ച രാവിലെ 11ഓടെ പലതവണ ഈ അനൗൺസ്മൻെറ് മുഴങ്ങിയതോടെ ഏറെക്കുറെ മൈതാനം വിജനമായി. ഇതിനൊപ്പം മറ്റ് മത്സരങ്ങളെല്ലാം നിർത്തുകയും ചെയ്തു. ഇതോടെ ഹാമർ മത്സരാര്‍ഥികളും കായികാധ്യാപകരും മാത്രം മൈതാനത്ത്. അഫീലിൻെറ ജീവനെടുത്ത പാലാ സ്റ്റേഡിയത്തിലെ ഫീൽഡ് വീണ്ടുമൊരു ഹാമർ മത്സരത്തിന് വേദിയായപ്പോൾ ഒരുക്കിയത് വൻ സുരക്ഷ. ലോ ആൻഡ് ഓർഡർ കമ്മിറ്റി കൺവീനർ അനൂപിൻെറ നേതൃത്വത്തിൽ ഏഴ് അധ്യാപകരാണ് സുരക്ഷ ചുമതല വഹിച്ചത്. ആദ്യം സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹാമർ ത്രോയാണ് നടത്തിയത്. ഏറെ ശ്രദ്ധയോടെയായിരുന്നു ഒരോരുത്തർക്കും അവസരം നൽകിയത്. അധ്യാപകർ തന്നെയായിരുന്നു വളൻറിയർമാരായും പ്രവർത്തിച്ചത്. ഇവർ ഹാമർ എടുത്ത് മത്സരാർഥികൾക്ക് നൽകുകയും ചെയ്തു. എന്നാൽ, മത്സരത്തിനിടെ എട്ടുതവണ ഹാമര്‍ പരിധിവിട്ടു പറന്നു. ഒരുതവണ ഹാമര്‍ സുരക്ഷക്കായി ഒരുക്കിയ വലയില്‍ ഉടക്കിക്കിടന്നു. കായികാധ്യാപകന്‍ മുകളില്‍ കയറിയാണ് ഹാമര്‍ എടുത്തത്. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരം ഒരുമണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ നടന്നത്. വെയിലിൽ വാടി താരങ്ങൾ കോട്ടയം: ജില്ല സ്‌കൂൾ കായികമേളയിലെ താരങ്ങൾക്ക് കനത്ത വെല്ലുവിളിയായത് വെയിൽ. കനത്ത് ചൂടിൽ മത്സരത്തിനിടെ തളർന്നുവീണത് 35 കായികതാരങ്ങളാണ്. 400 മീറ്ററിലെ മത്സരങ്ങൾക്കിറങ്ങിയ ജൂനിയർ താരങ്ങളാണ് തളർന്നുവീണതിൽ ഏറെയും. മത്സരത്തിനിെട നിരവധി താരങ്ങൾ വെയിലിനു മുന്നിൽ തോറ്റ് പിന്മാറി. പലരും വൈദ്യസഹായം തേടുന്നതും കാണാമായിരുന്നു. കുടിവെള്ളം അടക്കം സജ്ജമാക്കിയിരുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാവുകയും ചെയ്തു.
Loading...