തലയോട്ടിയുടെ പിൻഭാഗത്തെ എല്ലിൽ നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയം

05:01 AM
09/11/2019
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ തലയോട്ടിയുടെ പിൻഭാഗത്തെ എല്ലും (സീ വൺ) കഴുത്തിലെ എല്ലും തെന്നിമാറിയതിനെ തുടർന്ന് ന്യൂറോ സർജറി വിഭാഗം നടത്തിയ അപൂർവ ശസ്ത്രക്രിയ വിജയം. കൊടുങ്ങല്ലൂർ സ്വദേശിനി ഫാത്തിമക്കാണ് (13) ശസ്ത്രക്രിയ നടത്തിയത്. കൈകാൽ ബലക്കുറവ്, നടക്കാൻ ബുദ്ധിമുട്ട്, തല ചരിഞ്ഞ നിലയിൽ എന്നീ അവസ്ഥയുമായി മൂന്നാഴ്ച മുമ്പാണ് കോട്ടയം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗത്തിൽ ഫാത്തിമയെ രക്ഷിതാക്കൾ കൊണ്ടുവരുന്നത്. ബംഗളൂരുവിൽനിന്നുള്ള ഫൈബർ കൊണ്ട് നിർമിച്ച 'ത്രീഡി റീ പ്രിൻറ്' ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഈ ഫൈബർ ഡമ്മി ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നത് കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളജിലാണെന്ന് വകുപ്പ് മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു. 20,000 രൂപ വിലയുണ്ടായിരുന്ന ഈ ഉപകരണത്തിന് 5000 രൂപ മാത്രമേ ചെലവ് വന്നുള്ളൂ. ഡോ. കെ.എം. ഗിരീഷ്, ഡോ. ടിനു രവി എബ്രഹാം, ഡോ. ഷാജു മാത്യു, ഡോ. വിനു വി. ഗോപൻ, ഡോ. നിഖിൽ പ്രദീപ്, ഡോ. ഇർമ ഖാൻ മുഹമ്മദ് എന്നിവരും അനസ്തേഷ്യ വിഭാഗത്തിൽ ഡോ. രതീഷ് കുമാർ, ഡോ. ശാന്തി, സിസ്റ്റർ അനുപമ എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.
Loading...