Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാണിയൊഴിഞ്ഞ പാലായിൽ...

മാണിയൊഴിഞ്ഞ പാലായിൽ നാലാം അങ്കത്തിന്​ മാണി സി. കാപ്പ​ൻ

text_fields
bookmark_border
കോട്ടയം: കെ.എം. മാണി അരങ്ങൊഴിഞ്ഞ പാലാ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുേമ്പാൾ എൽ.ഡി.എഫ് മുഖമായി വീണ്ടും മാ ണി സി. കാപ്പൻ. വലിയൊരു രാഷ്ട്രീയ പാരമ്പര്യം സ്വന്തമായ, സിനിമയിലും വോളിബാള്‍ കോര്‍ട്ടിലും വിജയസ്മാഷുകള്‍ ഉതിര്‍ത്ത മാണി സി. കാപ്പനിത് നാലാം അങ്കം. അതികായനായിരുന്ന കെ.എം. മാണിക്ക് മുന്നിൽ കാലിടറിയെങ്കിലും മൂന്നുതവണയും അദ്ദേഹത്തിൻെറ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞതാണ് ആത്മവിശ്വാസം. രൂപവത്കരണം മുതൽ കെ.എം. മാണിയെ അല്ലാതെ മറ്റൊരാളെ തെരഞ്ഞെടുത്തിട്ടില്ലാത്ത പാലാ, അദ്ദേഹത്തിൻെറ അഭാവത്തിൽ കാപ്പന് ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. 2006ലെ ആദ്യ അങ്കത്തിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 24,000ത്തിൽനിന്ന് 7500 ആയി കുറക്കാൻ കാപ്പന് കഴിഞ്ഞു. 2011ൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 5277 വോട്ടാക്കി കുറച്ചു. കഴിഞ്ഞതവണ 4307 വോട്ടിനായിരുന്നു പരാജയം. ഇത്തവണ സി.പി.എം സീറ്റ് പിടിച്ചെടുത്ത് സ്വതന്ത്രനെ പരീക്ഷിക്കുമെന്ന പ്രചാരണം ഉയർന്നിരുന്നെങ്കിലും മാണി സി. കാപ്പനെ തന്നെ സി.പി.എമ്മും വിശ്വാസത്തിലെടുത്തു. കാപ്പനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് എൻ.സി.പിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. നിര്യാതനായ ഉഴവൂർ വിജയനെതിരെയുള്ള പരാമർശങ്ങളാണ് ഒരുവിഭാഗത്തെ എതിർചേരിയിലാക്കിയത്. ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങും മുമ്പുതന്നെ സ്വയം സ്ഥാനാർഥി പ്രഖ്യാപനവുമായി മാണി സി. കാപ്പൻ രംഗത്ത് എത്തിയത് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണനെ അടക്കം നേരിൽകണ്ട് പരിഭവം പറഞ്ഞുതീർക്കുകയായിരുന്നു ഈ 63കാരൻ. പുതിയ എതിരാളി െക.എം. മാണിയോളം വരില്ലെന്നതും മൂന്നുതവണയായി സൃഷ്ടിച്ചെടുത്ത ബന്ധങ്ങളുമാണ് കരുത്തായി പാലാ മുണ്ടാങ്കല്‍ പള്ളിക്കടുത്ത് താമസിക്കുന്ന കാപ്പൻ കാണുന്നത്. എന്‍.സി.പി ഒരു മുന്നണിയിലും ഇല്ലാത്ത കാലത്ത് പത്തനംതിട്ടയില്‍നിന്ന് ലോക്സഭയിലേക്കും ഒരുകൈ നോക്കിയ കാപ്പൻ, 2000 മുതല്‍ 2005വരെ പാലാ നഗരസഭ അംഗമായിരുന്നു. എന്‍.സി.പി സംസ്ഥാന ട്രഷററായിരുന്നു. നിലവിൽ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാണ്. നാളികേര വികസന കോർപറേഷൻ മുൻവൈസ് ചെയർമാൻ, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് കമ്മിറ്റി അംഗം, മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡൻറ് എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍ പാലായുടെ നഗരപിതാവും മുന്‍ എം.പിയുമായിരുന്നു. ജിമ്മി ജോര്‍ജിനൊപ്പം വോളിബാൾ കളിച്ചുവളര്‍ന്ന മാണി ദേശീയതാരമായി തിളങ്ങി. മലയാളിയെ ഏറെ ചിരിപ്പിച്ച 'മേലേപ്പറമ്പില്‍ ആണ്‍വീട്' നിര്‍മിച്ചായിരുന്ന സിനിമയില്‍ സജീവമായത്. തുടര്‍ന്ന് തുടര്‍ച്ചയായി 12 സിനിമകൾ നിര്‍മിച്ചു. 'മാന്‍ ഓഫ് ദ മാച്ച്' സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ആസാമീസ് ഭാഷകളിലായി 25ല്‍പരം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോള്‍ മേഘാലയ കേന്ദ്രീകരിച്ച് കാർഷിക ബിസിനസിൽ. ആലീസാണ് ഭാര്യ. ചെറിയാന്‍ (കാനഡ), ടീന, ദീപ എന്നിവരാണ് മക്കള്‍.
Show Full Article
TAGS:LOCAL NEWS 
Next Story