Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 9:45 AM IST Updated On
date_range 9 Aug 2019 9:45 AM ISTമഴ: ഇടുക്കിയിൽ 30 ഇടത്ത് ഉരുൾപൊട്ടി മൂന്നാറിൽ പാലങ്ങൾ ഒലിച്ചുപോയി
text_fieldsbookmark_border
തൊടുപുഴ: പുഴകൾ കരകവിഞ്ഞും വ്യാപക മണ്ണിടിച്ചിലിലും ജില്ലയിൽ വൻ നാശനഷ്ടം. 30 ഇടത്ത് ഉരുൾപൊട്ടി. മൂന്നാറിൽ പെരി യവരൈ, ആറ്റുകാട് പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയി. മാങ്കുളം, മൂന്നാർ, മറയൂർ മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. മരംവീണ് കല്ലാർ വട്ടയാർ കോഴിപ്പാടൻ വീട്ടിൽ ജോബ് (30), മണ്ണിടിഞ്ഞു ചെറുതോണി ഗാന്ധിനഗർ കോളനിയിൽ പുത്തൻവിളയിൽ ഹമീദ് എന്നിവർക്ക് പരിക്കേറ്റു. സംഭരണശേഷി കവിഞ്ഞതിനെ തുടർന്ന് മലങ്കര, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ടു. ഇവയുടെ എല്ലാ ഷട്ടറുകളും തുറന്ന നിലയിലാണ്. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കെടുപ്പിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ടര അടിയോളം ഉയർന്നു. അഞ്ചു ദിവസമായി കനത്ത മഴയാണ് ഇടുക്കിയിൽ. വ്യാഴാഴ്ച രാവിലെവരെ 24 മണിക്കൂറിൽ 194.8 മി.മീ. മഴയാണ് മൂന്നാർ മേഖലയിൽ രേഖപ്പെടുത്തിയത്. പീരുമേട് 186 മി.മീറ്ററും മഴ പെയ്തു. കട്ടപ്പന കുന്തളംപാറ, വാത്തിക്കുടി തെറ്റാലിക്കട, ഗാന്ധിനഗർകോളനി, മുരിക്കാശേരി പാറസിറ്റി, കരിമ്പൻ ഗൗരിസിറ്റി, കീരിത്തോട് ചുരുളി, പെരുവന്താനം മേലോരം, ഏലപ്പാറ എന്നിവിടങ്ങളിലടക്കം 30 ഇടത്താണ് ഉരുൾപൊട്ടിയത്. പഴയമൂന്നാര്‍ പൂര്‍ണമായി വെള്ളത്തിലാണ്. മുതിരപ്പുഴയാറും കന്നിമലയാറും കവിഞ്ഞൊഴുകിയതോടെയാണ് മൂന്നാർ വെള്ളത്തിലായത്. ദേശീയപാതയിലടക്കം പുഴവെള്ളം നിറഞ്ഞതോടെ ഗതാഗതം പൂര്‍ണമായി നിലച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍-ഉദുമൽേപട്ട അന്തര്‍ സംസ്ഥാനപാത എന്നിവിടങ്ങളിലും ഗതാഗതം പൂര്‍ണമായി നിലച്ചതോടെ മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. കന്നിമലയാര്‍ കരകവിഞ്ഞതാണ് പെരിയവരൈ പാലം തകരാൻ കാരണമായത്. കഴിഞ്ഞ പ്രളയത്തില്‍ തകർന്നതിനെ തുടർന്ന് പുനർനിർമിച്ച ആറ്റുകാട് പാലം വ്യാഴാഴ്ച പുലര്‍ച്ച മുതിരപ്പുഴ കരകവിഞ്ഞതോടെയാണ് ഒലിച്ചുപോയത്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ നിലച്ചതോടെ ഹൈറേഞ്ചിൽ ആശയവിനിമയ സംവിധാനങ്ങളും അറ്റനിലയിലാണ്. മൂന്നാര്‍ കോളനിയില്‍നിന്ന് ഒഴുകിയെത്തുന്ന തോട് കരകവിഞ്ഞതോടെ വീടുകളില്‍നിന്ന് ആര്‍ക്കും പുറത്തേക്ക് വരാൻ കഴിയുന്നില്ല. മൂന്നാര്‍-നല്ലതണ്ണി, ദേവികുളം, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലകളിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story