Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2019 5:01 AM IST Updated On
date_range 6 March 2019 5:01 AM ISTകണ്ണീർക്കടലായി പേരൂര്‍ കാവുംപാടം; ലെജിക്കും മക്കള്‍ക്കും യാത്രാമൊഴി
text_fieldsbookmark_border
ഏറ്റുമാനൂര്‍: ഒഴുക്കാന്‍ കണ്ണീരൊട്ടും ബാക്കിയില്ല, ആശ്വസിപ്പിക്കാന്‍ വാക്കുകളുമില്ല. ലെജിയെയും മക്കളായ അന് നു, നൈനു എന്നിവരെയും അവസാനമായി ഒരു നോക്കുകാണാന്‍ പേരൂര്‍ കാവുംപാടത്ത് തടിച്ചുകൂടിയവർ എല്ലാവരും ബിജുവിനെയും ആതിരയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി. ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസില്‍ തിങ്കളാഴ്ച കാറിടിച്ച് മരിച്ച പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിരയില്‍ ലെജി (45) യുടെയും മക്കളായ അന്നു (20), നൈനു (17) എന്നിവരുടെയും സംസ്കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് തെള്ളകം പൊതുശ്മശാനത്തില്‍ നടന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രേണ്ടാടെയാണ് മൃതദേഹങ്ങള്‍ പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള കാവുംപാടം കോളനിയില്‍ എത്തിച്ചത്. ആരോടും ഒന്നും ഉരിയാടാതെ ഒരു തുള്ളികണ്ണീര്‍ ശേഷിക്കാതെ കരഞ്ഞുകലങ്ങി മൂകമായ അവസ്ഥയിലായിരുന്നു ആതിര. മൃതദേഹങ്ങൾ ഒരുമിച്ച് കിടത്താൻപോലും സൗകര്യം വീട്ടിൽ ഇല്ലാത്തതിനാല്‍ കോളനിയിലെ കെ.എച്ച്.സി.എയുടെ പ്രാർഥനഹാളില്‍ ആദ്യം പൊതുദര്‍ശന സൗകര്യമൊരുക്കി. തുടര്‍ന്ന് വീട്ടിലെത്തിച്ച് സംസ്കാരശുശ്രൂഷകള്‍ നടത്തി നാലോടെ തെള്ളകത്തേക്ക് വിലാപയാത്രയായി കൊണ്ടുപോയി. അന്നുവിെൻറയും നൈനുവിെൻറയും സഹപാഠികളും അധ്യാപകരും നിറമിഴികളോടെയാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷവും വിട്ടുപിരിയാനാകാതെ പലരും അവിടെത്തന്നെ നിന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമായി. കനത്ത വെയിലും അസഹ്യമായ ചൂടും ഏവരും അവഗണിച്ചു. ലെജി ഏറ്റുമാനൂര്‍ നഗരസഭയുടെ ഹരിതകർമ സേനയിലെ തൊഴിലാളിയായിരുന്നു. അന്നു വൈക്കം കൊതവറ സെൻറ് സേവ്യേഴ്സ് കോളജില്‍ അവസാനവര്‍ഷ ബികോം വിദ്യാർഥിനിയും നൈനു കാണക്കാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാർഥിനിയുമായിരുന്നു. നൈനുവിന് പിറന്നാള്‍ സമ്മാനം വാങ്ങാനും ശിവരാത്രി നാളില്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ആലുവയിലെത്തി ലെജിയുടെ അമ്മ ചെല്ലമ്മയുടെ ശ്രാദ്ധമൂട്ട് നടത്താനുമായാണ് മൂവരും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍നിന്നിറങ്ങിയത്. ശിവരാത്രിക്ക് ആലുവയിൽ പോയി ശ്രാദ്ധമൂട്ട് നടത്തുന്ന പതിവ് കഴിഞ്ഞ നാലു വർഷമായി മുടക്കമില്ലാതെ ലെജി തുടരുന്നു. ഇത്തവണയും അതിനുള്ള ഒരുക്കം നടത്തിയ ശേഷമാണ് ലെജി മക്കളോടൊപ്പം യാത്ര തിരിച്ചത്. വൈകീട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തൊഴുത് അവിടെനിന്ന് ആലുവയിലെത്തി പുലർച്ച ബലിയിടാനായിരുന്നു തീരുമാനം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മൂത്തമകൾ ആതിരയോട് വൈക്കത്ത് എത്താനും പറഞ്ഞിരുന്നു. ഇതിനിടെയാണ് മരണം ഇവരെ കവർന്നത്. എം.എല്‍.എമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, പി.കെ. ആശ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, പി.സി. തോമസ് തുടങ്ങി നിരവധിപേര്‍ കാവുംപാടത്തും സംസ്കാരം നടന്ന തെള്ളകം ശ്മശാനത്തിലും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story