Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2019 5:01 AM IST Updated On
date_range 6 March 2019 5:01 AM ISTപാലാ നഗരത്തിൽ ഇനി വൈദ്യുതി കമ്പികളില്ല; കേബിള്‍ സ്ഥാപിക്കല്‍ ഈ മാസം പൂര്‍ത്തിയാകും
text_fieldsbookmark_border
പാലാ: പാലാ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ എ.ബി.സി (ഏരിയൽ ബഡ്ജഡ് കേബിൾ) സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നു. നഗരത്തിൽ തലങ്ങുംവിലങ്ങും വലിച്ചിരിക്കുന്ന വൈദ്യുതി കമ്പികൾ ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് കേബിൾ സ്ഥാപിക്കുന്നത്. സിംഗിൾ ഫേസ്, ത്രീ ഫേസ് ലൈനുകൾ പൂർണമായും ഒഴിവാക്കി ഇന്‍സുലേറ്റഡ് കേബിള്‍ വഴി വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. പ്രസരണ നഷ്ടം കുറക്കാനും കമ്പിയുടെ തകരാർ മൂലമുള്ള വൈദ്യുതി മുടക്കം തടയാനും കഴിയുമെന്ന് അധികൃതർ പറയുന്നു. മാര്‍ച്ച് 31നകം പണി പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇപ്പോൾ ദിവസം ഒരു കിലോമീറ്റർ കേബിളുകൾ സ്ഥാപിക്കുന്നുണ്ട്. സംയോജിത ഊര്‍ജ വികസന പദ്ധതി പ്രകാരമാണ് എ.ബി.സി കേബിളുകൾ സ്ഥാപിക്കുന്നത്. പാലാ പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിൽ 35 കിലോമീറ്ററോളം 11 കെ.വി എ.ബി.സി കേബിളുകളും പത്തു കിലോമീറ്ററോളം എൽ.ടി എ.ബി.സി കേബിളുകളുമാണ് സ്ഥാപിക്കുന്നത്. ഇതിനോടകം പദ്ധതി പ്രകാരം 20 പുതിയ ട്രാന്‍സ്‌ഫോര്‍മറുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ പത്തു കിലോമീറ്റര്‍ പുതിയ 11 കെ.വി ലൈനും 20 കിലോമീറ്റര്‍ ത്രീ ഫേസ് ലൈനുകളും പൂര്‍ത്തീകരിച്ചു. മുണ്ടുപാലം മുതൽ അന്ത്യാളം വരെ നാലു കിലോമീറ്റർ അണ്ടര്‍ഗ്രൗണ്ട് 11 കെ.വി കേബിളിെൻറ പണി ഈ മാസം ആരംഭിക്കും. പാലാ ടൗണിെൻറ അതിര്‍ത്തികളിൽ ബോര്‍ഡർ മീറ്റര്‍ സ്ഥാപിച്ച് കൃത്യമായ വൈദ്യുതി ഉപഭോഗം മനസ്സിലാക്കാനും പ്രസരണ നഷ്ടം കുറക്കാനും പദ്ധതിയിലൂടെ സാധ്യമാകും. 13.5 കോടി രൂപയുടെ പണിയാണ് നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഈ തുക ഗ്രാൻറായി ലഭിക്കും. ഉള്‍ഭാഗങ്ങളിൽ മരച്ചില്ലകൾ ലൈനിൽ ഉരസാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും കേബിളുകൾ വലിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കുന്ന മുറക്ക് ചെറിയ അളവിൽ വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍കൂടി കേബിള്‍ സംവിധാനത്തിലൂടെയാക്കാന്‍ സാധിക്കും. സിംഗിള്‍ ഫേസ്, ത്രീ ഫേസ് കമ്പികള്‍ കേബിളുകളിലൂടെയാക്കുന്നത് സംസ്ഥാനത്തെ ചുരുക്കം നഗരങ്ങളിൽ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. പണി നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ പരമാവധി കുറക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും മേല്‍നോട്ടം വഹിക്കുന്ന സബ് എൻജിനീയര്‍ ചന്ദ്രലാൽ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ ഷാജി മാത്യു, സബ് എൻജിനീയർ ജി. ജയപാൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story