Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീനച്ചിലാർ മെലിയാൻ...

മീനച്ചിലാർ മെലിയാൻ കാരണം വെള്ളം സംഭരിക്കാന്‍ പ്രകൃതി ഒരുക്കിയ സംവിധാനങ്ങള്‍ ഇല്ലാതാക്കിയത്​ -പഠനസംഘം

text_fields
bookmark_border
ഈരാറ്റുപേട്ട: പ്രളയത്തിൽ സംഹാരതാണ്ഡവമാടിയ മീനച്ചിലാർ വീണ്ടും മെലിയാൻ കാരണം വെള്ളം സംഭരിക്കാന്‍ പ്രകൃതി ഒരു ക്കിയ സംവിധാനങ്ങള്‍ ഇല്ലാതാക്കിയതെന്ന് പഠനസംഘം. മീനച്ചിലാര്‍ സംരക്ഷണസമിതി നേതൃത്വത്തിലാണ് പുഴയുടെ അവസ്ഥ മനസ്സിലാക്കാൻ പഠനയാത്ര നടത്തിയത്. മീനച്ചിലാറി​െൻറ അവസ്ഥ പ്രളയാന്തരം അതിഗുരുതരമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മീനച്ചിലാര്‍ കനത്തവേനലിലെന്നവണ്ണം ഒഴുക്ക് കുറഞ്ഞ് ശോഷിച്ച നിലയിലാണ്. മുെമ്പങ്ങുമില്ലാത്തവിധം ജലനിരപ്പുയര്‍ന്ന പശ്ചാത്തലത്തില്‍ എത്ര ഉയരത്തില്‍ വെള്ളമുയര്‍ന്നു, നദിക്കുണ്ടായ മാറ്റങ്ങള്‍, ഒഴുക്കിലുണ്ടായ വ്യതിയാനം, മണല്‍നിക്ഷേപത്തി​െൻറ തോത്, നദീതീരങ്ങളില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യത്തി​െൻറ അളവ് എന്നിവയടക്കമാണ് പരിശോധിച്ചത്. നദിയിലേക്കുള്ള മാലിന്യം തള്ളലിന് കുറവൊന്നും വന്നിട്ടില്ലെന്നും പഠനസംഘം വ്യക്തമാക്കുന്നു. നദികളിലേക്ക് മാലിന്യം തള്ളുന്നതിന് ഒരു നിയന്ത്രണവുമില്ല. ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂര്‍, കോട്ടയം മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം വന്‍തോതില്‍ ആറ്റിലേക്ക് തള്ളുന്നു. ആറ്റുതീരത്തെ എല്ലാ സസ്യങ്ങളിലും തോരണംപോലെ പ്ലാസ്റ്റിക് അടിഞ്ഞനിലയിലാണ്. ഇത് സസ്യവളര്‍ച്ച തടയും. ഏത് പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള സസ്യങ്ങള്‍പോലും ഉണങ്ങിയ നിലയിലാണ്. കക്കൂസ്, വർക്ഷോപ്, സര്‍വിസ് സ്റ്റേഷന്‍, വ്യാപാരസ്ഥാപനങ്ങള്‍, ഫാക്ടറി മാലിന്യം എന്നിവ ആറ്റിലേക്ക് ഒഴുക്കിവിടുന്നത് തുടരുകയാണ്. തീരത്തെ നാല് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കുടിവെള്ളം എടുക്കുന്ന കിണറുകള്‍ ആറ്റിലുള്ളപ്പോഴാണിത്. പൂഞ്ഞാര്‍, തീക്കോയി ആറുകളുടെ നല്ലൊരു ശതമാനം പ്രദേശങ്ങളില്‍ മുമ്പ് വനമോ ചോലയോ ഉണ്ടായിരുന്നു. സ്‌പോഞ്ചുപോലെ വെള്ളം പിടിച്ചുവെച്ചിരുന്ന വനം ഇല്ലാതായി. മഴ നിന്നാലുടന്‍ ആറ് മെലിയാനുള്ള പ്രധാന കാരണം ഇതാണെന്ന് സമിതി ചൂണ്ടിക്കാട്ടി. യന്ത്രങ്ങള്‍ ഉപയോഗിച്ച് മലമടക്കുകളില്‍ വന്‍തോതില്‍ മണ്ണ് ഇളക്കിയത് സ്വാഭാവിക ജലസംഭരണശേഷി കുറച്ചു. വീണ്ടും മണ്ണ് ഉറച്ചതോടെ, പെയ്ത്തുവെള്ളം വേഗം ആറ്റിലെത്തി. കോലാഹലമേട്, വാഗമണ്‍, കുടമുരുട്ടിമല, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളില്‍ തലങ്ങുംവിലങ്ങും വന്ന റോഡുകള്‍ ഒഴുക്കിനു വേഗംകൂട്ടി. വാഗമണ്ണിലും സമീപങ്ങളിലും നിര്‍മിച്ച റിസോര്‍ട്ടുകള്‍ പുല്‍മേടുകള്‍ നശിക്കാനിടയാക്കി. ജലസംഭരണ ശേഷിയും കുറഞ്ഞു. ഇവിടങ്ങളില്‍ ഒരുമാസം മഴപെയ്തില്ലെങ്കില്‍ രൂക്ഷ ജലക്ഷാമം അനുഭവപ്പെടും. മലമടക്കുകളിലും മീനച്ചിലാറി​െൻറ പരിസരത്തുമായി ഉണ്ടായിരുന്ന പാടങ്ങള്‍ 75 ശതമാനവും ഇല്ലെന്നായി. ആറ്റിലേക്ക് വെള്ളം എത്തിക്കുന്ന 38 തോടുകളുടെയും വീതി കുറഞ്ഞു. ചെറുതോടുകള്‍ അപ്രത്യക്ഷമായി. ആറ്റില്‍ വെള്ളം പിടിച്ചുനിര്‍ത്തിയിരുന്ന മണല്‍ ഇല്ലെന്നായി. പഴയതുപോലെ മണല്‍ അടിയുന്നില്ല. പകരം ആറി​െൻറ അടിത്തട്ടില്‍ ചളി നിറഞ്ഞു. വെള്ളം തടഞ്ഞുനിര്‍ത്തുന്നതിന് നിര്‍മിച്ച തടയണകളിലും ചളിയാണ്. പലയിടത്തും ഏറെ വീതിയിലൂടെ ഒഴുകിവന്ന വെള്ളം ഇടുങ്ങിയ പ്രദേശങ്ങളിലൂടെ പോകേണ്ടിവന്നത് കരയില്‍ നാശത്തിനിടയാക്കി. പാലായില്‍ ളാലം തോട്ടില്‍നിന്നും മീനച്ചിലാറ്റില്‍നിന്നുമായി വരുന്ന വെള്ളം ബസ്സ്റ്റാന്‍ഡിന് പുറകില്‍വെച്ച് ഇടുങ്ങി ഒഴുകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സമിതി സെക്രട്ടറി എബി ഇമ്മാനുവല്‍ പൂണ്ടിക്കുളം, നേതാക്കളായ കെ.എം. സുലൈമാന്‍, പ്രിന്‍സ്, റഫീഖ് പേഴുംകാട്ടിൽ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നദിയുടെ അവസ്ഥയെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിനു കൈമാറുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story