Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:15 AM IST Updated On
date_range 31 May 2018 11:15 AM ISTരാജമലയിൽ വരയാട് സെന്‍സസ് പൂര്‍ത്തിയായി; നവജാതർ 69
text_fieldsbookmark_border
മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിെൻറ ഭാഗമായ രാജമലയിൽ വരയാടുകളുടെ എണ്ണത്തില്‍ വർധന. വനം- വന്യജീവി വകുപ്പ് നടത്തിയ സെന്‍സസിലാണ് വരയാടുകളുടെ എണ്ണത്തില്‍ ഇൗ വർഷം കാര്യമായ വർധന കണ്ടെത്തിയത്. മൂന്നാർ വനം മേഖലയില്‍ മാത്രമായി 1101 വരയാടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 വരയാടുകള്‍ വർധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഈ വര്‍ഷം രാജമലയില്‍ മാത്രം 69 വരയാട്ടിൻ കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് കണക്കെടുപ്പ് നൽകുന്ന വിവരം. 31 ബ്ലോക്കുകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു കണക്കെടുപ്പ്. വരയാടുകള്‍ കൂടുതലായി കാണപ്പെടുന്ന ഉദ്യാനത്തിലെ 13 ബ്ലോക്കുകളിലും ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷനല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലെ 18 ബ്ലോക്കുകളിലുമായിരുന്നു സർവേ. 15 മുതല്‍ 20 ചതുരശ്ര കിലോമീറ്റർ വരെയായിരുന്നു ഒരു ബ്ലോക്കിലുണ്ടായിരുന്നത്. ഒരു ബ്ലോക്കിന് നാലു പേരുള്‍പ്പെട്ട സംഘമാണ് കണക്കെടുത്തത്. മീശപ്പുലിമലയില്‍ മാത്രം 270 ആടുകളെ കണ്ടെത്തി. ജി.പി.എസ് സംവിധാനത്തോടെയായിരുന്നു സർവേ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ വെള്ളായണി കാര്‍ഷിക കോളജ്, കണ്ണൂര്‍ യൂനിവേഴ്സിറ്റി, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികള്‍, സന്നദ്ധ പ്രവര്‍ത്തകർ എന്നിവരുള്‍പ്പെട്ടതായിരുന്നു സംഘം. കേരള ഫോറസ്റ്റ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ഈസ, ഫീല്‍ഡ് ഡയറക്ടര്‍ ജോര്‍ജി പി. മാത്യു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, റേഞ്ച് ഓഫിസര്‍ സദ്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. പ്രതികൂല കാലാവസ്ഥയിലാണ് കണക്കെടുപ്പ് പൂർത്തിയാക്കിയത്. മീശപ്പുലിമല, കൊളുക്കുമല, ചൊക്കര്‍മുടി എന്നിവിടങ്ങളില്‍ രാത്രി ട്രക്കിങ്ങിെൻറ പേരില്‍ സന്ദര്‍ശകര്‍ കയറുന്നത് ആടുകളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് സർവേ സംഘം ചൂണ്ടിക്കാട്ടി. ഇവിടങ്ങളില്‍ വരയാടുകൾ കൂടുതലായി കാണപ്പെടുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. വരയാടുകളുടെ സർവേ നടത്തിയവര്‍ പുലി സാന്നിധ്യവും പാര്‍ക്കില്‍ കണ്ടെത്തി. അഞ്ചിലധികം പുലികളെ നേരില്‍ കണ്ടതായും ഇവയുടെ ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും റേഞ്ച് ഓഫിസര്‍ സദ്ദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story