Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:05 AM IST Updated On
date_range 31 March 2018 11:05 AM ISTദേശീയപാതയിൽ ടാങ്കർ ലോറിയിൽ എത്തിച്ച് മലിനജലം ഒഴുക്കുന്നു
text_fieldsbookmark_border
പീരുമേട്: രാത്രിയിൽ ടാങ്കർ ലോറിയിലെത്തിച്ച് മലിനജലം റോഡരികിൽ ഒഴുക്കുന്നു. മുറിഞ്ഞപുഴക്ക് സമീപത്തെ വിജനമായ സ്ഥലത്തും വളഞ്ചാനത്തുമാണ് ഫാക്ടറികളിൽനിന്ന് പുറന്തള്ളുന്ന മലിനജലം ഒഴുക്കുന്നത്. ഫാക്ടറികളിലെ മലിനജലം നിർമാർജനം ചെയ്യാൻ കരാറെടുത്തിട്ടുള്ളവരാണ് വിജനമായ മേഖലയിൽ വെള്ളം കളയുന്നത്. കഴിഞ്ഞ ദിവസം മലിനജലവുമായി വന്ന ടാങ്കർ ലോറിയെക്കുറിച്ച് വഴിയാത്രക്കാർ പൊലീസിൽ വിവരം നൽകിയിരുന്നു. കുട്ടിക്കാനത്ത് വാഹന പരിശോധന നടത്തുന്ന ഹൈവേ പൊലീസ് ലോറി പ്രതീക്ഷിച്ച് നിന്നെങ്കിലും മുറിഞ്ഞപുഴക്ക് സമീപം വെള്ളം ഒഴുക്കി ലോറി കടന്നുകളഞ്ഞു. രാത്രി 12ന് ശേഷമാണ് മലിനജലവുമായി ലോറി എത്തുന്നത്. റോഡിൽ വാഹനത്തിരക്ക് കുറയുമ്പോൾ ജലം ഒഴുക്കി കടന്നുകളയുകയാണ്. പിന്നിലെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു പിക് അപ് വാനും വലിയ പ്ലാസ്റ്റിക് ടാങ്കുകളിൽ മലിനജലവുമായി എത്തുന്നു. കുട്ടിക്കാനം-മദാമ്മക്കുളം റോഡിലെ വിജനമായ മേഖലകളിലാണ് ഉപേക്ഷിക്കുന്നത്. മലിനജലം ഒഴുക്കുന്ന സ്ഥലങ്ങളിൽ ദുർഗന്ധം ഉണ്ടാവുകയും കാട്ടുചെടികൾ ഉണങ്ങിപ്പോവുകയും ചെയ്യുന്നു. ശാപമോക്ഷം ലഭിക്കാതെ ഇലവീഴാപൂഞ്ചിറ റോഡ് കാഞ്ഞാർ: വർഷങ്ങളായി തകർന്നുകിടക്കുന്ന ഇലവീഴാപൂഞ്ചിറ റോഡ് നന്നാക്കാൻ ഇനിയും നടപടിയില്ല. കാഞ്ഞാർ-കാഞ്ഞിരംകവല റോഡ് എന്ന പേരിൽ ഇടുക്കി കോട്ടയം ജില്ലകളെ കൂട്ടിമുട്ടിക്കുന്നതും ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ വഴി കടന്നുപോകുന്നതുമായ റോഡാണ് മാസങ്ങളായി തകർന്ന് കിടക്കുന്നത്. 14 കോടി മുതൽ മുടക്കിൽ ഇലവീഴാപൂഞ്ചിറയിലേക്ക് റോഡ് നിർമാണം ആരംഭിച്ചെങ്കിലും നിരവധി കാരണങ്ങൾ പറഞ്ഞ് റോഡ് നിർമാണം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. റോഡ് നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും പണികൾ പകുതി പോലും പൂർത്തിയാക്കുന്നില്ല. റോഡിെൻറ വീതി കൂട്ടി സോളിങ് കല്ലുകൾ പാകുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, സോളിങ് നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തിനാൽ കല്ലുകൾ ഇളകി ചിതറിത്തെറിച്ച് കിടക്കുകയാണ്. ഇവിടേക്ക് എത്തിപ്പെടണമെങ്കിൽ സാഹസികയാത്ര നടത്തണം. റോഡ് നിർമാണത്തിെൻറ പേരിൽ ഇവിടെനിന്ന് പാറപൊട്ടിച്ച് കടത്തിയതല്ലാതെ കാര്യമായ ജോലികൾ നടത്തിയില്ല. രണ്ടിഞ്ചിന് മുകളിലുള്ള കല്ലുകൾ റോഡിൽ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതോടെ സാധാരണക്കാരുടെ യാത്ര ഇവിടെ നിലച്ചു. കാൽനടപോലും ഇതിലെ ദുഷ്‌കരം. ഓട്ടോയും കാറും സഞ്ചരിച്ചിരുന്ന ഈ വഴിയിലിപ്പോൾ ജീപ്പുകൾ പോലും ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്. ജനവാസ കേന്ദ്രമായ ചക്കിക്കാവിലുള്ള നൂറുകണക്കിനാളുകളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. എല്ലാവർക്കും ശരണം കല്ലിനുമുകളിലൂടെ ചാടിയുള്ള ജീപ്പ് യാത്ര. എത്രയും വേഗം റോഡ് ടാറ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും മെല്ലെപ്പോക്കാണ് പണി മുടങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story