Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:11 AM IST Updated On
date_range 29 March 2018 11:11 AM ISTതൊടുപുഴ നഗരസഭ: മടക്കിയ ബജറ്റിന് പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളോടെ അംഗീകാരം
text_fieldsbookmark_border
തൊടുപുഴ: കണക്കുകളിലെ അവ്യക്തതയെ തുടര്‍ന്ന് മടക്കിയ നഗരസഭ ബജറ്റിന് ഭേദഗതികളോടെ കൗണ്‍സിലിെൻറ അംഗീകാരം. ചര്‍ച്ചയില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന നിര്‍ദേശങ്ങളും ഭേദഗതികളും മുഖവിലയ്ക്കെടുത്താണ് ബജറ്റിന് അന്തിമ അംഗീകാരം. അവസാന നീക്കിയിരിപ്പ് തുകയിൽ കുറവുവരുത്തണമെന്ന പ്രതിപക്ഷത്തിെൻറ മുഖ്യ ആവശ്യവും അംഗീകരിച്ചാണ് ബജറ്റ് പാസാക്കിയത്. എൽ.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി നേതാവ് രാജീവ് പുഷ്പാംഗദനാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ക്രിയാത്മക ഭേദഗതി നിര്‍ദേശങ്ങളാണ് രാജീവ് മുന്നോട്ടുവെച്ചത്. മുനിസിപ്പാലിറ്റിയുടെ തനത് വരുമാനം വര്‍ധിപ്പിക്കാൻ നടപടി വേണം. ബജറ്റില്‍ വര്‍ഷങ്ങളായി തുക അനുവദിക്കുന്ന മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം യഥാസമയം പൂര്‍ത്തിയായിരുന്നെങ്കില്‍ തനത് വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമായിരുന്നു. 15 വര്‍ഷം മുമ്പ് ഒരു കോടിയായിരുന്നു മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് ബജറ്റില്‍ വകയിരുത്തിയത്. കാലങ്ങളായി എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ 12 കോടിയിലെത്തി. ഇക്കാലയളവില്‍ നഗരസഭക്കുണ്ടായ വരുമാനനഷ്ടത്തിന് ആര് സമാധാനം പറയുമെന്നും രാജീവ് പുഷ്പാംഗദന്‍ ചോദിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണം ചെയര്പേഴ്സെൻറ പിടിവാശിയും സര്‍ക്കാറിെൻറ നിർദേശങ്ങൾ അവഗണിച്ചതുമാണെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയര്‍മാന്‍ ആർ. ഹരി കുറ്റപ്പെടുത്തി. നഗരസഭയുടെ ഓരോ പ്രവൃത്തികളും പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 40ഓളം ജോലികള്‍ കൂട്ടിക്കെട്ടിയാണ് എസ്റ്റിമേറ്റ് ചെയ്തത്. ഇതിന് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് പ്ലാനിങ് ഓഫിസറെ വിമര്‍ശിക്കുന്ന നിലപാടാണ് ചെയര്‍പേഴ്‌സണ്‍ സ്വീകരിച്ചത്. ഒടുവിൽ ഗൈഡ്‌ലൈന്‍ അനുസരിച്ച് എസ്റ്റിമേറ്റ് തയാറാക്കേണ്ടി വന്നു. ഇതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ഹരി കുറ്റപ്പെടുത്തി. പദ്ധതി ചെലവ് 92 ശതമാനമാണെന്നാണ് ചെയര്‍പേഴ്‌സണ്‍ അവകാശപ്പെടുന്നത്. എന്നാല്‍, 50 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി അംഗങ്ങളായ രേണുക രാജശേഖരൻ, ബാബു പരമേശ്വരന്‍ എന്നിവർ തങ്ങൾ നിർദേശിച്ച ഭേദഗതി അംഗീകരിച്ചാൽ മാത്രമേ ബജറ്റ് അംഗീകരിക്കൂ എന്ന നിലപാടെടുത്തു. വര്‍ഷാരംഭത്തിലെ മുന്നിരിപ്പായ 57,89,157 രൂപ അടക്കം 106,95,53,499 രൂപ ആകെ വരവും 90,33,04,342 രൂപ ആകെ ചെലവും 16,62,49,157 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് കഴിഞ്ഞ 21ന് വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 26ന് ബജറ്റ് ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും കണക്കുകളില്‍ അവ്യക്തത കണ്ടെത്തിയതിനെ തുടര്‍ന്ന് ബജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് തിരിച്ചയക്കുകയായിരുന്നു. തിരുത്തലുകള്‍ വരുത്തിയ ബജറ്റാണ് ബുധനാഴ്ച കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. ആദ്യം തയാറാക്കിയ ബജറ്റില്‍ കണക്കുകളില്‍ അവ്യക്തത വരാന്‍ കാരണം സോഫ്റ്റ്വെയര്‍ തകരാറാണെന്ന് വ്യക്തമാക്കിയ വൈസ് ചെയര്‍മാന് 15 വര്‍ഷമായി തുടര്‍ച്ചയായി വരുന്ന പല പദ്ധതികളും പൂര്‍ത്തീകരിച്ചെന്നും വരുമാനത്തിന് അനുസരിച്ചുള്ള ബജറ്റാണ് തയാറാക്കിയതെന്നും വ്യക്തമാക്കി. മുട്ടത്ത് ഓടയിലെ മലിനജലം കുടിവെള്ളത്തിൽ കലരുന്നു മുട്ടം: ഓടയിലെ മലിനജലം കുടിവെള്ളത്തിൽ കലരുന്നതിനാൽ മുട്ടത്തെ ജനം രോഗഭീതിയിൽ. കുടിവെള്ള പൈപ്പിലൂടെയാണ് മലിനജലം കുടിവെള്ളത്തിൽ കലരുന്നത്. മുട്ടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ നിരവധി സ്ഥലങ്ങളിൽ പൊട്ടി കിടക്കുകയാണ്. ഇവ സ്ഥാപിച്ചിരിക്കുന്നത് മിക്കതും ഓടയിലൂടെയോ അതിന് സമീപത്ത് കൂടിയോ ആണ്. ആയതിനാൽ ഈ പൈപ്പുകൾക്ക് ചോർച്ച സംഭവിച്ചാൽ ഓടയിലേക്ക് ജലം ഒഴുകുകയും ഓടയിലെ മലിനജലം കുടിവെള്ളത്തിൽ കലരുകയും ചെയ്യും. ചോർച്ച സംഭവിച്ച പൈപ്പ് വഴിയുള്ള വിതരണം നിലക്കുമ്പോൾ ഓടയിലെ മുഴുവൻ മലിനജലവും ഈ പൈപ്പിലേക്ക് കയറാൻ ഇടയാകും. പത്തിലധികം സ്ഥലങ്ങളിലാണ് മുട്ടത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത്. ഒരു മാസത്തിലധികമായി ഇതാണ് മുട്ടത്തെ അവസ്ഥ. ഇക്കാര്യം ജനങ്ങൾ നിരവധി തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും പ്രയോജനമില്ല. പൈപ്പ് പൊട്ടിയതിനാൽ ആയിരക്കണക്കിന് ലിറ്റർ ജലം ദിനംപ്രതി നഷ്ടമാകുകയും ചെയ്യുന്നു. കരാറുകാർക്ക് സർക്കാർ കുടിശ്ശിക നൽകാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story