Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 11:05 AM IST Updated On
date_range 18 March 2018 11:05 AM ISTമുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും കിട്ടാനില്ല; ഇടപാടുകാർ വലയുന്നു
text_fieldsbookmark_border
കോട്ടയം: കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ ജില്ലയിൽ കിട്ടാനില്ല. ട്രഷറികളിലും സബ്ട്രഷറികളിലും സ്റ്റോക് ഇല്ലാതായതോടെ നിസ്സാര ആവശ്യങ്ങൾക്കുപോലും കൂടിയ വിലയുടെ മുദ്രപ്പത്രങ്ങൾ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനം. സാമ്പത്തിക വർഷത്തിെൻറ അവസാനത്തിൽ മുദ്രപ്പത്രങ്ങളുടെ കുറവ് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണയാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നതെന്ന് വെൻഡർമാർ പറയുന്നു. സാധാരണക്കാർക്ക് അത്യാവശ്യമുള്ള 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾക്കാണ് ദൗർലഭ്യം ഏറെയുള്ളത്. ജില്ല ട്രഷറികളിൽ ആവശ്യത്തിന് മുദ്രപ്പത്രങ്ങൾ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണം. ജനന, മരണ രജിസ്േട്രഷൻ സർട്ടിഫിക്കറ്റുകൾ, കരാറുകൾ, സമ്മതപത്രങ്ങൾ, സത്യവാങ്മൂലം എന്നിവ തയാറാക്കുന്നതിന് 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത് ലഭിക്കാത്ത സാഹചര്യത്തിൽ 500 രൂപയുടെ മുദ്രപ്പത്രമാണ് പലരും ഉപയോഗിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ലൈസൻസുകൾ, വാടകച്ചീട്ട്, കരാറുകൾ എന്നിവ പുതുക്കുന്നതിനും മറ്റ് ധനസഹായങ്ങൾക്കും 200 രൂപയുടെ മുദ്രപ്പത്രങ്ങൾ വേണം. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽനിന്ന് ജില്ല ട്രഷറികളിലേക്കും പിന്നീട് സബ് ട്രഷറികളിലേക്കും അവിടെനിന്ന് വെൻഡർമാരിലേക്കും എത്തിച്ചാണ് മുദ്രപ്പത്രങ്ങളുടെ വിതരണം. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും സർക്കാർ വകുപ്പുകളിൽനിന്നും ആനുകൂല്യങ്ങൾക്കായും മറ്റും അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഒട്ടിക്കുന്ന കോർട്ട് ഫീ, റവന്യൂ സ്റ്റാമ്പുകളും വിതരണക്കാരുടെ പക്കൽ ലഭ്യമല്ല. വിവിധ പരീക്ഷകള്‍ക്കുമായി ബന്ധപ്പെട്ട് മുദ്രപ്പത്രങ്ങളും സ്‌റ്റാമ്പുകളും ആവശ്യമായിരിക്കെയാണ് പ്രതിസന്ധി. പഞ്ചായത്ത്, വില്ലേജ് ഒാഫിസുകളിലെ അപേക്ഷകള്‍ക്കാണ് കൂടുതലായും കോർട്ട് ഫീ സ്റ്റാമ്പ് വേണ്ടിവരുന്നത്. വിവരാവകാശ നിയമം അനുസരിച്ച് വിവരം ശേഖരിക്കുന്നതിന് 10 രൂപയുടെ സ്‌റ്റാമ്പും ആവശ്യമാണ്. വിദ്യാര്‍ഥികളുടെ പരീക്ഷ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ജാതി, വരുമാന, താമസ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇവക്കെല്ലാം അപേക്ഷ നല്‍കാന്‍ സ്‌റ്റാമ്പ് കിട്ടാത്ത സാഹചര്യമാണുള്ളത്. ചിലയിടങ്ങളില്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്‌റ്റാമ്പിന് പകരം 20 രൂപയുടേതാണ് ലഭിക്കുന്നത്. ഒരു രൂപയുടെ റവന്യൂ സ്‌റ്റാമ്പും കിട്ടാനില്ല. 200 രൂപയുടെ മുദ്രപ്പത്രത്തിനായി 500 രൂപ മുടക്കാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. കൂടുതൽ തുക മുടക്കാനില്ലാത്തവർ പലയിടങ്ങളിൽനിന്നായി 20 രൂപയുടെ 10 മുദ്രപ്പത്രങ്ങൾ വാങ്ങി കരാറുകളും സത്യവാങ്മൂലവും തയാറാക്കാൻ നിർബന്ധിതരാവുകയാണ്. ഇതു വിതരണക്കാർക്കും എഴുത്തുകാർക്കും സമയനഷ്ടമുണ്ടാക്കുന്നു. വിലപിടിപ്പുള്ള രേഖകൾ ഒന്നിലധികം മുദ്രപ്പത്രങ്ങളിലാക്കി സൂക്ഷിക്കുന്നതും പ്രയാസമുണ്ടാക്കുന്നു. ആർ.ടി.ഒ ഓഫിസുകളിൽ സത്യവാങ്മൂലം നൽകുന്നതിന് 100 രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്. എന്നാൽ, 100 രൂപയുടെ പത്രം കിട്ടാതെ വന്നതോടെ ലഭ്യമായ 500, 1000 രൂപയുടെ പത്രം ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇടപാടുകാർ. ഇതരസംസ്ഥാന വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും വാഹനങ്ങളുടെ പേരുമാറ്റത്തിനും മുദ്രപ്പത്രം അത്യാവശ്യമാണ്. ഇതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story