Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:20 AM IST Updated On
date_range 17 March 2018 11:20 AM ISTഇരട്ടയാർ പാലം അപകടാവസ്ഥയിൽ
text_fieldsbookmark_border
കട്ടപ്പന: ഇരട്ടയാർ-തങ്കമണി റോഡിൽ ഇരട്ടയാർ ഡാമിന് കുറുകെയുള്ള ഇരട്ടയാർ പാലം അപകടഭീഷണി ഉയർത്തുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ഇന്ന് ജീർണാവസ്ഥയിലാണ്. പാലത്തിെൻറ കോൺക്രീറ്റ് കൈവരികൾ തകർന്ന് കാൽനടക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തുന്നു. കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണ് പാലത്തിനുള്ളത്. ഒരുവാഹനം പാലത്തിൽ കയറിയാൽ എതിർദിശയിൽനിന്ന് വരുന്ന യാത്രക്കാർക്ക് റോഡിൽനിന്ന് ഓടി മാറേണ്ടി വരും. ഇരട്ടയാർ നോർത്ത് വരെയുള്ള റോഡിെൻറ അവസ്ഥയും വ്യത്യസ്ഥമല്ല. പാലം മുതൽ നോർത്ത് വരെയുള്ള റോഡിെൻറ തൊട്ടു താഴെയാണ് ഡാമിലെ വെള്ളം കിടക്കുന്നത്. റോഡിന് വീതി കുറവായതിനാൽ വൻ അപകടസാധ്യതയാണ് ഇവിടെയുള്ളത്. സ്‌കൂൾ കുട്ടികളടക്കം നിരവധി കാൽനടക്കാരും വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. അടിമാലിയെയും കട്ടപ്പനയെയും വളരെ എളുപ്പം ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്ന വഴിയാണിത്. മലയോര ഗ്രാമങ്ങളായ തോപ്രാംകുടി, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളെയും തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ സഹായകരമാകുന്നത് ഈ പാതയാണ്. എന്നാൽ, അപകടസാധ്യത കണക്കിലെടുത്ത് പല വാഹനങ്ങളും ഇരട്ടയാറിൽനിന്ന് ശാന്തിഗ്രാം വഴിയാണ് പോകാറ്. ഡാമിനോട് ചേർന്നുള്ള റോഡിെൻറ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷങ്ങളായി തകർന്നുകിടന്നിരുന്ന ഈ ഭാഗത്തെ റോഡ് നിരവധി സമരങ്ങൾക്കൊടുവിലാണ് സഞ്ചാരയോഗ്യമാക്കിയത്. റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിർമിക്കുകയും അപകടാവസ്ഥയിലായ പാലത്തിെൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൃഷി ഓഫിസറെ കാത്ത് കർഷകർ നെടുങ്കണ്ടം: കൃഷി ഓഫിസറുടെ വരവ് പ്രതീക്ഷിച്ച് നെടുങ്കണ്ടത്തെ കർഷകരുടെ കാത്തിരിപ്പിന് അഞ്ചുവർഷം. പദ്ധതികൾ പലതും പാതിവഴിയിൽ. ഇവിടെ താൽക്കാലികമായി എത്തുന്ന കൃഷി ഓഫിസർമാരുടെ കാലാവധി ആറുമാസമാണ്. അങ്ങനെ കാലാവധി പൂർത്തിയാക്കി അവർ മടങ്ങും. മാസങ്ങൾക്കുശേഷമാണ് മറ്റൊരാൾ എത്തുക. അതും കരാർ അടിസ്ഥാനത്തിലോ എംപ്ലോയ്മെൻറ് മുഖാന്തരമോ. അവരും ആറുമാസം പൂർത്തിയാക്കി മടങ്ങും. ഇതോടെ നെടുങ്കണ്ടം പഞ്ചായത്തിലെ 22 വാർഡുകളിലും കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ പലതും നടപ്പാക്കുന്നതിൽ വീഴ്ചയും കാലതാമസവും പതിവായിരിക്കുകയാണ്. ഇതുമൂലം പല പദ്ധതികളും കർഷകരിലേക്ക് പരിപൂർണമായും എത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. കൃഷി ആവശ്യങ്ങൾക്കുള്ള പഞ്ചായത്ത് ഫണ്ടുകൾ പലതും കൃഷിഭവൻ വഴിയാണ് കർഷകരിൽ എത്തിച്ചേരുന്നത്. പ്രകൃതിക്ഷോഭവും വരൾച്ചയും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, കൃഷിക്ക് സബ്സിഡി, കൃഷി നഷ്ടങ്ങൾക്കും മറ്റും ആവശ്യമായ ബാധ്യത സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകുന്നത് കൃഷിഭവൻ വഴിയാണ്. ഓഫിസർ ഇല്ലാത്തതിനാൽ ഇവയൊന്നും യഥാസമയം കർഷകർക്ക് ലഭിക്കുന്നില്ല. മാത്രവുമല്ല ഓഫിസറുടെ അഭാവം മൂലം ഇവിടെ പല അഴിമതികൾ വിളയുന്നതായും പരാതിയുണ്ട്. കൃഷിഭവനിൽ എത്തുന്ന പല കൃഷിസാധനങ്ങളും ചില ജീവനക്കാരും ചില പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കർഷകർക്ക് നൽകാതെ ഇഷ്ടക്കാർക്ക് മാത്രമായി വിതരണം ചെയ്യുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story