Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 11:17 AM IST Updated On
date_range 15 March 2018 11:17 AM ISTകേന്ദ്രസംഘം സർവേയുമായി ഇടുക്കിയിൽ; ആശങ്കയോടെ നാട്ടുകാർ
text_fieldsbookmark_border
നെടുങ്കണ്ടം: കേന്ദ്ര വനം മന്ത്രാലയത്തിെൻറ സർവേ വിഭാഗം ഇടുക്കിയിൽ പരിശോധനക്കെത്തി. കുറച്ച് ദിവസങ്ങൾ പരിശോധന തുടരുമെന്ന് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉടുമ്പൻചോല താലൂക്കിലെ തോട്ടം മേഖലകളിലാണ് സർവേ നടത്തിയത്. കൃത്യമായ പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) ഭൂപടം തയാറാക്കാനാണ് സർവേ എന്നാണ് സൂചന. മംഗളൂരു ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കീഴിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. കേന്ദ്ര വനം മന്ത്രാലയം ഓരോ അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന പരിശോധനയും കണക്കെടുപ്പും മാത്രമാണിതെന്നാണ് സംഘം പ്രതികരിച്ചത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയാറായില്ല. ഇതേ സംഘം അഞ്ചുവർഷം മുമ്പ് ഉടുമ്പൻചോലയിലും ദേവികുളത്തും നടത്തിയ സമാനസർവേക്ക് ശേഷമായിരുന്നു പശ്ചിമഘട്ടത്തിലുൾപ്പെടുന്ന ഈ മേഖല അതി പരിസ്ഥിതി ദുർബലമാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. സമാനസ്വഭാവത്തിലെ ഇപ്പോഴത്തെ പരിശോധന പ്രദേശവാസികൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്താകും പരിശോധനക്ക് ജനവാസമേഖല ഒഴിവാക്കിയതെന്നും ജില്ല വനം വകുപ്പിെൻറ സഹായം തേടിയതെന്നുമാണ് സംശയിക്കുന്നത്. ഉടുമ്പൻചോല, മൈലാടുംപാറ, ചെമ്മണ്ണാർ, തിങ്കൾക്കാട്, കാരിത്തോട് എന്നിവിടങ്ങളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. ജനവാസമേഖല ഒഴിവാക്കി ഏലത്തോട്ടങ്ങൾക്കുള്ളിലൂടെയായിരുന്നു സർവേ. പ്രദേശത്തിെൻറ ഭൂതലവിസ്തീർണം, ശരാശരി വിസ്തീർണത്തിലെ മരങ്ങളുടെ എണ്ണം, നശിച്ച മരങ്ങൾ, മരങ്ങളുടെ വളർച്ച, മണ്ണിെൻറ ഘടന, കാലാവസ്ഥ വ്യതിയാനം, ജൈവസമ്പത്തിെൻറ പരിപോഷണം എന്നിവയായിരുന്നു പ്രധാനമായും പരിശോധനക്ക് വിധേയമാക്കിയത്. സ്ഥലത്തിെൻറ ഫോട്ടോ, വിഡിയോ ദൃശ്യങ്ങൾ, മണ്ണിെൻറയും വെള്ളത്തിെൻറയും സാമ്പിൾ തുടങ്ങിയവയും ശേഖരിച്ചു. 2013ൽ വിവരശേഖരണം നടത്തിയ പ്ലോട്ടുകളിൽ തന്നെയാണ് ഇത്തവണ എത്തിയതെന്ന് മാത്രമല്ല, അന്നത്തെ മരങ്ങളിലുണ്ടായ ശോഷണം, പുതിയ മരങ്ങളുടെ എണ്ണം, എന്നിവ കൂടാതെ മരങ്ങളുടെ വീണടിഞ്ഞ ഉണങ്ങിയ ഇലകളും പ്രദേശത്തെ മണ്ണും സംഘം ശേഖരിക്കുന്നുണ്ട്. കാട്ടുമരങ്ങളുടെ കണക്ക് പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story