Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:11 AM IST Updated On
date_range 19 Jun 2018 11:11 AM IST'നമസ്‌തേ' പറഞ്ഞാൽ തിരിച്ചുപറയാൻ മടികാണിച്ചവർ ഏറെയുണ്ടായിരുന്നു -കുമ്മനം
text_fieldsbookmark_border
കോട്ടയം: താന്‍ നമസ്‌തേ പറഞ്ഞാല്‍ തിരിച്ചുപറയാന്‍ മടി കാണിച്ചവര്‍ ഏറെയുണ്ടായിരുന്നുവെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഇതില്‍ പരിഭവമില്ല, അംഗീകാരത്തിനായി ആരുടെയും പിന്നാലെ പോയിട്ടുമില്ല. ഗവര്‍ണർ സ്ഥാനമോ മുമ്പുള്ള പദവികളോ ആരോടും ചോദിച്ചുവാങ്ങിയതല്ല. പത്രപ്രവര്‍ത്തകന്‍ മുതല്‍ ഗവര്‍ണര്‍വരെയുള്ള പദവികള്‍ ഇങ്ങോട്ടു വിളിച്ച് ഏല്‍പിച്ചതാണ്. ഗവര്‍ണറായശേഷം ആദ്യമായി കോട്ടയത്തെത്തിയ കുമ്മനത്തിന് പ്രസ് ക്ലബ് നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെൻറ നിലപാടാണ് ശരിയെന്ന് വിശ്വസിക്കുന്നു. പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് നയം. ജനത്തിനുവേണ്ടിയും നാടിനുവേണ്ടിയും എന്തെങ്കിലും ചെയ്യുകയെന്നതാണ് പ്രധാനം. ഏതുകാര്യവും തെരഞ്ഞെടുക്കുമ്പോള്‍ മുന്നില്‍ ജനങ്ങളുണ്ടെന്ന ഓര്‍മവേണം, പത്രപ്രവര്‍ത്തകര്‍ അവർക്കായി അക്ഷരങ്ങള്‍ നിരത്തണം. പത്രപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ അനുഭവങ്ങളുടെ കളരി കോട്ടയമാണ്. പത്രപ്രവര്‍ത്തന രംഗത്ത് കെ.എം. റോയിയുടെയും ലീല മേനോെൻറയും നിര്‍ദേശങ്ങള്‍ നിധിപോലെയാണ് സൂക്ഷിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മൂല്യാധിഷ്ഠിത പത്രപ്രവർത്തനം തടസ്സമായപ്പോൾ എഫ്.സി.െഎയിൽ ജോലിക്ക് ചേർന്നു. പത്രപ്രവർത്തന ജീവിതത്തിലൂടെ ഏത് ഘട്ടത്തിലും ത്യാഗം സഹിക്കാനുള്ള പാഠം പഠിക്കാനായി. കോട്ടയത്തിെൻറ ഒാർമകൾ മനസ്സിൽ ഇരമ്പുകയാണ്. അനുഭവങ്ങള്‍ എഴുതിക്കൂടേയെന്ന് പലരും ചോദിക്കുന്നു. തിരക്കിനിടെ ഇതുവരെ അതിനുള്ള സമയം കിട്ടിയിരുന്നില്ല. മിസോറമിലേക്കുള്ള നിേയാഗത്തിലൂടെ എഴുതാനും വായിക്കാനുമെല്ലാം സമയം ഏറെ കിട്ടും. അനുഭവങ്ങൾ കുറിച്ചിടുന്ന കാര്യവും മനസ്സിലുണ്ട്. അതിൽ, ഒരധ്യായം കോട്ടയത്തെ പത്രപ്രവർത്തന ജീവിതമായിരിക്കും. പലതും രേഖപ്പെടുത്താനുണ്ട്. ഒന്നും വിട്ടുകളയില്ല -അദ്ദേഹം പറഞ്ഞു. മിസോറം വലുപ്പംകൊണ്ട് കേരളത്തെക്കാൾ വലിയ സംസ്ഥാനമാണ്. 750 കിലോമീറ്ററാണ് നീളം. എട്ടുജില്ലകളിലായി 28,000 ച.കി.മീ. വിസ്തീർണമുണ്ട്. കുന്നുകളും മലകളും നിറഞ്ഞ മിസോറം മനോഹരപ്രദേശമാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഗ്രോതവിഭാഗക്കാരാണ്. ഇപ്പോൾ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. മിസോറമിലെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിെൻറ ഉപഹാരം പ്രസിഡൻറ് സാനു ജോർജ് സമ്മാനിച്ചു. സെക്രട്ടറി എസ്. സനില്‍കുമാര്‍, ട്രഷറര്‍ റെജി ജോസഫ്, ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story