Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:23 AM IST Updated On
date_range 15 Jun 2018 11:23 AM ISTidl33 മാലിന്യസംസ്കരണ-ആരോഗ്യമേഖലയിൽ ഇവർ നേടിയത് അഭിമാനനേട്ടങ്ങൾ
text_fieldsbookmark_border
തൊടുപുഴ: ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കായി ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ആരോഗ്യകേരളം പുരസ്കാരത്തിന് അർഹരായ ഇടുക്കി ജില്ലയിലെ പഞ്ചായത്തുകൾ നേടിയത് അർഹതക്കുള്ള അംഗീകാരം. ആരോഗ്യകേരളം പുരസ്‌കാരത്തിന് പഞ്ചായത്ത് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ കുടയത്തൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനവും മുട്ടം പഞ്ചായത്തിന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്. ജില്ലതലത്തിൽ ആലക്കോട് പഞ്ചായത്തിന് ഒന്നാം സ്ഥാനവും അറക്കുളത്തിന് രണ്ടാം സ്ഥാനവും ഇടവെട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടയത്തൂർ പഞ്ചായത്തിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവർത്തനം നടപ്പാക്കിയതാണ് പുരസ്കാരത്തിന് ഇവരെ അർഹരാക്കിയത്. പി.എച്ച്.സിക്ക് 25 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം നിർമിച്ചു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ആധാറുമായി ബന്ധിപ്പിച്ച് ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കി. സാന്ത്വന പരിചരണ പദ്ധതിക്കും പകർച്ചവ്യാധി നിയന്ത്രണ പദ്ധതിക്കുമായി 7.80 ലക്ഷം രൂപ ചെലവഴിച്ചു. പാലിയേറ്റിവ് രോഗികൾക്ക് ഓണക്കിറ്റ്, ക്ഷയരോഗികൾക്കും ഭിന്നശേഷിക്കാർക്കും ബോയം മിത്രം പദ്ധതിയിൽ ഉള്ളവർക്കും പ്രത്യേക പരിഗണന നൽകുന്ന പദ്ധതികൾ നടപ്പാക്കി. മാലിന്യനിർമാർജന രംഗത്തും പദ്ധതികൾ നടപ്പാക്കി. മികച്ച രീതിയിൽ സാന്ത്വന പരിചരണ പദ്ധതി നടപ്പാക്കിയതാണ് മുട്ടം പഞ്ചായത്തിനെ മുന്നിലെത്തിച്ചത്. 180 കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്നു. മഴക്കാലത്തിന് മുമ്പുതന്നെ രോഗപ്രതിരോധ പ്രവർത്തനം നടത്തി. ടൗണിൽ വ്യാപാരികളുമായി സഹകരിച്ച് ഓട ശുചീകരണവും മറ്റ് ശുചീകരണവും നടത്തി. വാർഡുതലത്തിലും ശുചീകരണത്തിന് പ്രാധാന്യം നൽകി. ആയുർവേദ, ആയുഷ് മെഡിക്കൽ ക്യാമ്പുകൾ നടത്തി. മാലിന്യസംസ്കരണ ഭാഗമായി പ്ലാസ്റ്റിക് എല്ലാ വീടുകളിൽനിന്ന് ശേഖരിക്കുന്നതിന് കാരിബാഗുകൾ നൽകി. സാന്ത്വന പരിചരണത്തിൽ ആലക്കോട് പഞ്ചായത്തും പിന്നിലായിരുന്നില്ല. 193 കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്നുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചു. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾക്ക് പുതിയ കെട്ടിടം പണിതു. എല്ലാമാസവും പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തുവരുന്നു. പഞ്ചായത്തിലെ എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വൃത്തിയുള്ളതാക്കി മാറ്റുന്നതിനും പരിസരശുചീകരണത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. റിങ് കമ്പോസ്റ്റ് പദ്ധതിക്കും ബയോഗ്യാസ് പദ്ധതിക്കും പ്രത്യേക ഫണ്ട് അനുവദിച്ചു. അറക്കുളം പഞ്ചായത്തിൽ സാന്ത്വന പരിചരണ പദ്ധതിക്കും മറ്റ് ചികിത്സക്കുമായി 24 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. എല്ലാ മാസവും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. പുകയില വിരുദ്ധ പ്രചാരണത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്നു. മാനസിക വൈകല്യമുള്ള ആളുകൾക്കായി പ്രത്യേക പരിശോധന ക്യാമ്പും നടത്തി. ഇടവെട്ടി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ പ്രർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്നുണ്ട്. മാലിന്യസംസ്കരണത്തിന് പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story