Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 10:47 AM IST Updated On
date_range 8 Jun 2018 10:47 AM ISTപച്ചപ്പിന് കൈത്താങ്ങേകിയ പ്രിൻസിപ്പൽ
text_fieldsbookmark_border
പ്രഫ. പി.ടി. എബ്രഹാം അന്തരിച്ചതറിഞ്ഞ് സി.എം.എസ് കോളജ് കാമ്പസിലെ പച്ചപ്പുമുഴുവൻ കണ്ണീരണിഞ്ഞിരിക്കണം. കാരണം അവയെ വളരെയേറെ സ്നേഹിച്ചിരുന്നു എബ്രഹാം സാർ. കോളജിെൻറ കിഴക്കുഭാഗത്തെ കുന്നിൻചരുവിലായിരുന്നു കണിക്കൊന്ന വളർന്നുയർന്നു നിന്നിരുന്നത്. ഏകദേശം ഒരാൾ പൊക്കത്തിൽ വളർന്ന് പൂക്കാൻ തയാറായി നിന്നപ്പോഴായിരുന്നു അവിടെ മണ്ണിടിഞ്ഞത്. കൊന്നച്ചുവട്ടിലെ മണ്ണ് അടർന്നുപോയി. കൊന്ന ചരിഞ്ഞും പോയി. അടുത്ത് താമസക്കാരനായ ഞാൻ ഓടിച്ചെന്ന് വിവരം പി.ടി. എബ്രഹാമിനോട് പറഞ്ഞു. നമുക്ക് അതിനെ രക്ഷിക്കണം. വിവരം അറിഞ്ഞ ഉടൻ അദ്ദേഹം പറഞ്ഞു. നിമിഷങ്ങൾക്കകം സാറിെൻറ സംഘം കൊന്നക്കടുത്തെത്തി. നിര്യാതനായ ദേവസ്യ ആയിരുന്നു സംഘത്തലവൻ. അവർ മണിക്കൂറുകൾ അത്യധ്വാനം ചെയ്തു. മണ്ണുമാറ്റി. വേരുകൾക്കു കേടുവരാതെ കൊന്ന പറിച്ചെടുത്തു. അതിെൻറ ഇലച്ചാർത്തു മുഴുവൻ അരിഞ്ഞുമാറ്റി. അതിനെ മൂന്നുനാലുപേർ കൂടി ചുമന്ന് കോളജിെൻറ മുന്നിലെ മുറ്റത്തെത്തിച്ചു. അവിടെ വലിയ കുഴികുത്തി. ചാണകവും മറ്റുമിട്ട് അതുനിറച്ചു. അതിൽ കൊന്നയെ നട്ടു. മറിഞ്ഞുപോകാതെ താങ്ങുകൾ നൽകി. ദിവസവും വെള്ളമൊഴിച്ചു പരിപാലിച്ചു. 'ആ കൊന്ന ഉണങ്ങിപ്പോകുമെന്നായിരുന്നു ഞാൻ കരുതിയത്. അത്ര വലുതായിരുന്നു അത്' -പി.ടി. എബ്രഹാം സാർ എന്നും എന്നെ കാണുമ്പോൾ കൊന്നവിശേഷം പറയും. നാളുകൾ കഴിഞ്ഞു. കൊന്നക്ക് പുതിയ ഇലകൾ വന്നു. പുതിയ ചില്ലകൾ തലപൊക്കി. പിന്നെ അത് അതിവേഗം വളർന്നുപൊങ്ങി ചുറ്റും പച്ചപ്പിെൻറ ഒരു കുട നിവർത്തി. രണ്ടാം വർഷം അത് പൂത്തുലഞ്ഞു. അതെപ്പറ്റി പറയുമ്പോൾ എബ്രഹാം സാറിെൻറ കണ്ണുകളിലും കൊന്നപ്പൂക്കൾ വിടർന്നിരുന്നു. ഒരു പ്രിൻസിപ്പലായിരുന്നില്ല അപ്പോൾ അദ്ദേഹം. കാനത്തെ ഒരു കൃഷിക്കാരനായിരുന്നു. കോളജ് അധ്യാപകനായിരുന്നില്ലെങ്കിൽ അദ്ദേഹം നല്ല ഒരു കൃഷിക്കാരനാകുമായിരുന്നു. ആ കൃഷിക്കാരെൻറ മനസ്സുമായി അദ്ദേഹം കോളജ് കാമ്പസുകളിൽ നിറയെ മരങ്ങൾെവച്ചു. കോളജിലെ കാടിനെ ശുശ്രൂഷിച്ചു. കാമ്പസ് മനോഹരമാക്കി. നല്ല മാനേജ്മെൻറ് തന്ത്രം അദ്ദേഹത്തിന് അറിയാമായിരുന്നു. സി.എം.എസ് കോളജിൽ ഡോ. ജോർജ് സുദർശെൻറ നേതൃത്വത്തിൽ ഒരു ഫിസിക്സ് കോൺഫറൻസ് നടന്നു. അത് തീരുമാനിക്കപ്പെട്ട ഉടൻ അദ്ദേഹം ഞങ്ങളുടെ വീട്ടിലേക്കു വിളിച്ചു. ''സുമേ ആഹാരകാര്യം ഞാൻ പൂർണമായും അങ്ങോട്ട് ഏൽപിക്കുകയാണ്. ഒത്തിരി സ്വാമിമാരും വരും. തൈരുസാദവും സാമ്പാറുസാദവുമൊക്കെ വേണം. എല്ലാം ഗംഭീരമാകണം.'' വിശ്വസിച്ച് എല്ലാം ഞങ്ങളെ ഏൽപിച്ചു. ഓരോ ദിവസവും ഡോ. ജോർജ് സുദർശൻ വന്നു വിഭവങ്ങൾ രുചിച്ചുനോക്കി ഒന്നാംതരമായിരിക്കുന്നു. എന്നു പറഞ്ഞപ്പോഴൊക്കെ സാർ ഒരു കുസൃതിച്ചിരി ചിരിച്ചു. തെൻറ തന്ത്രത്തെപ്പറ്റി ഓർത്തായിരിക്കണം ആ ചിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story