Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:56 AM IST Updated On
date_range 3 Jun 2018 10:56 AM ISTകോടതി മുറികളിലെ ഒറ്റയാൻ പോരാളി
text_fieldsbookmark_border
കോട്ടയം: പ്രക്ഷോഭമുഖങ്ങളിൽനിന്ന് പോരാട്ടത്തെ കോടതി മുറികളിലേക്ക് പറിച്ചുനട്ട വി.എൻ. ഗോപിനാഥൻപിള്ള, എഴുപത്തിനാലിലും പോരാട്ടത്തിന് അവധി നൽകുന്നില്ല. പതിറ്റാണ്ടുകളായി മണിമലയാർ സംരക്ഷണത്തിെൻറ കുന്തമുനയായി പ്രവർത്തിക്കുന്ന ഗോപിനാഥൻപിള്ള അനധികൃത പാറമടകൾക്കും പരിസ്ഥിതി നശീകരണത്തിനുമെതിരെ കോടതിമുറികളിലെ ഒറ്റയാൻ പോരാളിയാണ്. പച്ചപ്പിനെ ചേർത്തുപിടിക്കാനുള്ള ഇൗ പോരാട്ടത്തിനുള്ള അംഗീകാരമായി ഇദ്ദേഹത്തെ തേടി സംസ്ഥാന ജൈവവൈവിധ്യ ബോർഡിെൻറ ഇൗ വർഷത്തെ മികച്ച പരിസ്ഥിതി സംരക്ഷണ പുരസ്കാരം തേടിയെത്തിയിരിക്കുകയാണ്. 50,000 രൂപയും പ്രശംസപത്രവുമടങ്ങുന്ന പുരസ്കാരം പരിസ്ഥിതി ദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം വള്ളക്കടവ് ജൈവവൈവിധ്യമ്യൂസിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. എന്നും പുരസ്കാരങ്ങളെ ഒരുപിടി അകലെ നിർത്തിയിരുന്ന ഗോപിച്ചേട്ടൻ ഇത്തവണ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി പുരസ്കാരം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്. പ്രകൃതിയുടെ മാറുപിളർക്കുന്ന മണൽ, പാറഖനനത്തിനെതിരെയുള്ള പോരാട്ടമാണ് പിള്ളച്ചേട്ടന് ജീവിതം. മണിമലയാറ്റിലെ മണൽവാരലിനെതിരെയുള്ള നിരന്തരപോരാട്ടമാണ് അദ്ദേഹത്തെ ഹരിതപോരാട്ടങ്ങളിൽ മുൻനിരയിലെത്തിച്ചത്. ഇദ്ദേഹത്തിെൻറ അടക്കമുള്ള ഹരജികൾ പരിഗണിച്ചായിരുന്നു മണൽവാരൽ നിരോധനത്തിന് കോടതി ഉത്തരവിട്ടത്. കേസുകളിൽ പലതും ഒറ്റക്ക് വാദിക്കുന്ന അദ്ദേഹം പ്രകൃതിചൂഷണത്തിനെതിരെ ജഡ്ജിമാരോടുപോലും കലഹിക്കുന്നത് പതിവാണ്. ആദ്യകാലങ്ങളിൽ അഭിഭാഷകരുടെ സഹായത്തോടെയായിരുന്നു കോടതികളിലെ പോരാട്ടം. ഇത്തരത്തിൽ വിശ്വസിച്ചേൽപിക്കുന്ന പലരും മാഫിയകളുടെ പണക്കൊഴുപ്പിനു മുന്നിൽ ചാഞ്ചാട്ടമുണ്ടാകുന്നതായി കണ്ടെത്തിയതോടെയാണ് സ്വന്തമായി കേസ് വാദിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. മണൽ ഖനനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിെൻറ പേരിൽ ഇദ്ദേഹത്തിനും മകനും ക്രൂരമർദനവും ഏൽക്കേണ്ടിവന്നിട്ടുണ്ട്. കേരള നദീസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡൻറായ അദ്ദേഹം മീനച്ചിൽ നദീസംരക്ഷണ സംരക്ഷണ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകനുമാണ്. ആറന്മുള സമരമുഖത്തും ഇദ്ദേഹം സജീവമായിരുന്നു. പൊന്തംപുഴ വനസംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലും പ്രക്ഷോഭവഴികളിലുമാണ് ഇപ്പോൾ. പൊന്തംപുഴ വനഭൂമിക്കേസിൽ നിലവിൽ ഇദ്ദേഹം ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വിവിധ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് 35ഒാളം ഹരജിയാണ് ഇദ്ദേഹം ഹൈകോടതിയിൽ നൽകിയത്. കോടതികളിൽനിന്ന് ലഭിക്കുന്ന പല അനുകൂല ഉത്തരവുകളും നടപ്പാക്കാൻ ഉദ്യോഗസ്ഥ-ഭരണ നേതൃത്വം തയാറാകുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. നിലവിൽ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിയമപോരാട്ടത്തിനിറങ്ങുന്ന സംഘടനകൾ ആദ്യം ബന്ധപ്പെടുന്നതും ഗോപിനാഥൻപിള്ളയെയാണ്. സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും വിവിധ രേഖകൾ ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭസംഘടനകളാണ് ദിവസവും ഇദ്ദേഹത്തെ ബന്ധപ്പെടുന്നത്. പാറമടകളിൽ പലതും രാഷ്ട്രീയക്കാരുടേതാണെന്നും അതുമൂലമാണ് ഇതിനു നിരോധനമുണ്ടാകാത്തതെന്നും ഇദ്ദേഹം നിരീക്ഷിക്കുന്നു. അതേസമയം, െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥർ പലപ്പോഴും സഹായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story