Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 11:18 AM IST Updated On
date_range 31 July 2018 11:18 AM ISTഡാം തുറക്കുന്നത് 12 മണിക്കൂർ മുമ്പ് അറിയിക്കും -കലക്ടർ ഓറഞ്ച് അലര്‍ട്ട് ഒരറിയിപ്പ് മാത്രം, ആശങ്ക വേണ്ട
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടിയായതോടെ പുറപ്പെടുവിച്ച ഓറഞ്ച് അലര്‍ട്ട് (രണ്ടാം ജാഗ്രത നിർദേശം) ഒരറിയിപ്പ് മാത്രമാണെന്നും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇടുക്കി കലക്ടർ കെ. ജീവൻ ബാബു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട ഘട്ടത്തില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രേമ തുറക്കേണ്ടതുള്ളൂ എന്നാണ് വിലയിരുത്തല്‍. വാഴത്തോപ്പ് പഞ്ചായത്തില്‍ 22 കുടുംബങ്ങളെയാണ് ബാധിക്കുക. നാലു പഞ്ചായത്തിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ടി വരുക. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് സംബന്ധിച്ച് സർവേ റിപ്പോര്‍ട്ട് കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. വെള്ളം തുറന്നുവിടേണ്ടിവരുന്ന ഘട്ടത്തില്‍ നാലുപഞ്ചായത്തിലായി വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 200 കെട്ടിടങ്ങളെയാണ് ബാധിക്കുകയെന്ന് കലക്ടർ വ്യക്തമാക്കി. വെള്ളം തുറന്നുവിടുന്ന ഘട്ടത്തില്‍ പുഴയുടെ തീരത്തിനടുത്ത 40 വീടുകളെയാണ് പെട്ടെന്ന്് ബാധിക്കുക. ഇതുള്‍പ്പെടെ സ്ഥാപനങ്ങളിലും വീടുകളിലും ഉദ്യോഗസ്ഥരെത്തി ബോധവത്കരണ നോട്ടീസുകളും നിര്‍ദേശങ്ങളും നല്‍കി. ഡാം ട്രയല്‍ റണ്‍ നടത്തുന്ന ദിവസവും സമയവും തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു തീരുമാനം ഉണ്ടാകുന്ന ഘട്ടത്തില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് മാത്രേമ തുടര്‍നടപടി സ്വീകരിക്കൂ. 12 മണിക്കൂര്‍ മുന്‍പായി അറിയിപ്പ് നല്‍കും. ഇടുക്കിയില്‍ മാത്രമല്ല എറണാകുളം ജില്ലയിലും ഒരുക്കം നടത്തേണ്ടതുണ്ട്. ഗതാഗതം നിരോധിക്കും ഡാം തുറക്കുന്ന സമയത്ത് നദിയിലെ ചപ്പാത്തുകളിലൂടെ ഗതാഗതം നിരോധിക്കും. ചപ്പാത്തുകളിലും പാലങ്ങളിലും വെള്ളമൊഴുകുന്നതിന് തടസ്സമുണ്ടാക്കുന്ന മരങ്ങള്‍ മാത്രേമ മുറിച്ചുമാറ്റേണ്ടതുള്ളൂ. ഷട്ടര്‍ തുറക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എ.ടി.എമ്മുകളിൽനിന്ന് ബാങ്കുകള്‍ പണം എടുത്തുമാറ്റിയെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് തെറ്റിദ്ധാരണമൂലം സംഭവിച്ചതാകാമെന്നും തിരിച്ച് പണമിടുന്നതിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റോഷി അഗസ്റ്റിൻ എം.എല്‍.എ, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആഗസ്റ്റി അഴകത്ത് ജനപ്രതിനിധികളായ ഡോളി ജോസ്, ഷീബ ജയന്‍, ലിസമ്മ സാജന്‍, ഷിജോ തടത്തില്‍ വിവിധ വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story