Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:05 AM IST Updated On
date_range 21 Feb 2018 11:05 AM ISTനെടുങ്കണ്ടം ജില്ല ആശുപത്രി യാഥാർഥ്യത്തിലേക്ക്
text_fieldsbookmark_border
* വികസനത്തിന് 149 കോടിയുടെ അംഗീകാരം നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജില്ല ആശുപത്രി യാഥാർത്ഥ്യമാകുന്നു. ജില്ല ആശുപത്രിയുടെ വികസനത്തിന് 149 കോടിയുടെ അംഗീകാരമായതോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി ഇനി ജില്ല ആശുപത്രിയായി പ്രവർത്തിക്കും. കിഫ്ബിയുടെ ഡയറക്ടർ ബോർഡ് യോഗമാണ് അംഗീകാരം നൽകിയത്. അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി കെട്ടിടവും മറ്റും നിർമിക്കാനുള്ള പദ്ധതിക്കാണ് അനുമതിയായത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇടുക്കിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചതോടെയാണ് ജില്ല ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റാൻ ധാരണയായത്. ആശുപത്രിയുടെ വികസനങ്ങൾക്കായി വിശദ റിപ്പോർട്ടും മറ്റും തയാറാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. നെടുങ്കണ്ടത്ത് ജില്ല ആശുപത്രിയുടെ പ്രവർത്തനം സജ്ജമാകുന്നതോടെ ഹൈറേഞ്ച് മേഖലയിലെ ആരോഗ്യപരിപാലന രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. അർബുദപരിശോധന കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, ബ്ലഡ്ബാങ്ക് അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. കാഷ്വൽറ്റി ബ്ലോക്ക് 51 കോടി, ഒ.പി ബ്ലോക്ക് 21 കോടി, ഓപറേഷൻ തിയറ്ററിനും മറ്റ് നൂതന ഉപകരണങ്ങൾക്കും 41 കോടി എന്നിങ്ങനെ വിവിധ തലങ്ങളിലായി 123 കോടിയാണ് വകയിരുത്തിയത്. നികുതിയടക്കം അനുബന്ധ ചെലവുകളും ചേർത്താണ് 149 കോടി അനുവദിച്ചത്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളടക്കമുള്ള നിർധനവിഭാഗങ്ങൾ കോട്ടയം മെഡിക്കൽ കോളജ്, തേനി മെഡിക്കൽ കോളജ് ആശുപത്രികളെയുമാണ് ഇതുവരെ ആശ്രയിച്ചിരുന്നത്. തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന നിർധനരോഗികളുടെ ആശ്രയകേന്ദ്രമാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി. നൂറിലധികം കിടക്കകളുണ്ട്. സ്വന്തമായി അഞ്ചേക്കർ സ്ഥലമുള്ള ആശുപത്രിയിൽ അത്യാവശ്യം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെ ഐ.സി.യു സൗകര്യത്തോടുകൂടിയ ഐ.പി ബ്ലോക്ക്, ഒപ്താൽ തിയറ്റർ, കാരുണ്യ മെഡിക്കൽ സ്റ്റോർ, കാൻറീൻ, മൂന്ന് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള മോർച്ചറി, ക്വാർട്ടേഴ്സ്, കുട്ടികളുടെ വാർഡ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 20ഓളം ഡോക്ടർമാരുമുണ്ട്. ലക്ഷങ്ങൾ മുടക്കിയാണ് കുട്ടികളുടെ വാർഡ് നിർമിച്ചത്. കുട്ടികളെ ആകർഷിക്കത്തക്ക വിധം ചുമരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. 1982ൽ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും പിന്നീട് കമ്യൂണിറ്റി ഹെൽത്ത് സെൻററാക്കി തരംതാഴ്ത്തുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിൽനിന്ന് സി.എച്ച്.സികൾക്ക് മാത്രമായി അനുവദിക്കുന്ന ഫണ്ട് തരപ്പെടുത്താനായിരുന്നു തരംതാഴ്ത്തൽ. പിന്നീട് എല്ലാ താലൂക്കുകളിലും താലൂക്ക് ആശുപത്രികൾ വേണമെന്ന കേന്ദ്രസർക്കാർ നിർദേശം 2009ൽ വീണ്ടും ഈ ആശുപത്രിയെ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയാക്കി ഉയർത്തി. രാപകൽ സമരം തൊടുപുഴ: വിലക്കയറ്റത്തിനും ബസ് ചാർജ് വർധനക്കും പെേട്രാളിയം കൊള്ളക്കും സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ച് മൂന്നിന് രാപകൽ സമരം സംഘടിപ്പിക്കാൻ യു.ഡി.എഫ് ജില്ല ഏകോപനസമിതി യോഗം തീരുമാനിച്ചു. മൂന്നിന് രാവിലെ 10ന് അതത് നിയോജകമണ്ഡലങ്ങളിൽ ആരംഭിക്കുന്ന സമരം നാലിന് രാവിലെ 10ന് അവസാനിക്കും. യു.ഡി.എഫ് ഘടകകക്ഷികളുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും അതത് നിയോജകമണ്ഡലങ്ങളിലെ രാപകൽ സമരത്തിൽ അണിചേരും. സമരത്തിെൻറ മുന്നൊരുക്കത്തിനായി യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗങ്ങൾ ചേരും. 23ന് രാവിലെ 10.30ന് പീരുമേട്, മൂന്നിന് ഉടുമ്പൻചോല, 24ന് രാവിലെ 11ന് ദേവികുളം, വൈകീട്ട് നാലിന് തൊടുപുഴ, 25ന് മൂന്നിന് ഇടുക്കി എന്നീ ക്രമത്തിലും മണ്ഡലം നേതൃയോഗങ്ങൾ ഫെബ്രുവരി 27, 28 തീയതികളിലും വിളിച്ചുകൂട്ടും. ജില്ല ചെയർമാൻ എസ്. അശോകൻ അധ്യക്ഷതവഹിച്ചു. കൺവീനർ ടി.എം. സലീം പ്രവർത്തനരേഖ അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, മുൻ ഡി.സി.സി പ്രസിഡൻറ് ജോയി തോമസ്, ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സെബാസ്റ്റ്യൻ വിളക്കുന്നേൽ, കെ.പി.സി.സി നിർവാഹകസമിതി അംഗം എം.കെ. പുരുഷോത്തമൻ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറുമാരായ എസ്.എം. ഷരീഫ്, അബ്ദുൽ ജബ്ബാർ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് മാർട്ടിൻ കെ. മാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story