Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 11:41 AM IST Updated On
date_range 30 Aug 2018 11:41 AM ISTകാത്തിരിപ്പിന് അറുതി; ആവർത്തന, പുതു കൃഷികൾക്ക് വീണ്ടും ധനസഹായത്തിന് റബർ ബോർഡ്
text_fieldsbookmark_border
കോട്ടയം: റബർ വിലയിടിവിനെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് ആശ്വാസമായി ആവർത്തന, പുതു കൃഷി സബ്സിഡികൾക്കായി ഇടവേളക്കുശേഷം റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു. നാലുവർഷമായി സബ്സിഡി മുടങ്ങിയിട്ട്. ഇതിനുള്ള അപേക്ഷയും സ്വീകരിച്ചിരുന്നില്ല. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർഷകരും വിവിധ കർഷകസംഘടനകളും പ്രതിഷേധത്തിലായിരുന്നു. ഇപ്പോൾ 2017ൽ തൈ നട്ടവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2015 മുതൽ അപേക്ഷപോലും സ്വീകരിക്കാതിരിക്കുന്ന സാഹചര്യത്തിൽ 2017 മുതൽ അപേക്ഷ ക്ഷണിക്കാനുള്ള തീരുമാനം കർഷകവഞ്ചനയാണെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുൻകാല പ്രാബല്യം നൽകാത്തത് പദ്ധതിയെ പ്രഹസനമാക്കാനാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ആവർത്തനകൃഷിക്കുള്ള സബ്സിഡി വകയിൽ കർഷകർക്ക് 80 കോടിയോളം രൂപ കുടിശ്ശികയാണ്. ഇത് പൂർണമായി െകാടുത്തുതീർക്കാതെയാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2015-16 കാലത്ത് കൃഷിയിറക്കിയവരുടെ കാര്യത്തിൽ മൗനം പാലിക്കുന്നതും ദുരൂഹമാണെന്നും ഇവർ പറയുന്നു. ഫീൽഡ് ഒാഫിസർമാരുടെ കുറവ് അനുകൂല്യവിതരണത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഫീൽഡ് ഒാഫിസർമാർ കൃഷിയിടങ്ങൾ സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സബ്സിഡി അനുവദിക്കുന്നത്. ഇവരുെട എണ്ണം വലിയതോതിൽ വെട്ടിക്കുറച്ചതിനാൽ ഇപ്പോൾ ക്ഷണിച്ചിരിക്കുന്ന അപേക്ഷകളിൽ തുടർനടപടികൾ ഏറെ വൈകാനിടയാക്കുമെന്നും ഇവർ പറയുന്നു. സബ്സിഡിക്കായി 2017ൽ കൃഷിചെയ്ത സ്ഥലത്തിെൻറ ആവശ്യമായ വിശദാംശങ്ങളും രേഖകളുമടക്കം അപേക്ഷയുടെ രണ്ട് കോപ്പികൾ വീതം ബന്ധപ്പെട്ട റബർ ബോർഡ് റീജനൽ ഓഫിസിലോ ഡെവലപ്മെൻറ് ഓഫിസിലോ 2018 ഒക്ടോബർ 31നുമുമ്പ് നൽകണമെന്നാണ് റബർ ബോർഡ് അറിയിച്ചിരിക്കുന്നത്. റബർ ബോർഡിെൻറ വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. കേരളവും തമിഴ്നാടും ഉൾപ്പെടുന്ന പരമ്പരാഗത മേഖലയിൽ, ഈ വർഷം കൃഷി ചെയ്യുന്നതുൾപ്പെടെ രണ്ട് ഹെക്ടറിൽ കവിയാതെ റബർ കൃഷിയുള്ള കർഷകർക്ക് പരമാവധി ഒരു ഹെക്ടർ വരെ ആവർത്തനകൃഷിയോ പുതുകൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അർഹതയായുണ്ടായിരിക്കും. ആവർത്തനകൃഷിക്കും പുതുകൃഷിക്കും ഹെക്ടർ ഒന്നിന് സർട്ടിഫൈഡ് നടീൽ വസ്തുക്കൾക്ക് നൽകുന്ന 5000 രൂപയുൾപ്പെടെ 25,000 രൂപയാണ് ധനസഹായ നിരക്ക്. പട്ടികജാതി വിഭാഗത്തിൽപെട്ട കർഷകർക്ക് സർട്ടിഫൈഡ് നടീൽ വസ്തുക്കൾക്ക് നൽകുന്ന 5000 രൂപയുൾപ്പെടെ 40,000 രൂപ ധനസഹായം ലഭിക്കും. തെക്കുകിഴക്കൻ മേഖലയുൾപ്പെടെയുള്ള പരമ്പരാഗതമല്ലാത്ത മേഖലകളിൽ, ഈ വർഷം കൃഷി ചെയ്യുന്നതുൾപ്പെടെ അഞ്ച് ഹെക്ടറിൽ കവിയാതെ റബർകൃഷിയുള്ള കർഷകർക്ക് പരമാവധി രണ്ട് ഹെക്ടർ വരെ ആവർത്തനകൃഷിയോ പുതുകൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. ആവർത്തനകൃഷിക്കും പുതുകൃഷിക്കും ഹെക്ടർ ഒന്നിന് സർട്ടിഫൈഡ് നടീൽ വസ്തുക്കൾക്ക് നൽകുന്ന 5000 രൂപയുൾപ്പെടെ 40,000 രൂപയാണ് ധനസഹായനിരക്ക്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത റബർ ബോർഡ് റീജനൽ ഓഫിസുമായോ ഫീൽഡ് ഓഫിസുമായോ ബന്ധപ്പെടണം. റബർ ബോർഡ് കോൾ സെൻറർ : 0481-2576622.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story