Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 11:09 AM IST Updated On
date_range 22 Aug 2018 11:09 AM ISTഉരുൾപൊട്ടിയ റോഡുകൾ ചാടിക്കടന്ന് ദുരിതബാധിതരിലേക്ക് 'ഒാഫ് റോഡ് ക്ലബ്'
text_fieldsbookmark_border
തൊടുപുഴ: പെരുമഴയിൽ പ്രതീക്ഷകൾ തകർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഹൈറേഞ്ച് ജനതക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകുകയാണ് ഇടുക്കിയിലെ ഒാഫ് റോഡ് റൈഡേഴ്സ്. മലയോരത്തെ ദുർഘടപാതയിലൂടെ പാഞ്ഞുപോകുന്ന ഒാഫ് റോഡ് റൈഡേഴ്സിെന പരിഹസിച്ചിരുന്നവർക്കാണ് ഇപ്പോൾ ഇക്കൂട്ടർ ആഹാരമെത്തിക്കുന്നത്. ബൈക്ക് പോലും പോകാൻ ഭയക്കുന്ന പാതയിലൂടെ ഇവർ ഇപ്പോൾ ജീവൻ പണയംവെച്ച് വളയം പിടിക്കുകയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. മഴക്കെടുതിയിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലും വാഹന സൗകര്യം ഇല്ലാത്ത ക്യാമ്പുകളിലും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമൊക്കെയായി ഇവർ സജീവമാണ്. പലയിടങ്ങളിലും ഇവരെത്തിക്കുന്ന ഭക്ഷണപദാർഥങ്ങൾ മാത്രമാണ് ആശ്രയം. ഇടുക്കിയിൽ വെള്ളപ്പൊക്കമായിരുന്നില്ല ദുരിതം വിതച്ചത്. ഉരുൾപൊട്ടലും വ്യാപക മണ്ണിടിച്ചിലുമായിരുന്നു. തകർന്ന വീടുകളും റോഡുകളും പൂർവ സ്ഥിതിയിലാക്കാൻ ദിവസങ്ങൾവേണ്ടി വരും. ഉരുൾപൊട്ടിക്കിടക്കുന്ന മൺകൂനകളിലൂടെയും വിണ്ടുകീറിയ റോഡുകളിലൂടെയും യാത്ര അതിസാഹസികമാണ്. സാഹസിക യാത്രകൾക്കായി രൂപമാറ്റം വരുത്തിയ ജീപ്പുകളിൽ വാഹനം താഴ്ന്നുപോയാൽ കയറ്റാനുള്ള വടം അടക്കം സംവിധാനങ്ങളുമായാണ് യാത്ര. ഇടുക്കിയിലെ തന്നെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ കട്ടപ്പന സെൻറ് ജോർജ് സ്കൂളിൽനിന്നാണ് ഹൈറേഞ്ചിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. ഇവിടെ ഒാഫ് റോഡ് ഡ്രൈവിങ്ങിൽ പരിശീലനം ലഭിച്ച 12 പേരും ജീപ്പുകളുമാണ് രംഗത്തുള്ളത്. ജനങ്ങളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നിടത്തും ഇവർ എത്തുന്നുണ്ട്. ജില്ലയിൽ കട്ടപ്പന, തൊടുപുഴ, കീരിക്കര, മ്ലാമല, ചെങ്കര, ഇടുക്കി, ഉപ്പുതോട്, കരിമ്പൻ, വിമലഗിരി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, ചപ്പാത്ത്, ഉപ്പുതറ, ഡൈമുക്ക് എന്നിവിടങ്ങളിൽനിന്നെല്ലാം ഒാഫ് റോഡ് അംഗങ്ങൾ സഹായവുമായി എത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story