കോന്നി ആനത്താവളത്തിലെ ആനകൾക്ക് റേഷൻ മുടങ്ങി

05:44 AM
17/04/2018
കോന്നി: കോന്നി ആനത്താവളത്തിലെ ആനകൾക്ക് വിഷു ദിനം മുതൽ റേഷൻ മുടങ്ങി. ഫണ്ടില്ലാത്തതുമൂലം പ്രിയദർശിനി, ഇവ, മീന, സുരേന്ദ്രൻ, കൃഷ്ണ, പിഞ്ചു എന്നീ ആനകളുടെ പതിവുറേഷനാണ് മുടങ്ങിയിരിക്കുന്നത്. ആനകൾക്കുള്ള ഭക്ഷണ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്ന കടയിൽ കടബാധ്യത ലക്ഷങ്ങൾ ആയതോടെ വിൽപനക്കാരൻ വിഷു ദിനം മുതൽ സാധനങ്ങൾ കൊടുക്കാതെയായി. ഇത് ആദ്യമായാണ് ആനത്താവളത്തിലെ ആനകളുടെ റേഷൻ മുടങ്ങുന്നത്. കൃഷ്ണക്ക് ഒരു ദിവസം രണ്ടു കിലോ അരി, ഒരു കിലോ ചെറുപയർ, രണ്ടു കിലോ ഗോതമ്പും പഞ്ഞിപ്പുല്ലും ചേർത്ത് വേവിച്ച് ഒരു നേരം നൽകും. പ്രിയദർശിനിക്ക് -മൂന്ന് കിലോ നവധാന്യവും സുരേന്ദ്രനും ഇവക്കും എട്ടു കിലോ വീതവും മീനക്ക് ആറുകിലോ നവധാന്യവുമാണ് എല്ലാ ദിവസവും രാവിലെ റേഷനായി നൽകുന്നത്. ഇത് മുടങ്ങിയതോടെ ദിവസവും രാവിലെ മുതൽ തീറ്റപ്പുല്ല് മാത്രമാണ് നൽകുന്നത്. ഇപ്പോഴത്തെ പുല്ല് ഇളം പുല്ലായതിനാൽ ആനകൾ തീറ്റെയെടുക്കുന്നുമില്ല. മണ്ണീറയിൽ വനം സംരക്ഷണ സമിതി നട്ടുവളർത്തുന്ന പുല്ല് വനം വകുപ്പ് പണം നൽകി വാങ്ങിയാണ് കോന്നി ആനത്താവളത്തിലെ ആനകൾക്ക് എത്തിക്കുന്നത്. ഇപ്പോൾ പുല്ല് തിന്നാതായതോടെ ഇത് തൊട്ടടുത്ത ദിവസം നശിപ്പിച്ചു കളയുകയാണ്. ഒാരോ ദിവസവും പതിനായിരക്കണക്കിന് രൂപ ഇക്കോ ടൂറിസത്തിലൂടെ വനം വകുപ്പിന് ലഭിക്കുേമ്പാഴാണ് ആനകൾ പട്ടിണി കിടക്കുന്നത്.
Loading...
COMMENTS