പട്ടിക വിഭാഗങ്ങളോട്​ നീതി നിഷേധം: ഡൽഹിയിൽ സമരമുഖം തുറക്കാൻ കെ.പി.എം.എസ്​

05:44 AM
17/04/2018
തൊടുപുഴ: പട്ടിക വിഭാഗങ്ങളോടുള്ള ഭരണകൂട-നീതിന്യായ സ്ഥാപനങ്ങളുടെ നീതി നിഷേധത്തിനെതിരെയും ഈ വിഭാഗങ്ങൾക്കെതിരെ ഭരണകൂട പിന്തുണയോടെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും നടക്കുന്ന സമരങ്ങൾ ഡൽഹിയിലാക്കാൻ കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ ഭരണഘടന പരിരക്ഷകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രം രാജ്യതലസ്ഥാനമായത് കൊണ്ടാണ് ഡൽഹിയിലേക്ക് സമരമുഖം മാറ്റാൻ സമ്മേളനം തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു. സ്വകാര്യ മേഖലയിൽ സംവരണത്തിനായി നിയമം നിർമിക്കണമെന്ന ആവശ്യം ശക്തമാക്കാനും തീരുമാനിച്ചാണ് സമ്മേളനം സമാപിച്ചത്. സ്വകാര്യ മേഖലയിലെ സംവരണം പ്രക്ഷോഭത്തിലൂടെയേ നേടിയെടുക്കാനാകൂ എന്നും ഇതിന് ദലിത്-പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭത്തിന് തയാറെടുക്കണമെന്നും 'സാമ്പത്തിക സംവരണവും സാമൂഹിക നീതിയും' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ പറഞ്ഞു. സംവരണം സാമൂഹിക ശാക്തീകരണത്തിനാണെന്നും അത് ഒരു തൊഴിൽദാന പദ്ധതിയെല്ലന്നും സാമ്പത്തിക സംവരണ വാദികൾ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. എം.ബി. മനോജ് മോഡറേറ്ററായിരുന്നു. പുന്നല ശ്രീകുമാർ, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. ഷെറി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഡോ. അനിൽ അമര സ്വാഗതവും സുജ സതീഷ് നന്ദിയും പറഞ്ഞു.
COMMENTS