കുളനട പ്രാഥമികാരോഗ്യ കേന്ദ്രം പുനരുജ്ജീവനത്തിന് പദ്ധതി തയാറാകുന്നു

05:35 AM
13/09/2017
പന്തളം: തുടർച്ചയായ അവഗണനയിൽ പിന്തള്ളപ്പെട്ട കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുനരുജ്ജീവനത്തിന് പദ്ധതി തയാറാകുന്നു. മാസ്റ്റർ പ്ലാൻ തയാറാക്കി മുൻഗണനാടിസ്ഥാനത്തിൽ നിർമാണപ്രവൃത്തി നടത്തി ആശുപത്രിയെ രക്ഷിക്കാനാണ് വീണ ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. കുളനട പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്താണ് യോഗം വിളിച്ചുചേർത്തത്. ഒരേക്കർ എട്ടുസ​െൻറ് സ്ഥലമുള്ള സർക്കാർ ആശുപത്രിയാണ് കുളനടയിലേത്. സ്ഥലത്തി​െൻറ ഭൂരിഭാഗവും കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. ഒരുകാലത്ത് പോസ്റ്റ്മോർട്ടം യൂനിറ്റുവരെ ഉണ്ടായിരുന്ന കേന്ദ്രമായിരുന്നു ഇവിടം. പഴയ ആശുപത്രിയിൽ ഇപ്പോഴുള്ളത് പഴക്കംചെന്ന് ചോർന്നൊലിച്ചും തകർന്നുവീഴാറായതുമായ കെട്ടിടം. മുന്നൂറിലധികം രോഗികൾ ദിവസേന എത്തുന്ന ആശുപത്രിയിൽ നിന്നുതിരിയാനിടമില്ല. കിടത്തിച്ചികിത്സക്ക് പണിത കെട്ടിടവും വാങ്ങിയ ആശുപത്രി ഉപകരണങ്ങളും ഉപയോഗശൂന്യമായി. കെട്ടിടം ഒഴിച്ചുള്ള ഭാഗം കാടുവളർന്ന് നിൽക്കുന്നു. കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ പരാധീനതകൾക്ക് പരിഹാരം കാണാൻ മാസ്റ്റർപ്ലാൻ തയറാക്കുമെന്ന് വീണ ജോർജ് എം.എൽ.എ പറഞ്ഞു. രണ്ടുമാസത്തിനകം മാസ്റ്റർ പ്ലാൻ തയാറാക്കാൻ യോഗത്തിൽ ധാരണയായി. ഇതിനായി ജനപ്രതിനിധികളും ആശുപത്രി വികസനസമിതി അംഗങ്ങളും ഉൾപ്പെടുന്ന സമിതിയെ െതരഞ്ഞെടുത്തു. ആശുപത്രിയിൽ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് മെഡിക്കൽ ഓഫിസർ രൂപരേഖ തയാറാക്കും. ആശുപത്രിയിൽ വേണ്ട ജീവനക്കാരുടെ എണ്ണം ഡി.എം.ഒ സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. തങ്കമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കുളനട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശോഭ അച്യുതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാധാമണി, രേഖ അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ആർ. മോഹൻദാസ്, കെ.ആർ. ജയചന്ദ്രൻ, സതി എം. നായർ, സജി പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
COMMENTS