Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:07 AM IST Updated On
date_range 21 Oct 2017 11:07 AM ISTകോട്ടയം മെഡിക്കൽ കോളജിൽ 44ാം വൃക്കമാറ്റിവെക്കലും വിജയകരം
text_fieldsbookmark_border
ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ 44ാമത്തെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരം. റാന്നി കുമ്പളാത്തമൺ വേണാട്ടൂർ വി.ജെ. ജയകുമാറിനാണ് (48) വൃക്കമാറ്റിവെച്ചത്. കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച എറണാകുളം വൈറ്റില സ്വദേശി ബിനുകൃഷ്ണയുെട (34) വൃക്കയാണ് പിടിപ്പിച്ചത്. ബിനുവിനെ കഴിഞ്ഞ 14ന് രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പിന്നീട് സ്ട്രോക് വന്ന് ഗുരുതരാവസ്ഥയിലായി. വ്യാഴാഴ്ച രാത്രി ഏഴിന് മസ്തിഷ്കമരണം സംഭവിച്ച വിവരം അറിഞ്ഞയുടൻ അവയവദാനത്തിന് തയാറാണെന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു. നെഫ്രോളജി വിഭാഗം നോഡൽ ഒാഫിസറും കോട്ടയം മെഡിക്കൽ കോളജിലെ വൃക്കരോഗവിഭാഗം മേധാവിയുമായ ഡോ. കെ.പി. ജയകുമാർ അവയവദാന കോഒാഡിനേറ്റർ ജിമ്മി ജോർജിനെ അറിയിച്ചതിനെത്തുടർന്ന് അടിയന്തരമായി ഒ പോസിറ്റീവ് ഗ്രൂപ് വൃക്ക ആവശ്യമുള്ള രോഗികളുടെ ലിസ്റ്റ് പരിശോധിച്ചു. മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തുടർച്ചയായി ഡയാലിസിസിന് വിധേയനാകുന്ന ജയകുമാറിന് മുൻഗണനയുണ്ടെന്ന് കണ്ടെത്തിയതോടെ രാത്രി വിളിച്ചുവരുത്തി. വിവിധ പരിശോധനകൾ അടിയന്തരമായി നടത്തുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ കോട്ടയത്തുനിന്നുള്ള ഡോക്ടർമാരുടെ സംഘം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലേക്ക് പുറപ്പെട്ടു. വൈകീട്ട് 3.20ന് പൊലീസ് സഹായത്തോടെ കൊച്ചിയിൽനിന്ന് വൃക്കയുമായി പുറപ്പെട്ട സംഘം 4.30ഒാടെ മെഡിക്കൽ കോളജിൽ എത്തി. തുടർന്ന് ഡോ. കെ.പി. ജയകുമാർ, യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ട്, അനസ്തേഷ്യ മേധാവി ഡോ. മുരളികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തീകരിച്ചു. ഹൃദ്രോഗ ചികിത്സയിലൂടെ പ്രശംസനേടിയ കോട്ടയം മെഡിക്കൽ കോളജ് കേരളത്തിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഏറ്റവും കൂടുതൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രനേട്ടം കൈവരിക്കുകയാണ്. ബിനുകൃഷ്ണയുടെ ഹൃദയം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story