Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 8:21 PM IST Updated On
date_range 11 May 2017 8:21 PM ISTമൂന്നാർ: വലിയ കൈയേറ്റക്കാരന് കളമൊരുക്കിയത് ഉദ്യോഗസ്ഥർ; വി.എസും ഉമ്മൻ ചാണ്ടിയും കണ്ണടച്ചു
text_fieldsbookmark_border
തൊടുപുഴ: മൂന്നാറിൽ ഏറ്റവും കൂടുതൽ ഭൂമി കൈയേറിയ വ്യക്തിയെന്ന് റവന്യൂമന്ത്രി പറഞ്ഞ പ്രാർഥന ഗ്രൂപ് മേധാവി ടോം സക്കറിയക്ക് സംരക്ഷണം ഒരുക്കിയത് അതത് കാലത്തെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും. സക്കറിയയും കൂട്ടരും കൈയേറിയ പാപ്പാത്തിച്ചോലയിൽ സ്പിരിച്വൽ ടൂറിസം പദ്ധതി നടപ്പാക്കാൻ ഒത്താശ ചെയ്തതും എം.എൽ.എ അടക്കം ഭരണപക്ഷം. വി.എസിെൻറ കാലത്തും തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴുമൊക്കെ ഉണ്ടായ കൈയേറ്റമാണ് ഇപ്പോൾ റവന്യൂവകുപ്പ് തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടതോടെ പുറത്തായത്. സ്പിരിറ്റ് ഇൻ ജീസസ് പ്രാർഥന ഗ്രൂപ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവും കൂടുതൽ കൈയേറ്റ ഭൂമിയുള്ളതെന്ന് ബുധനാഴ്ചയാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചത്. മൂന്നാർ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമിയിൽ കൂറ്റൻ കുരിശ് സ്ഥാപിച്ചായിരുന്നു കൈയേറ്റം. ചിന്നക്കനാൽ വില്ലേജിൽ 500 ഏക്കർ ഭൂമി വെള്ളൂക്കുന്നേൽ ടോം സക്കറിയയും കുടുംബവും കൈയേറിയെന്നാണ് ഉടുമ്പൻചോല തഹസിൽദാറുടെ റിപ്പോർട്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും അടൂർ പ്രകാശ് റവന്യൂ മന്ത്രിയുമായിരിക്കെ 2014 ജൂൺ 26ന് അന്നത്തെ ഇടുക്കി കലക്ടർക്കു കൈമാറിയ റിപ്പോർട്ടിലും ഇൗ വിവരമുണ്ട്. മൂന്നാറിൽ വി.എസിെൻറ കാലത്ത് ഒഴിപ്പിക്കൽ നടന്നപ്പോഴും സക്കറിയയുടെ കൈയേറ്റം റിപ്പോർട്ട് ചെയ്തിരുന്നു. നോട്ടീസ് നൽകുകയും ചെയ്തു. അന്ന് പക്ഷേ ‘കുരിശ്’ പേടിച്ച് ഉദ്യോഗസ്ഥർ നടപടിക്ക് മുതിർന്നില്ല. ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയതാണെന്ന കെണ്ടത്തൽ ലാൻഡ് റവന്യൂ കമീഷണർ സ്ഥിരീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തഹസിൽദാറുടെ റിപ്പോർട്ടിൽ ടോം സക്കറിയയും 14 കുടുംബാംഗങ്ങളുമാണ് ഭൂമി കൈയേറിയതെന്നും വ്യക്തമാക്കുന്നു. പ്രാഥമികമായി കണ്ടെത്തിയ 500 ഏക്കറിൽ ഏലത്തോട്ട പട്ടയം, 1964ലെ ഭൂമിപതിവ് നിയമപ്രകാരമുള്ള പട്ടയം, 1993ലെ സ്പെഷൽ റൂൾസ് പട്ടയം എന്നിവ കൂടാതെ വ്യാജപട്ടയങ്ങളുടെ മറവിൽ കൈവശം വെച്ചിട്ടുള്ളതോ കൈയേറിയതോ ആയ ഭൂമിയും ഉൾപ്പെടുന്നു. ഇതിനെതിരെ നിയമ നടപടിയെടുക്കാൻ 2011 ഫെബ്രുവരിയിൽ ജില്ല കലക്ടർ അഡീഷനൽ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ സംഘത്തെ നിയോഗിച്ചെങ്കിലും മുന്നോട്ട് പോയില്ല. ടോം സക്കറിയയുമായി അടുത്ത ബന്ധമുള്ള പ്രാദേശിക സി.പി.എം നേതാവാണ് ചിന്നക്കനാലിലെ കൈയേറ്റങ്ങൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചത്. ചിന്നക്കനാലിൽ ചോലവനങ്ങളും മലകളും കൈയേറ്റക്കാർ സ്വന്തമാക്കിയപ്പോൾ അന്ന് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. സ്പിരിച്വൽ ടൂറിസം നടപ്പാക്കാൻ രൂപം കൊടുത്ത ട്രസ്റ്റുമായും ചില സി.പി.എം നേതാക്കൾക്ക് അടുത്ത ബന്ധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story